Ratan Tata : ഐബിഎമ്മിൻ്റെ ഓഫർ നിരസിച്ച് ടെൽകോയിൽ തുടങ്ങിയ കരിയർ; എല്ലാവരാലും സ്നേഹിക്കപ്പെട്ട കോടീശ്വരൻ; രത്തൻ ടാറ്റ പഠിപ്പിക്കുന്നത്
Ratan Tata Started His Career In Telco : ഒരു രാജ്യം മുഴുവൻ ഒരു കോടീശ്വരൻ്റെ മരണത്തിൽ വേദനിക്കുന്നുണ്ടെങ്കിൽ അദ്ദേഹം അത്ര നല്ല വ്യക്തിയായിരിക്കണം. ഇതാണ് രത്തൻ ടാറ്റയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്. എല്ലാവരാലും സ്നേഹിക്കപ്പെട്ട, മനുഷ്യസ്നേഹിയായ രത്തൻ ടാറ്റ.
രത്തൻ ടാറ്റ മരണപ്പെടുമ്പോൾ രാജ്യം മുഴുവൻ ദുഖാചരണത്തിലാണ്. രാഷ്ട്രീയക്കാരും സിനിമാക്കാരും എന്നല്ല, സാധാരണക്കാരായ ആളുകൾ പോലും രത്തൻ ടാറ്റയുടെ മരണത്തിൽ വിഷമത്തിലാണ്. പണക്കാർക്ക് പൊതുവെ നഷ്ടപ്പെട്ടുപോകുന്ന അനുകമ്പ ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ചയാളെന്ന നിലയിൽ രത്തൻ ടാറ്റയുടെ മരണം ഒരു ജനതയെ ആകമാനം നഷ്ടബോധത്തിലാക്കുന്നുണ്ട്.
തുടക്കം
രത്തൻ ടാറ്റ എന്ന വ്യവസായ പ്രമുഖൻ്റെ തുടക്കം പൂജ്യത്തിൽ നിന്നായിരുന്നു. 1937ൽ രാജ്യത്തെ ഏറ്റവും സമ്പന്ന കുടുംബത്തിൽ ജനിച്ച രത്തൻ ടാറ്റയുടെ 10ആം വയസിൽ മാതാപിതാക്കൾ വേർപിരിഞ്ഞു. മുത്തശ്ശിയാണ് പിന്നീട് അദ്ദേഹത്തെ വളർത്തിയത്. ആർക്കിടെക്ചർ ആൻഡ് സ്ട്രക്ചറൽ എഞ്ചിനീയറിങ് ബിരുദധാരിയായിരുന്നു രത്തൻ ടാറ്റ. ലോകപ്രശസ്തമായ ന്യൂയോർക്ക് കോർണൽ സർവകലാശാലയിലെ ബിരുദവും ഹാർവാഡ് അഡ്വാൻസ്ഡ് മാനേജ്മെൻ്റ് പ്രോഗ്രാമും കൈവശമുണ്ടായിരുന്ന അദ്ദേഹത്തെ തേടി രാജ്യാന്തര കമ്പനിയായ ഐബിഎമ്മിൽ നിന്ന് ജോലി ഓഫർ വന്നു. എന്നാൽ, ഓഫർ നിരസിച്ച അദ്ദേഹം ടെൽകോയുടെ, അതായത് ടാറ്റ എഞ്ചിനീയറിങ് ആൻഡ് ലോകോമോട്ടിവ് കമ്പനി ലിമിറ്റഡിൽ തൊഴിലാളിലായി ജോലി ആരംഭിച്ചു. 1962ലായിരുന്നു ഇത്. ഈ ടെൽകോ പിന്നീട് ടാറ്റ മോട്ടേഴ്സ് ആയെന്നത് ചരിത്രത്തിൻ്റെ ബാക്കി കഥ.
Also Read : Ratan Tata : എന്നെക്കുറിച്ച് ചിന്തിച്ചതിനു നന്ദി – എന്ന് സ്വന്തം രത്തൻ ടാറ്റ
പിന്നീട് ടാറ്റ ഗ്രൂപ്പിൻ്റെ തന്നെ വിവിധ കമ്പനികളിൽ ജോലി ചെയ്ത അദ്ദേഹം 1971ൽ ഒരു കമ്പനിയുടെ ഡയറക്ടറായി. നാഷണൽ റേഡിയോ ആൻഡ് ഇലക്ട്രോണിക്സ് അഥവാ നെൽകോയായിരുന്നു ഡയറക്ടറായി രത്തൻ്റെ ആദ്യ തട്ടകം. 9 വർഷക്കാലം ഒരു തൊഴിലാളിയായിരുന്നത് കൊണ്ട് തന്നെ ആ ജീവിതത്തിൽ നിന്ന് പഠിച്ച വലിയ പാഠങ്ങൾ അദ്ദേഹത്തിന് കരുത്തായി.
1991ൽ ടാറ്റ സൺസ് ചെയർമാൻ സ്ഥാനവും ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ സ്ഥാനവും ഏറ്റെടുത്ത രത്തൻ്റെ പദ്ധതികൾ വളരെ വലുതായിരുന്നു. കുടുംബ വ്യവസായത്തെ രാജ്യാന്തര ബ്രാൻഡാക്കി മാറ്റുക എന്ന വമ്പൻ ലക്ഷ്യമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഈ സമയത്ത് തന്നെയാണ് രാജ്യത്ത് ഉദാരവത്കരനം ആരംഭിച്ചത്. രത്തൻ ടാറ്റയിലെ കൂർമബുദ്ധിയായ വ്യവസായി ഇതൊരു അവസരമായി കണ്ടു. അവിടം മുതലാണ് ടാറ്റ ഗ്രൂപ്പിൻ്റെ വളർച്ച ആരംഭിച്ചത്. രാജ്യാന്തര ബ്രാൻഡുകളായ ജഗ്വാർ ലാൻഡ് റോവർ, ടെറ്റ്ലീ, കോറസ് തുടങ്ങിയ കമ്പനികളെയൊക്കെ സാവധാനത്തിൽ ടാറ്റ ഏറ്റെടുത്തു. രത്തൻ ടാറ്റ എടുത്ത ഈ റിസ്കുകൾ പാളിയെങ്കിൽ ഇന്ന് അദ്ദേഹവും ടാറ്റ ഗ്രൂപ്പും പരാജയത്തിൻ്റെ കഥ പറഞ്ഞ് തലകുനിച്ച് പടിയിറങ്ങിയേനെ. എന്നാൽ, ധിഷണാശാലിയായ രത്തൻ ടാറ്റയുടെ കണക്കുകൂട്ടലുകൾ കൃത്യമായി. നൂറിലധികം രാജ്യങ്ങളിൽ ടാറ്റ ഗ്രൂപ്പിൻ്റെ കാല്പാദം പതിഞ്ഞു. ലോകത്തൊട്ടാതെ പല പല ബ്രാൻഡുകളും കമ്പനികളും ടാറ്റ ഏറ്റെടുത്തു. എയർ ഇന്ത്യയെ ഏറ്റെടുത്ത് പ്രവർത്തനം പുനരാരംഭിച്ചത് രത്തൻ ടാറ്റയുടെ ബിസിനസ് ജീവിതത്തിലെ നിർണായക നേട്ടമായി.
സാധാരണക്കാരുടെ ടാറ്റ
സാധാരണ ജനങ്ങൾക്ക് എന്താണാവശ്യമെന്ന് മനസിലാക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനും രത്തൻ ടാറ്റ ശ്രമിച്ചിരുന്നു. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ടാറ്റ നാനോ. ഒരു കാർ എന്ന ആഗ്രഹം സാധ്യമാക്കാൻ കഴിയാത്ത സാധാരണ കുടുംബത്തിന് താങ്ങാനാവുന്ന വിലയിൽ വാങ്ങാവുന്ന കാർ. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറായിരുന്നു നാനോ. ലക്ഷക്കണക്കിനാളുകൾ കാറെന്ന ആഗ്രഹം സാധൂകരിച്ചത് ടാറ്റ നാനോയിലൂടെയാണ്. ഇരുചക്ര വാഹനങ്ങളിൽ കുഞ്ഞുങ്ങളെയും കൊണ്ട് യാത്ര ചെയ്യുന്ന സാധാരണ കുടുംബത്തിന് താങ്ങാവുന്ന വിലയിൽ ഒരു കാർ എന്നതായിരുന്നു നാനോയിലൂടെ തൻ്റെ ലക്ഷ്യമെന്ന് രത്തൻ ടാറ്റ തന്നെ പറഞ്ഞിട്ടുണ്ട്.
വിലക്കുറവ് എന്നതിനൊപ്പം സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെയാണ് ടാറ്റ കാറുകൾ പുറത്തിറക്കാറുള്ളത്. രാജ്യത്ത് ഏറ്റവുമധികം സുരക്ഷയുള്ളത് ടാറ്റയുടെ വാഹനങ്ങൾക്കാണ്. ബിൽഡ് ക്വാളിറ്റിയിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത ടാറ്റ വാഹനങ്ങൾ സുരക്ഷാ റേറ്റിങിൽ 4/5 സ്റ്റാറുകൾ സ്ഥിരമായി സ്വന്തമാക്കാറുണ്ട്. ഇതും യാത്രക്കാരുടെ സുരക്ഷയിൽ രത്തൻ ടാറ്റ കൈക്കൊണ്ടിരുന്ന നിർബന്ധ ബുദ്ധിയായിരുന്നു.
Also Read : Ratan Tata : ‘ദീർഘവീക്ഷണമുള്ള വ്യവസായി, അനുകമ്പയുള്ള വ്യക്തിത്വം’; രത്തൻ ടാറ്റയെ അനുസ്മരിച്ച് പ്രധാനമന്ത്രി
ടാറ്റ ട്രസ്റ്റ്സ്
രാജ്യത്തെ ഏറ്റവും വലിയ ചാരിറ്റബിൾ ട്രസ്റ്റിൽ പെട്ടതാണ് ടാറ്റ ട്രസ്റ്റ്സ്. സ്കൂൾ കുട്ടികൾക്ക് സ്കോളർഷിപ്പുകളും ആരോഗ്യമേഖലയിലെ പുരോഗതിയുമൊക്കെയായിരുന്നു ടാറ്റ ട്രസ്റ്റ്സിൻ്റെ ലക്ഷ്യം. കൊവിഡ് മഹാമാരിയിൽ 500 കോടി രൂപയാണ് അദ്ദേഹം സംഭാവന നൽകിയത്. താൻ പഠിച്ച ഹാർവാഡ് ബിസിനസ് സ്കൂളിനായി അദ്ദേഹം 50 മില്ല്യൺ ഡോളറാണ് സംഭാവന നൽകിയത്. വിവിധ ഐഐഎം ക്യാമ്പസുകളിൽ ഉൾപ്പെടെ രാജ്യത്തെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രത്തൻ ടാറ്റയുടെ പണമുണ്ട്. ലെൻസ്കാർട്ട്, ഒല, പേടിഎം, അപ്സ്റ്റോക്സ് തുടങ്ങി 50ലധികം സ്റ്റാർട്ടപ്പുകളെ അദ്ദേഹം സഹായിച്ചിട്ടുണ്ട്. ബോംബെ ഹൗസിലെ ടാറ്റ സൺസ് ഹെഡ്ക്വാർട്ടേഴ്സിൽ തെരുവുനായ്ക്കൾക്ക് യഥേഷ്ടം കടന്നുവരാം. നായ്ക്കളോടുള്ള രത്തൻ ടാറ്റയുടെ സ്നേഹം അപാരമായിരുന്നു.