Viral video: സേലത്ത് ബസുകൾ കൂട്ടിയിടിച്ച് അപകടം, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ട വീഡിയോ നിമിഷനേരംകൊണ്ട് വൈറൽ
Watch a viral video of a road accident in Salem: ബസിൻ്റെ ഡ്രൈവർ കൃത്യസമയത്ത് ബ്രേക്ക് ചവിട്ടിയത് കൂട്ടിയിടിയുടെ തീവ്രത കുറച്ചു. സ്കിഡ് ചെയ്യുന്നതിനിടെ ബസ് ഒരു ബൈക്കിൽ ഇടിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
ചെന്നൈ: സേലം-ചെന്നൈ ദേശീയ പാതയിൽ വെള്ളാളഗുണ്ടത്തിന് സമീപം ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. അപകട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സേലം -ചെന്നൈ ദേശീയപാതയിൽ അമിതവേഗതയിൽ വന്ന സ്വകാര്യ ബസ് മറ്റൊരു ബസിൽ ഇടിക്കുന്ന ദൃശ്യമാണ് വൈറലായിരിക്കുന്നത്. ബസുകൾ കൂട്ടിയിടിക്കുമ്പോൾ 50 ഓളം യാത്രക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൻ്റെ ദൃശ്യങ്ങൾ ഡാഷ്‌ബോർഡ് ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ഞായറാഴ്ച ആറ്റൂരിൽ നിന്ന് സേലത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് സേലം-ചെന്നൈ ദേശീയപാതയിലൂടെ കടന്നുപോകുമ്പോൾ വെള്ളാലഗുണ്ടം ലിങ്ക് റോഡിൽ നിന്ന് വന്ന മറ്റൊരു ബസുമായി ഇടിക്കുകയായിരുന്നു. ലിങ്ക് റോഡിൽ നിന്ന് വന്ന ബസ് പെട്ടെന്ന് വലത്തോട്ട് തിരിഞ്ഞതാണ് കൂട്ടി ഇടിക്കാനുള്ള കാരണം.
ബസിൻ്റെ ഡ്രൈവർ കൃത്യസമയത്ത് ബ്രേക്ക് ചവിട്ടിയത് കൂട്ടിയിടിയുടെ തീവ്രത കുറച്ചു. സ്കിഡ് ചെയ്യുന്നതിനിടെ ബസ് ഒരു ബൈക്കിൽ ഇടിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ബൈക്ക് യാത്രികനും വീണെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തിൽ രണ്ട് ബസുകളിലെയും ഡ്രൈവർമാർക്കും ഒരു സഹായിക്കും പരിക്കേറ്റിട്ടുണ്ട്.
അപകടത്തെ തുടർന്ന് സേലം-ചെന്നൈ ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. വാഴപ്പാടി പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ രക്ഷപ്പെടുത്തുകയും ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.