Paramekkavu Fireworks: പാറമേക്കാവിന്റെ പ്രതിനിധി പരീക്ഷ പാസായി; വെടിക്കെട്ടിന് അനുമതി നൽകി എഡിഎം
ADM Gives Permission for Paramekkavu Fireworks: പെസോ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കണമെന്നുള്ള നിർദേശത്തോടെയാണ് വെടിക്കെട്ടിന് എഡിഎം അനുമതി നൽകിയിരിക്കുന്നത്. തേക്കിൻകാട് മൈതാനത്തിൽ വെച്ചാണ് ഇരുവിഭാഗത്തിന്റെയും വേല വെടികെട്ടുകൾ നടക്കുക.
തൃശൂർ: പാറമേക്കാവ് വേല വെടിക്കെട്ടിന് തൃശൂർ എഡിഎം അനുമതി നൽകി. നാളെ (ജനുവരി 3) പാറമേക്കാവിൽ വെടിക്കെട്ടോടെ വേല ആഘോഷം നടക്കും. പെസോ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കണമെന്നുള്ള നിർദേശത്തോടെയാണ് വെടിക്കെട്ടിന് എഡിഎം അനുമതി നൽകിയിരിക്കുന്നത്. അതേസമയം, ജനുവരി അഞ്ചിന് നടക്കുന്ന തിരുവമ്പാടി വേലയുടെ വെടിക്കെട്ടിനുള്ള അനുമതിയും തേടിയിട്ടുണ്ട്. ഇതിന് നാളെ അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. തേക്കിൻകാട് മൈതാനത്തിൽ വെച്ചാണ് ഇരുവിഭാഗത്തിന്റെയും വേല വെടികെട്ടുകൾ നടക്കുക.
നേരത്തെ എഡിഎം വെടിക്കെട്ടിന് അനുമതി നിഷേധിച്ചതോടെ തൃശൂർ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, വെടിക്കെട്ടിന് അപേക്ഷ ലഭിച്ചാൽ ഉടൻ തന്നെ വിഷയത്തിൽ തീരുമാനമെടുക്കണമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി എഡിഎമ്മിന് നിർദേശം നൽകി. ഇതോടെയാണ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വെടിക്കെട്ട് നടത്താൻ എഡിഎം അനുമതി നൽകിയത്. ഭക്തരുടെ വിശ്വാസത്തെ മാനിച്ചുകൊണ്ടും, ആചാര സംരക്ഷണത്തിനും വേണ്ടിയാണ് അനുമതി നൽകുന്നതെന്ന് എഡിഎമ്മിന്റെ അനുമതി പത്രത്തിൽ വ്യക്തമാക്കുന്നു.
പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ഹൈക്കോടതിയെ സമീപിച്ചപ്പോൾ പെസോയുടെ മാർഗനിർദേശങ്ങൾ പാലിക്കണം എന്നും, പെസോയുടെ പരീക്ഷ പാസായ ഒരു സർട്ടിഫൈഡ് ആയിട്ടുള്ള ആളെ കൊണ്ടുവരികയാണെങ്കിൽ അനുമതി നൽകാം എന്നും കോടതി ആദ്യം അറിയിച്ചിരുന്നു. ഇത് പ്രകാരം പാറമേക്കാവിന്റെ പ്രതിനിധി ഫയർ ഡിസ്പ്ലേ ഓഫീസറായി പരീക്ഷ പാസായി. ഇതോടെയാണ് എഡിഎം വെടിക്കെട്ടിനുള്ള അനുമതി നൽകിയത്.
ALSO READ: നിമിഷപ്രിയയുടെ വധശിക്ഷ; വിഷയത്തിൽ ഇടപെട്ട് സഹായം നൽകാൻ തയ്യാറാണെന്ന് ഇറാൻ
വെടിക്കെട്ട് രാത്രി 12.30നും 2 മണിക്കും ഇടയിൽ വേണം നടത്താൻ. 100 മീറ്റർ ചുറ്റളവിൽ ബാരിക്കേഡ് കെട്ടി ആളുകളെ തടയണം. ഗുണ്ട്, അമിട്ട്, കുഴിമിന്നൽ എന്നിവയുടെ ഉപയോഗം അരുത്. പെസോ നിർദ്ദേശിച്ചിട്ടുള്ള ഓല പടക്കങ്ങൾ ഉപയോഗിക്കാം. ഇതിന് പുറമെ വെടിക്കെട്ടിന്റെ വീഡിയോ ഫോണിലോ ക്യാമറയിലോ പകർത്തിയ ശേഷം, ഇതിന്റെ എഡിറ്റ് ചെയ്യാത്ത പതിപ്പ് മൂന്ന് ദിവസത്തിനുള്ളിൽ എഡിഎമ്മിന്റെ ഓഫീസിൽ ഹാജരാക്കണം എന്നും ഉത്തരവിൽ പറയുന്നു.
അതേസമയം, ഞായറാഴ്ച നടക്കാനിരിക്കുന്ന തിരുവമ്പാടി വേലയുടെ വെടിക്കെട്ടിന് അനുമതി തേടുന്നതിന് ആവശ്യമായുള്ള രേഖകൾ ദേവസ്വം ബോർഡ് ഇന്നലെ എഡിഎമ്മിന് സമർപ്പിച്ചിട്ടുണ്ട്. ജനുവരി അഞ്ചിന് രാത്രി നായ്ക്കനാലിലെ പഞ്ചവാദ്യത്തിന് ശേഷമായിരിക്കും തിരുവമ്പാടി വെടിക്കെട്ട് നടക്കുക. ഇപ്പോൾ എഡിഎം നൽകിയ അനുമതി വേല വെടിക്കെട്ടിന് മാത്രമാണ് ബാധകം. തൃശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കേന്ദ്ര നിയമത്തിലെ ഭേദഗതികൾ പ്രകാരം എങ്ങനെ പൂരം വെടിക്കെട്ട് നടത്തുമെന്നതിനെ കുറിച്ചുള്ള ആലോചനയിൽ ആണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ.