Rajya Sabha Election: കെസി വേണുഗോപാല്‍ രാജിവെച്ച രാജ്യസഭ സീറ്റില്‍ ബിജെപിക്ക് വിജയം
KC Venugopal: കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായിരുന്നു കെസി വേണുഗോപാല്‍ രാജിവെച്ചത്. 2026 വരെ കാലാവധിയുണ്ടായിരുന്ന രാജ്യസഭ അംഗത്വമായിരുന്നു അത്. പിന്നീട് ആലപ്പുഴ ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ അദ്ദേഹം വിജയിക്കുകയും ചെയ്തു.
ജയ്പൂര്‍: എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രാജിവെച്ച രാജസ്ഥാനിലെ രാജ്യസഭ സീറ്റ് പിടിച്ചെടുത്ത് ബിജെപി. എതിരില്ലാതെയാണ് ബിജെപിയുടെ വിജയം. കേന്ദ്ര സഹമന്ത്രി രവ്‌നീത് സിങ് ബിട്ടുവാണ് വിജയിച്ചത്. രാജ്യസഭ ഉപതെരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ചൊവാഴ്ചയാണ് അവസാനിച്ചത്. അതുവരെ ബിട്ടുവടക്കം മൂന്നുപേരാണ് സ്ഥാനാര്‍ത്ഥികളായുണ്ടായിരുന്നത്.
എന്നാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളുകയും ബിജെപി ഡമ്മി സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിക്കുകയും ചെയ്തതോടെയാണ് രവ്‌നീത് സിങ് ബിട്ടു എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായിരുന്നു കെസി വേണുഗോപാല്‍ രാജിവെച്ചത്. 2026 വരെ കാലാവധിയുണ്ടായിരുന്ന രാജ്യസഭ അംഗത്വമായിരുന്നു അത്. പിന്നീട് ആലപ്പുഴ ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ അദ്ദേഹം വിജയിക്കുകയും ചെയ്തു.
ആലപ്പുഴയിലെ ഇടത് സീറ്റ് പിടിച്ചെടുക്കുന്നതിനായിരുന്നു കെസി വേണുഗോപാലിനെ രാജിവെപ്പിച്ചത്. ഇടതുപക്ഷത്തിന് കേരളത്തില്‍ കഴിഞ്ഞ തവണ ഉണ്ടായിരുന്ന ഒരേയൊരു സീറ്റായിരുന്നു ആലപ്പുഴയിലേത്. എഎം ആരിഫിനെ പരാജയപ്പെടുത്തികൊണ്ടാണ് കെസി വേണുഗോപാലിന്റെ വിജയം.
എന്നാല്‍ രണ്ട് വര്‍ഷം കൂടി കാലാവധിയുണ്ടായിരുന്ന സീറ്റ് നഷ്ടപ്പെടുത്തി ലോക്‌സഭയിലേക്ക് മത്സരിച്ച വേണുഗോപാലിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ബിജെപിക്ക് രാജ്യസഭയിലേക്ക് അധിക അംഗത്തെ സംഭാവന ചെയ്യുന്നതിനാണ് കെ സി വേണുഗോപാലും കോണ്‍ഗ്രസും ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നായിരുന്നു പ്രധാന വിമര്‍ശനം.
Also Read: Telegram: ഇന്ത്യയില്‍ ടെലഗ്രാം നിരോധിച്ചേക്കും, ആപ്പിനെതിരെ അന്വേഷണം
ലോക്‌സഭയിലേക്ക് പരമാവധി കോണ്‍ഗ്രസ് എംപിമാരെ എത്തിക്കുന്നതിനാണ് ഇപ്പോള്‍ ശ്രമിക്കുന്നത് എന്നതായിരുന്നു വിമര്‍ശനങ്ങളോടുള്ള പാര്‍ട്ടിയുടെ മറുപടി. ആലപ്പുഴയില്‍ നിന്ന് ആരിഫ് വിജയിച്ചാലും വിജയം കൈവരിക്കുന്നത് ഇന്ത്യ മുന്നണിയായിരിക്കുമെന്നും അണികള്‍ ഉള്‍പ്പെടെ പറഞ്ഞിരുന്നു, എന്നാല്‍ ഇതൊന്നും പാര്‍ട്ടി മുഖവിലയ്‌ക്കെടുത്തില്ല.
കെ സി വേണുഗോപാല്‍ രാജിവെച്ചതോടെ നിലവിലെ എംഎല്‍എമാരുടെ എണ്ണം കണക്കിലെടുത്താല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിന് വിജയിക്കാനാകില്ലെന്ന് പാര്‍ട്ടിക്ക് ഉറപ്പുണ്ടായിരുന്നു. അതുതന്നെയാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തതിനും കാരണമെന്നാണ് സൂചന.