ADGP MR Ajithkumar: എഡിജിപിയെ മാറ്റി; ക്രമസമാധന ചുമതല മനോജ് എബ്രഹാമിന്
Ajith Kumar has been Removed: എഡിജിപിക്കെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയതിന് പിന്നാലെ ക്ലിഫ് ഹൗസില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് തീരുമാനമുണ്ടായത്.
തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെ (ADGP MR Ajithkumar) നീക്കി. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി. പകരം ചുമതല എഡിജിപി മനോജ് എബ്രഹാമിന്. പോലീസ് ബറ്റാലിയന്റെ ചുമതലയില്‍ അജിത് കുമാര്‍ തുടരും. അജിത് കുമാറിനെ സായുധ പോലീസ് ബറ്റാലിയനിലേക്കാണ് മാറ്റിയത്. മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയിലേക്ക് മാറ്റുമ്പോള്‍ പകരം ഇന്റലിജന്‍സ് എഡിജിപിയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് തിങ്കഴാഴ്ച ഇറങ്ങും.
എഡിജിപിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങളില്‍ സംസ്ഥാന പോലീസ് മേധാവിയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും അന്വേഷിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. എഡിജിപിക്കെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയതിന് പിന്നാലെ ക്ലിഫ് ഹൗസില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് തീരുമാനമുണ്ടായത്.
രാത്രിയാണ് എംആര്‍ അജിത് കുമാറിനെതിരായി നടപടിയെടുത്തുകൊണ്ടുള്ള ഉത്തരവിറങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടേറിയേറ്റിലെത്തി രാത്രിയാണ് മടങ്ങിയത്. ഡിജിപി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച ഉള്‍പ്പെടെ പ്രതിപാദിച്ചിരുന്നു. ആര്‍എസ്എസ് നേതാക്കളെ കണ്ട വിഷയത്തിലുള്ള എഡിജിപിയുടെ വിശദീകരണം ഡിജിപി തള്ളി.
കൂടാതെ പിവി അന്‍വര്‍ എംഎല്‍എ ആരോപിച്ച റിദാന്‍, മാമി കേസുകളില്‍ പോലീസിന് വീഴ്ചയുണ്ടായെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. റിദാന്‍ കേസില്‍ അന്തിമ റിപ്പോര്‍ട്ടില്‍ അന്വേഷണ സംഘത്തിന് വീഴ്ച സംഭവിച്ചു. മാമി തിരോധാന കേസിന്റെ ആദ്യ ഘട്ടത്തില്‍ അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്നുമാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഈ രണ്ട് കേസുകളും ക്രൈംബ്രാഞ്ചിന് കൈമാറി.
അതേസമയം, അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റിയ നടപടിയില്‍ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐയുടെ ആവശ്യം നിറവേറ്റപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് നേതാക്കളെ എഡിജിരി കണ്ട സമയത്ത് തന്നെ പറഞ്ഞതാണ് അദ്ദേഹത്തെ മാറ്റണമെന്ന്. ഇപ്പോള്‍ എടുത്തത് ഉചിതമായ നടപടി. നടപടി വൈകിയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമാണിതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നോക്കി കാണുന്നത് ഇടതുപക്ഷ നയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കടപ്പെട്ട സര്‍ക്കാരായാണ്. ആ സര്‍ക്കാരിന് ഒരു അടിത്തറയുണ്ട്, ആര്‍എസ്എസ് രാഷ്ട്രീയത്തിന്റെ മറുഭാഗത്താണ് പാര്‍ട്ടിയുള്ളത്. അങ്ങനെയൊരു സര്‍ക്കാരിലെ പ്രധാന ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്‍ ദുരൂഹമായ കാരണങ്ങളാല്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതായി പുറത്തു വരുമ്പോള്‍ ആ വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മറുപടി പറയേണ്ടതുണ്ട്. ആ മറുപടിയാണ് ഈ മാറ്റം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also Read: ADGP Ajith Kumar: ഇനി ദൈവം തന്നെ ശരണം! ക്ഷേത്രങ്ങളിൽ ശത്രുസംഹാര പൂജ നടത്തി എഡിജിപി എം.ആർ അജിത് കുമാർ
പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് തൃശൂര്‍ പൂരം കലങ്ങിയതിലെ പങ്കും ആര്‍എസ്എസ് നേതാവുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ചയും വെളിപ്പെടുത്തിയിരുന്നത്. ഇതിനുപിന്നാലെ വിഷയം സിപിഐ നേതൃത്വം സിപിഐ ഉള്‍പ്പെടെ ഏറ്റെടുക്കുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സിപിഐ സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍കുമാറിന്റെ തോല്‍വിക്ക് ഈ വിഷയം കാരണമായെന്ന ആരോപണം സിപിഐ ഉയര്‍ത്തിയിരുന്നു. സിപിഐ നിലപാട് വ്യക്തമാക്കിയിട്ടും എഡിജിപി സ്ഥാനത്ത് നിന്ന് എംആര്‍ അജിത്കുമാറിനെ മാറ്റത്തില്‍ സിപിഐ പലതവണ അതൃപ്തി രേഖപ്പെടുത്തിയിട്ടുമുണ്ടായിരുന്നു.