Railway luggage fine: റെയിൽവേ വക പുതിയ ശിക്ഷ… അധിക ലഗേജിന് അധികം പിഴ…പ്ലാറ്റ് ഫോം ടിക്കറ്റിലും നിയന്ത്രണം
Railways issue new instructions: യാത്രക്കാർക്ക് ഒരു നിശ്ചിത ലഗേജ് ചാർജില്ലാതെ കൊണ്ടുപോകാൻ നിലവിൽ അനുവാദമുണ്ട്. എന്നാൽ സ്‌കൂട്ടറുകൾ, സൈക്കിളുകൾ, അധിക ഭാരമുള്ള ചരക്കുകൾ എന്നിവ കൊണ്ടുപോകാനുള്ള അനുമതിയില്ല.
മുംബൈ: പുതിയ നിയമങ്ങളുമായി എത്തിയിരിക്കുകയാണ് റെയിൽവേ. ഇത്തവണത്തെ പുതിയ ചട്ടങ്ങളനുസരിച്ച് യാത്രക്കാർക്ക് അനുവദിച്ചിട്ടുള്ളതിലും അധികമുള്ള ലഗേജുകൾക്ക് പിഴ ഈടാക്കുമെന്നാണ് വിവരം. വെസ്റ്റേൺ റെയിൽവേയാണ് പുതിയ പരിഷ്കരണവുമായി എത്തിയിരിക്കുന്നത്. ബാന്ദ്ര ടെർമിനൽസിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റ് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ അറിയിപ്പുമായി അധികൃതർ എത്തിയത്.
യാത്രക്കാർക്ക് ഒരു നിശ്ചിത ലഗേജ് ചാർജില്ലാതെ കൊണ്ടുപോകാൻ നിലവിൽ അനുവാദമുണ്ട്. എന്നാൽ സ്‌കൂട്ടറുകൾ, സൈക്കിളുകൾ, അധിക ഭാരമുള്ള ചരക്കുകൾ എന്നിവ കൊണ്ടുപോകാനുള്ള അനുമതിയില്ല. അനുവദിച്ചിട്ടുള്ള ലഗേജ് പരിധികൾ പാലിക്കാൻ അധികൃതർ യാത്രക്കാർക്ക് നിർദ്ദേശം നൽകി.
കൂടാതെ ട്രെയിൻ ഷെഡ്യൂളുകൾ അനുസരിച്ച്, ആവശ്യത്തിനനുസരിച്ച് മാത്രം സ്റ്റേഷൻ പരിസരത്ത് പ്രവേശിക്കാനും എല്ലാ യാത്രക്കാരോടും റെയിൽവെ അഭ്യർഥിച്ചിട്ടുണ്ട്. സ്‌റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കുന്നതിനും പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് കുറയ്ക്കുന്നതിനും യാത്രക്കാർക്ക് സൗകര്യപ്രദമായി യാത്ര ചെയ്യുന്നതിനുമാണ് ഇത്തരം നിർദേശങ്ങൾ പുറപ്പെടുവിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു. നിർദേശം ഉടൻ പ്രാബല്യത്തിൽ വരും എന്നാണ് വിവരം.
ഉത്സവ സീസണുകളിൽ ബാന്ദ്ര ടെർമിനൽസ്, വാപി, വൽസാദ്, ഉദ്‌ന, സൂറത്ത് എന്നിവിടങ്ങളിലെ പാഴ്‌സൽ ഓഫീസുകളിൽ പാഴ്‌സൽ ബുക്കിങിൽ ഗണ്യമായ വർധനയാണ് ഉണ്ടായിട്ടുള്ളത്. പ്ലാറ്റ്‌ഫോമുകളിൽ അടുക്കി വെച്ചിരിക്കുന്ന പാഴ്‌സലുകൾ യാത്രക്കാർക്ക് ചില്ലറ ബുദ്ധിമുട്ടല്ല ഉണ്ടാക്കുന്നത്. ഇത് റെയിൽവെ അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടുള്ള വിഷയമാണ്. ഇത്തരത്തിൽ യാത്രക്കാർക്ക് ബുദ്ധിമൂട്ട് ഉണ്ടാക്കുന്ന തരത്തിൽ ദീർഘനേരം പാഴ്‌സലുകൾ ഇങ്ങനെ വെക്കരുതെന്നും നിർദേശമുണ്ട്. പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ നൽകുന്നതിലും നിയന്ത്രണം ഏർപ്പെടുത്തി.