Liquor Policy Case: ‘എന്താണ് ഈ ന്യായം’; ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇഡിയെ വിമര്‍ശിച്ച് സുപ്രീം കോടതി; 5 മാസത്തിന് ശേഷം കെ.കവിതയ്ക്ക് ജാമ്യം
ഉപാധികളോടെയാണ് ജാമ്യം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും പത്ത് ലക്ഷം രൂപ വരെ ബോണ്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. തീഹാർ ജയിലിൽ കഴിയുന്ന കവിത ജാമ്യം ലഭിച്ച സാഹചര്യത്തിൽ ഉടനെ പുറത്തിറങ്ങുമെന്നാണ് വിവരം.
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ബി.ആർ.എസ് നേതാവും തെലുങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ.കവിതയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും പത്ത് ലക്ഷം രൂപ വരെ ബോണ്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. തീഹാർ ജയിലിൽ കഴിയുന്ന കവിത ജാമ്യം ലഭിച്ച സാഹചര്യത്തിൽ ഉടനെ പുറത്തിറങ്ങുമെന്നാണ് വിവരം. ജസ്റ്റിസ് ബി. ആർ. ഗവായ്, കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു കവിതയുടെ ഹർജി പരിഗണിച്ചത്. അതേസമയം കേസിൽ സിബിഐയും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റും പുലർത്തുന്ന സമീപനത്തെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.
‘വിചാരണയിൽ നീതി പുലർത്തണം, സ്വയം കുറ്റം സമ്മതിച്ചയാളെ സാക്ഷിയാക്കി! നാളെ നിങ്ങളുടെ ഇഷ്ടം പോലെ ആരെയെങ്കിലും പ്രതിയായി കൊണ്ടുവരുമോ? നിങ്ങള്‍ക്ക് ഇഷ്ടം പോലെ പ്രതിയെ തിരഞ്ഞെടുക്കാനാവില്ല. ഇത് എന്താണ് ന്യായം, വളരെ ന്യായവും ഔചിത്യബോധത്തോടെയുമാകണം’. കേസിലെ വാദത്തിനിടെ ജസ്റ്റിസ് ഗവായ് വിമർശിച്ചു.
2024 മാർച്ച് 15-നാണ് കവിതയെ ഇഡി അറസ്റ്റ് ചെയ്യുന്നത്. ഹൈദരാബാദിലെ ബന്‍ജാര ഹില്‍സിലുള്ള വസതിയില്‍നിന്നാണ് കവിതയെ കസ്റ്റഡിയിലെടുക്കുന്നത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ കവിതയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലെടുക്കാൻ ഉത്തരവായി. തുടർന്ന് ഡൽഹിയിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അഴിമതിയിൽ കവിതയ്ക്കെതിരെ സാക്ഷി മൊഴികളും ഇലക്ട്രോണിക് തെളിവുകളുമുണ്ടെന്നുമായിരുന്നു ഇ.ഡി കോടതിയിൽ വാദിച്ചത്.