Dana Cyclone : ദന ചുഴലിക്കാറ്റ്; മൂന്ന് ട്രെയിൻ സർവീസുകൾ റദ്ദാക്കി; ഒരു ട്രെയിൻ സർവീസിൻ്റെ സമയത്തിൽ മാറ്റം
Railway Cancels 3 Train Services : ദന ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലൂടെ കടന്ന് പോകുന്ന മൂന്ന് ട്രെയിൻ സർവീസുകൾ റദ്ദാക്കി റെയിൽവേ. ഒരു ട്രെയിൻ്റെ സർവീസ് സമയത്തിലും മാറ്റമുണ്ട്.
ദന ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ മൂന്ന് ട്രെയിൻ സർവീസുകൾ റദ്ദാക്കി. ഈസ്റ്റ് കോസ്റ്റ് റെയിൽവേ ആണ് ഇക്കാര്യം അറിയിച്ചത്. ചുഴലിക്കാറ്റ് ശക്തമാകുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തിയാണ് ട്രെയിൻ സർവീസുകൾ റദ്ദാക്കിയത്. ഇതിൽ കേരളത്തിൽ അവസാനിക്കുന്ന ഒരു ട്രെയിനും കേരളത്തിലൂടെ കടന്നുപോകുന്ന രണ്ട് ട്രെയിനുകളുമാണുള്ളത്. ഇതോടൊപ്പം ഒരു ട്രെയിൻ സർവീസിൻ്റെ സമയത്തിലും മാറ്റമുണ്ട്.
ബീഹാറിലെ പാറ്റ്നയിൽ നിന്ന് എറണാകുളം വരെയുള്ള ട്രെയിൻ നമ്പർ 22644 പാറ്റ്ന – എറണാകുളം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് റദ്ദാക്കി. ഒക്ടോബർ 24ന് പാറ്റ്നയിൽ നിന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് ട്രെയിൻ പുറപ്പെടേണ്ടിയിരുന്നത്. ഈ സർവീസ് പൂർണമായി റദ്ദാക്കി. അസമിലെ ദിൽബർഗിൽ നിന്ന് കന്യാകുമാരി വരെയുള്ള ട്രെയിൻ നമ്പർ 22504 ദിൽബർഗ് – കന്യാകുമാരി വിവേക് എക്സ്പ്രസും റദ്ദാക്കി. ഒക്ടോബർ 23ന് രാത്രി 7.55നാണ് ദിൽബർഗിൽ നിന്ന് ട്രെയിൻ പുറപ്പെടേണ്ടിയിരുന്നത്. കന്യാകുമാരിയിൽ നിന്ന് തിരികെ ദിൽബർഗ് പോകുന്ന ട്രെയിൻ നമ്പർ 22503 കന്യാകുമാരി – ദിൽബർഗ് വിവേക് എക്പ്രസും യാത്ര പുറപ്പെടില്ല. ഒക്ടോബർ 23ന് വൈകുന്നേരം 5.23നാണ് ട്രെയിൻ യാത്ര ആരംഭിക്കേണ്ടിയിരുന്നത്. ഇതോടൊപ്പം ആലപ്പുഴയിൽ നിന്ന് ഝാർഖണ്ഡിലെ ധൻബാദിലേക്കുള്ള ആലപ്പുഴ – ധൻബാദ് എക്സ്പ്രസ് നാല് മണിക്കൂർ വൈകിയാവും സർവീസ് ആരംഭിക്കുക. ഒക്ടോബർ 23ന് രാവിലെ 6 മണിക്ക് ആരംഭിക്കേണ്ട സർവീസ് 10 മണിക്കേ ആരംഭിക്കുകയുള്ളൂ.
Also Read : Diwali 2024: ഇത് ദീപാവലി സമ്മാനം… താംബാരത്ത് നിന്ന് കന്യാകുമാരിയിലേക്കും തിരിച്ചും ട്രെയിൻ സർവീസ്
മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് ദന ചുഴലിക്കാറ്റ് രൂപപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. ആന്‍ഡമാന്‍ കടലിന് മുകളില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം പിന്നീട് ചുഴലിക്കാറ്റായി മാറുമെന്നായിരുന്നു മുന്നറിയിപ്പ്. ഒഡീഷ, ബംഗാള്‍ തീരത്തേക്കാകും ദന നീങ്ങുക. ഇത് കേരളത്തിന് ഭീഷണി സൃഷ്ടിക്കില്ലെന്നും സൂചനയുണ്ടായിരുന്നു. ഒക്ടോബർ 24ന് ദന പശ്ചിമ ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിലൂടെ കടന്നുപോകും. ഒഡീഷയിലെ വിവിധ മ്യൂസിയങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിടും. ഇവിടെ 200ഓളം ട്രെയിനുകളാണ് റദ്ദാക്കിയത്. പശ്ചിമ ബംഗാളിൽ 23 മുതൽ 25 വരെ സ്കൂളുകൾ അടച്ചിടും.