Devaswom Board Temples: ദേവസ്വം ക്ഷേത്രങ്ങള്‍ക്ക് എട്ടുവര്‍ഷത്തിനിടെ നല്‍കിയത് 395 കോടി; കണക്ക് പുറത്തുവിട്ട് സര്‍ക്കാര്‍
395 Crore Given by the Government to Devaswom: ശബരിമല പ്രക്ഷോഭം നടന്ന സമയത്തും നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്തും സര്‍ക്കാരിനെതിരെ സംഘപരിവാര്‍ ഉയര്‍ത്തിയ ആയുധമായിരുന്നു ക്ഷേത്രവിഷയം. സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി ഈ തുക ചെലവഴിച്ചുവെന്നായിരുന്നു പ്രധാന ആരോപണം.
തിരുവനന്തപുരം: സംസ്ഥാനത്ത് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ക്ക് കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ നല്‍കിയ തുകയുടെ കണക്ക് പുറത്തുവിട്ട് സര്‍ക്കാര്‍. 395 കോടി രൂപയാണ് സര്‍ക്കാര്‍ ഇതുവരെ നല്‍കിയത്. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ പണം സര്‍ക്കാര്‍ വകമാറ്റുന്നുവെന്ന സംഘപരിവാര്‍ ആരോപണത്തിന് പിന്നാലെയാണ് നിയമസഭയില്‍ കണക്കുകള്‍ അവതരിപ്പിച്ചത്. ക്ഷേത്രങ്ങളുടെ പരിപാലനത്തിനും നടത്തിപ്പിനും സര്‍ക്കാര്‍ വിവിധ ദേവസ്വങ്ങള്‍ക്ക് കോടികള്‍ നല്‍കിയെന്ന് സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു.
ശബരിമല പ്രക്ഷോഭം നടന്ന സമയത്തും നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്തും സര്‍ക്കാരിനെതിരെ സംഘപരിവാര്‍ ഉയര്‍ത്തിയ ആയുധമായിരുന്നു ക്ഷേത്രവിഷയം. സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി ഈ തുക ചെലവഴിച്ചുവെന്നായിരുന്നു പ്രധാന ആരോപണം. എന്നാല്‍ പണം അങ്ങോട്ട് നല്‍കുകയാണ് ഉണ്ടായതെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ പറഞ്ഞു.
എട്ട് വര്‍ഷത്തിനിടെ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ക്കായി 394.99 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. തിരുവിതാംകൂര്‍ ദേവസ്വത്തിന് മാത്രം 144 കോടി രൂപയാണ് നല്‍കിയത്. കൊച്ചില്‍ ദേവസ്വം ബോര്‍ഡിന് 26 കോടി രൂപ. മലബാര്‍ ദേവസ്വം ബോര്‍ഡിന് 223 കോടി രൂപ, കൂടല്‍മാണിക്യം 15 ലക്ഷം രൂപ എന്നിങ്ങനെയാണ് സര്‍ക്കാര്‍ പണം നല്‍കിയത്.
Also Read: Kerala Rain Alert: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
ഇതുമാത്രമല്ല, ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഉന്നതാധികാര സമിതിക്ക് 77.99 കോടി രൂപയും അനുവദിച്ചിരുന്നു. എല്ലാ ശബരിമല മണ്ഡലകാലത്ത് പോലീസ്, ആരോഗ്യം, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകള്‍ക്കും സര്‍ക്കാര്‍ തുക അനുവദിക്കാറുണ്ടെന്ന് നിയമസഭയില്‍ പറഞ്ഞു.