Food Poison : കാസര്‍കോട് സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ക്യാമ്പില്‍ ഭക്ഷ്യവിഷബാധ; 46 വിദ്യാര്‍ത്ഥികള്‍ ചികിത്സയില്‍
Food Poison in Kasaragod : രാത്രിയില്‍ നല്‍കിയ ചിക്കന്‍ കറിയിലും, പിറ്റേന്ന് രാവിലെ ചപ്പാത്തിക്ക് നല്‍കിയ കടലക്കറിയിലും രുചിവ്യത്യാസം അനുഭവപ്പെട്ടതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്യാമ്പ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയതിന് ശേഷമാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സ്‌കൂളില്‍ ക്യാമ്പ് നടന്നുവരികയായിരുന്നു
കാസര്‍കോട്: ചായ്യോത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. 46 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പല കുട്ടികള്‍ക്കും വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. രാത്രിയില്‍ നല്‍കിയ ചിക്കന്‍ കറിയിലും, പിറ്റേന്ന് രാവിലെ ചപ്പാത്തിക്ക് നല്‍കിയ കടലക്കറിയിലും രുചിവ്യത്യാസം അനുഭവപ്പെട്ടതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്യാമ്പ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയതിന് ശേഷമാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സ്‌കൂളില്‍ ക്യാമ്പ് നടന്നുവരികയായിരുന്നു.
സ്‌കൂളിന് സമീപത്തെ ഹോട്ടലില്‍ നിന്നാണ് ഭക്ഷണം എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. കാഞ്ഞങ്ങാട് ലോക്കല്‍ അസോസിയേഷന് കീഴിലെ വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. 240 കുട്ടികള്‍ ക്യാമ്പിലുണ്ടായിരുന്നു. 27, 28, 29 തീയതികളിലാണ് ക്യാമ്പ് നടന്നത്.
Read Also : എൻസിസി ക്യാമ്പിലെത്തി സൈനീക ഓഫീസറെ മർദ്ദിച്ചു; രണ്ട് പേർ അറസ്റ്റിൽ
ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഇത് രണ്ടാമത്തെ ഭക്ഷ്യവിഷബാധയാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 23ന് തൃക്കാക്കര കെഎംഎം കോളേജിലെ എൻസിസി ക്യാമ്പിൽ കേഡറ്റുകൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. 518 കെഡറ്റുകളാണ് ക്യാമ്പില്‍ പങ്കെടുത്തത്. ഇതില്‍ 283 ആണ്‍കുട്ടികളും 235 പെണ്‍കുട്ടികളും ഉണ്ടായിരുന്നു. ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലെത്തിച്ചത് നൂറോളം പേരെയാണ്. പിന്നീട് എല്ലാവരും ആശുപത്രി വിട്ടു.
വെള്ളത്തില്‍ നിന്നാണ് വിഷബാധയുണ്ടായതെന്ന് സംശയിക്കുന്നു. തുടര്‍ന്ന് നഗരസഭ, ആരോഗ്യ വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, ജില്ലാ ദുരന്ത നിവാരണം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബ്രിഗേഡിയർ എൻസിസി ഗ്രൂപ്പ് കമാൻഡർ ജി.സുരേഷ് കൊല്ലത്തിന്റെ നേതൃത്വത്തിലുള്ള ടീമിനെ നിയോഗിച്ചിരുന്നു.
സംഭവത്തില്‍ പൊലീസും അന്വേഷണം നടത്തി. വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതില്‍ രക്ഷിതാക്കള്‍ പ്രതിഷേധിച്ചു. അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിയെ ചുമതലപ്പെടുത്തിയതായി മന്ത്രി ആർ ബിന്ദു അറിയിച്ചിരുന്നു.
അതേസമയം, ഭക്ഷ്യവിഷബാധയെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. എൻസിസി ഓഫീസറെ മർദ്ദിച്ചെന്ന പരാതിയിലാണ് രണ്ട് പേര്‍ പിടിയിലായത്. കേരള 21 എൻസിസി ബറ്റാലിയൻ അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ലെഫ്റ്റനന്‍റ് കർണയിൽ സിംഗിനെ മര്‍ദ്ദിച്ച കേസില്‍ പള്ളുരുത്തി സ്വദേശി നിഷാദ്, ഫോർട്ട്കൊച്ചി സ്വദേശി നവാസ് എന്നിവരാണ് പിടിയിലായത്.
സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. പ്രതികളെ പിടികൂടാത്തതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ഇരുവരും പിടിയിലായി. നിഷാദും, നവാസും ക്യാമ്പില്‍ പങ്കെടുത്ത കേഡറ്റുകളുടെ രക്ഷിതാക്കളാണ്. പ്രതികളെ അവരവരുടെ വീടുകളില്‍ നിന്നാണ് അന്വേഷണസംഘം പിടികൂടിയത്. സൈനികര്‍ ഉദ്യോഗസ്ഥര്‍ ഇരുവരെയും തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് പൊലീസ് രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
സെെനിക ഉദ്യോഗസ്ഥനെ ആക്രമിച്ചെന്ന പരാതിക്ക് പിന്നാലെ ഇരുവര്‍ക്കുമെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. രാത്രിയില്‍ കോളേജിലെത്തി കര്‍ണയില്‍ സിംഗിനെ ആക്രമിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു. മൂര്‍ച്ചയേറിയ വസ്തു ഉപയോഗിച്ച് ആക്രമിച്ചെന്നും എഫ്‌ഐആറിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പ്രതികള്‍ക്കെതിരെ കേസുണ്ട്.