Viral News : കാറോടിക്കാൻ പിതാവ് അനുവദിച്ചില്ല; മലപ്പുറത്ത് മകൻ കാർ കാത്തിച്ച് ചാമ്പലാക്കി
Malappuram Kondotty Car Fire : വീടിൻ്റെ മുന്നിൽ നിർത്തിയിട്ടിരുന്ന കാറാണ് കാത്തിച്ച് ചാമ്പലാക്കിയത്. കേസ് അന്വേഷിച്ച പോലീസാണ് കാർ കത്തിച്ചതിൻ്റെ പിന്നിൽ കാറുടമയുടെ മകനാണെന്ന് കണ്ടെത്തിയത്.
മലപ്പുറം : വീട്ടിലെ കാർ ഓടിക്കാൻ പിതാവ് അനുവദിക്കാത്തതിന് മകൻ കാർ പെട്രോൾ ഒഴിച്ച് കത്തിച്ചു. മലപ്പുറത്ത് വീടിന് മുന്നിൽ നിർത്തിട്ടിരുന്ന കാർ കത്തിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊണ്ടോട്ടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് മകനെ പിടികൂടിയത്. സംഭവത്തിൽ കാറുടമയുടെ മകൻ കൊണ്ടോട്ടി സ്വദേശി, 21കാരനായ ഡാനിഷ് മിൻഹാജിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡാനിഷിൻ്റെ പിതാവ് നൽകിയ പരാതിയിലാണ് പോലീസ് നടപടി.
കൂട്ടുകാർക്കൊപ്പം പുറത്ത് പോകാൻ ഡാനിഷ് പിതാവിനോട് വീട്ടിലെ കാർ നൽകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലൈസെൻസില്ലാത്ത മകന് കാറ് നൽകാൻ പിതാവ് വിസമ്മതിക്കുകയും താക്കോൽ എടുത്ത് മാറ്റിവെക്കുകയും ചെയ്തു. ഇതിൻ്റെ ദേഷ്യത്തിലാണ് 21 തൻ്റെ സ്വന്തം വീട്ടിലെ കാർ കത്തിച്ച് ചാമ്പലാക്കിയത്.
വീട്ടിലുണ്ടായിരുന്ന ബൈക്കിൻ്റെ പെട്രോൾ ഊറ്റിയെടുത്താണ് ഡാനിഷ് കാർ കത്തിച്ചത്. കാർ പൂർണ്ണമായും കത്തി ചാമ്പലായി. കൂടാതെ കാർ നിർത്തിട്ടിരുന്ന വീടിൻ്റെ ഭാഗത്തും തീപിടുത്തത്തെ തുടർന്ന് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. പോലീസിൻ്റെ ചോദ്യം ചെയ്യലിലാണ് പ്രതി കാറുടമയുടെ മകനാണെന്ന് കണ്ടെത്തിയത്.