Punjab Serial Killer: 11 കൊല, ‘ചതിയൻ’ എന്ന കുറിപ്പ്, കൊലപ്പെടുത്തിയ ശേഷം കാലിൽ തൊട്ട് മാപ്പപേക്ഷ; ഒടുവിൽ സീരിയൽ കില്ലർ പിടിയിൽ
Serial Killer Who Committed 11 Murders in Punjab: ആദ്യം വെറുതെ വിടണമെങ്കിൽ പൈസ തരണമെന്ന് ആവശ്യപ്പെടും. നൽകാതെ വരുമ്പോൾ കൊലപ്പെടുത്തും. മിക്ക കൊലപാതകങ്ങളും ഇയാൾ നടപ്പാക്കിയത് കൈയിൽ കരുതിയിരുന്ന മഫ്ളർ ഉപയോഗിച്ചാണ്.
റുപ്നഗർ (പഞ്ചാബ്): ഒന്നര വർഷത്തിനുള്ളിൽ 11 പേരെ ക്രൂരമായി കൊലപ്പെടുത്തിയ സീരിയൽ കില്ലർ പോലീസ് പിടിയിൽ. ലൈംഗിക തൊഴിലാളിയായി പ്രവർത്തിക്കുന്ന റാം സരൂപ് എന്ന സോധിയെ (33) ആണ് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. റുപ്നഗർ, ഫത്തോർഗ് സാഹിബ്, ഹോഷിയാർപൂർ എന്നിവിടങ്ങളിൽ ആണ് പ്രതി കൊലപാതകങ്ങൾ നടത്തിയത്. കൊലയ്ക്ക് ശേഷം ‘ചതിയൻ’ എന്ന കുറിപ്പ് എഴുതി വയ്ക്കുന്നതും, ഇരകളുടെ കാലിൽ തൊട്ട് മാപ്പപേക്ഷിക്കുന്നതും പ്രതിയുടെ പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു.
രാത്രികാലങ്ങളിൽ ഇയാൾ റോഡിൽ നിന്ന് കൊണ്ട് വാഹനങ്ങൾക്ക് കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കും. വാഹനത്തിൽ ഇയാളെ കയറ്റിയവരാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും. വാഹനത്തിൽ കയറി കുറച്ചു ദൂരം കഴിയുമ്പോൾ പ്രതി വാഹനത്തിൽ ഉള്ളവരെ ഭീഷണിപ്പെടുത്താൻ തുടങ്ങും. ആദ്യം വെറുതെ വിടണമെങ്കിൽ പൈസ തരണമെന്ന് ആവശ്യപ്പെടും. നൽകാതെ വരുമ്പോൾ കൊലപ്പെടുത്തും. മിക്ക കൊലപാതകങ്ങളും ഇയാൾ നടപ്പാക്കിയത് കൈയിൽ കരുതിയിരുന്ന മഫ്ളർ ഉപയോഗിച്ചാണ്.
മഫ്ളർ ഉപയോഗിച്ച് ഇരകളുടെ കഴുത്ത് ഞെരിച്ചൊ അല്ലെങ്കിൽ തല തറയിൽ ഇടിപ്പിച്ചോ ആണ് കൊല നടത്തുന്നത്. കൊലപാതകം നടത്തിയ ശേഷം ഇരകളുടെ കാലിൽ തൊട്ട് മാപ്പപേക്ഷിക്കും. പിന്നീട്, മൃതദേഹത്തിൽ ‘ചതിയൻ’ എന്ന കുറിപ്പ് എഴുതിവെച്ച് അവിടം വിടും. ഇക്കാര്യങ്ങൾ എല്ലാം പ്രതി പോലീസിനോട് വിശദീകരിച്ചു. മദ്യലഹരിയിൽ ആണ് താൻ ഈ കൊലപാതകങ്ങൾ എല്ലാം ചെയ്തതെന്നും പ്രതി പൊലീസിന് മൊഴി നൽകി.
പ്രതി പോലീസിനോട് പറഞ്ഞത് പ്രകാരം ഒരു മെക്കാനിക്കിനെ കൊലപ്പെടുത്തിയത് 150 രൂപയ്ക്ക് വേണ്ടിയാണ്. ലൈംഗിക ബന്ധത്തിന് ശേഷം 150 രൂപയ്ക്ക് വേണ്ടി മെക്കാനിക്കുമായി തർക്കം ഉണ്ടായി. മെക്കാനിക്കാണ് ആദ്യം തന്നെ ഉപദ്രവിച്ചതെന്നാണ് പ്രതി പറയുന്നത്. ആ അക്രമം തടുക്കാൻ വേണ്ടിയാണ് താൻ വടി ഉപയോഗിച്ചത്. സാധിക്കാതെ വന്നതോടെയാണ് കൈയിൽ ഉണ്ടായിരുന്ന മഫ്ളർ ഉപയോഗിച്ച് കഴുത്തിൽ ചുറ്റിയത്. പിന്നീട് അയാളുടെ കാലിൽ തൊട്ട് താൻ മാപ്പപേക്ഷിച്ചു ശേഷമാണ് മടങ്ങിയതെന്നും പ്രതി പൊലീസിന് നൽകിയ മൊഴിയിൽ ഉണ്ട്.
അതേസമയം, പ്രതിയുടെ വ്യക്തി ജീവിതം ഏറെ കഷ്ടതകളും, ബുദ്ധിമുട്ടുകളും നിറഞ്ഞതാണെന്ന് പോലീസ് പറയുന്നു. ഇയാൾ സ്വർഗാനുരാഗിയാണ് എന്ന് മനസിലാക്കിയതോടെ ഭാര്യ ഇയാളെ രണ്ടു വർഷം മുൻപ് ഉപേക്ഷിച്ചു. ഇവർക്ക് മൂന്ന് മക്കൾ ഉണ്ട്. മോദ്ര ട്രോൾ പ്ലാസയ്ക്ക് സമീപം മനീന്ദർ സിംഗ് എന്ന 37-കാരനെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസിലാണ് സരൂപ് പിടിയിലായത്. തുടർന്ന്, പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ആണ് പ്രതിയുടെ മറ്റ് പത്ത് കൊലപാതകങ്ങൾ കൂടി തെളിവായത്.
ചോദ്യം ചെയ്യലിൽ അഞ്ച് കൊലപാതകങ്ങളുടെ വിശദവിവരം പൊലീസിന് ലഭിച്ചു. കുറ്റകൃത്യങ്ങൾ ഒന്നും കൃത്യമായി ഓർക്കുന്നില്ല എന്നാണ് പ്രതി ആദ്യം പൊലീസിന് നൽകിയ മൊഴി. തുടർന്നായിരുന്നു വെളിപ്പെടുത്തൽ. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.