Borewell Accident : കുഴല്‍ക്കിണറിലുണ്ട് ഒരു കുരുന്ന് ജീവന്‍; രാജസ്ഥാനില്‍ മൂന്ന് വയസുകാരി അപകടത്തില്‍പ്പെട്ടിട്ട് 20 മണിക്കൂര്‍; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
Borewell Accident In Rajasthan : 150 അടിയോളം താഴ്ചയിലാണ് കുട്ടി ഇപ്പോഴുള്ളത്. കുട്ടിയെ ക്യാമറയിലൂടെ നിരീക്ഷിക്കുന്നുണ്ട്. ഓക്‌സിജൻ പൈപ്പും കുഴൽക്കിണറിലേക്ക് ഇറക്കിയിട്ടുണ്ട്. സമീപത്ത് കുഴിയെടുത്ത് കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മണ്ണിലെ ഈര്‍പ്പം തിരിച്ചടിയായി
ജയ്പുര്‍: രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ കുടുങ്ങിയ മൂന്ന് വയസുകാരിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. കുട്ടി കുഴല്‍ക്കിണറില്‍ വീണിട്ട് 20 മണിക്കൂര്‍ പിന്നിട്ടു. രാജസ്ഥാനിലെ കോട്‌പുട്ട്‌ലി – ബെഹ്‌റോർ ജില്ലയിലെ കിരാത്പൂർ ഗ്രാമത്തിലാണ് 700 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് കുട്ടി വീണത്. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), പ്രാദേശിക ഭരണകൂടം എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം മികച്ച രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും കുട്ടിയെ പുറത്തെടുക്കാൻ എൻഡിആർഎഫ് ശ്രമിക്കുന്നുണ്ടെന്നും സബ് ഡിവിഷൻ മജിസ്‌ട്രേറ്റ് (എസ്ഡിഎം) ബ്രജേഷ് ചൗധരി അറിയിച്ചു.
എൻഡിആർഎഫ്, എസ്‌ഡിആർഎഫ് തുടങ്ങിയവ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. പെണ്‍കുട്ടിക്ക് താഴെയായി ഒരു റിങ് സ്ഥാപിച്ചിട്ടുണ്ട്. കുഞ്ഞിനെ ഉടന്‍ രക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷ. കുട്ടിയുടെ ആരോഗ്യനില മോശമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കുഴല്‍ക്കിണറിന് ചുറ്റുമുള്ള മണ്ണാണ് രക്ഷാപ്രവര്‍ത്തനത്തിലെ വെല്ലുവിളിയെന്ന് എസ്ഡിആര്‍എഫ് സബ് ഇൻസ്‌പെക്ടർ രവി കുമാർ പറഞ്ഞു. പെണ്‍കുട്ടിയുടെ അടുത്തെത്താന്‍ ശ്രമിക്കുന്നുണ്ട്. ചുറ്റും ധാരാം മണ്ണുള്ളതിനാലാണ് ഇതുവരെ രക്ഷിക്കാന്‍ കഴിയാത്തത്. പരമാവധി ശ്രമിക്കുന്നുണ്ടെന്നും, എത്ര സമയം എടുക്കുമെന്ന് അറിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രത്യേക ഉപകരണങ്ങളടക്കം സ്ഥാപിച്ചിട്ടുണ്ട്. മെഡിക്കല്‍ സംഘവും സ്ഥലത്തെത്തി. വെല്ലുവിളികള്‍ക്കിടയിലും കുട്ടിയെ രക്ഷപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. പിതാവിൻ്റെ കൃഷിയിടത്തിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ കുഴല്‍ക്കിണറിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
150 അടിയോളം താഴ്ചയിലാണ് കുട്ടി ഇപ്പോഴുള്ളത്. കുട്ടിയെ ക്യാമറയിലൂടെ നിരീക്ഷിക്കുന്നുണ്ട്. ഓക്‌സിജൻ പൈപ്പും കുഴൽക്കിണറിലേക്ക് ഇറക്കിയിട്ടുണ്ട്. സമീപത്ത് കുഴിയെടുത്ത് കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മണ്ണിലെ ഈര്‍പ്പം തിരിച്ചടിയായി.
Read Also : അരി മോഷ്ടിച്ചെന്ന ആരോപണം; ദളിത് യുവാവിനെ മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്നു
രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ കുഴൽക്കിണർ അപകടം
രാജസ്ഥാനില്‍ ഡിസംബര്‍ 12ന് അഞ്ച് വയസുള്ള ഒരു കുട്ടി ഇതുപോലെ കുഴല്‍ക്കിണറില്‍ വീണിരുന്നു. രക്ഷപ്പെടുത്തി പുറത്തെത്തിച്ചെങ്കിലും പിന്നീട് കുട്ടി മരിച്ചു. 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലാണ് അന്ന് കുട്ടി വീണത്. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് അന്ന് അപകടമുണ്ടായത്.
55 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ആണ് അന്ന് കുട്ടിയെ പുറത്തെടുക്കാനായത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലേക്കും മാറ്റി. എന്നാല്‍ പിന്നീട് മരിച്ചു. വയലിൽ കളിച്ചുകൊണ്ട് ഇരിക്കുന്നതിനിടെ ആണ് അഞ്ച് വയസുകാരൻ കുഴൽക്കിണറിലേക്ക് വീണത്.
അന്നും കുട്ടിയുടെ ചലനങ്ങള്‍ ക്യാമറയിലൂടെ നിരീക്ഷിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. പൈപ്പ് വഴി ഓക്‌സിജനും കുട്ടിക്ക് നല്‍കി. ആദ്യം ദിവസം കുട്ടിയെ പുറത്തെത്തിക്കാനായില്ല. പിറ്റേന്ന് കൂടുതല്‍ ഉപകരണങ്ങള്‍ എത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി.
ഒടുവില്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ കുട്ടിയെ പുറത്തെത്തിക്കാനായെങ്കിലും, അഞ്ച് വയസുകാരന്‍ പിന്നീട് മരിച്ചത് വേദനയായി മാറി. സെപ്തംബറിലും ഇതുപോലെ അപകടമുണ്ടായിരുന്നു. അന്ന് 35 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ രണ്ട് വയസുകാരിയാണ് വീണത്. ഏകദേശം 17 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷം കുട്ടിയെ പുറത്തെത്തിച്ചു. രാജസ്ഥാനില്‍ കുഴല്‍ക്കിണര്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്.