Passport Seva Portal Down : പാസ്പോർട്ട് സേവ പോർട്ടലിൽ സാങ്കേതിക പ്രശ്നം; അടുത്ത നാല് ദിവസം സേവനം മുടങ്ങും
Passport Seva Portal Down Issue : പാസ്പോർട്ട് സേവയുടെ മൊബൈൽ ആപ്ലിക്കേഷനായ എം.പാസ്പോർട്ട് സേവയും ഈ ദിവസങ്ങൾ ലഭ്യമാകില്ല. സാങ്കേതിക തകരാറിനെ തുടർന്നാണ്
ന്യൂ ഡൽഹി : രാജ്യത്ത് ഉടനീളമായി പാസ്പോർട്ട് സേവ പോർട്ടലിൻ്റെ (Passport Seva Portal) സേവനം അടുത്ത നാല് ദിവസത്തേക്ക് മുടങ്ങും. സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതിന് (മെയ്ൻ്റനെൻസ്) വേണ്ടിയാണ് നാല് ദിവസത്തേക്ക് പാസ്പോർട്ട് സേവയുടെ സേവനം നിർത്തിവെക്കുന്നത്. നാളെ ഓഗസ്റ്റ് 29-ാം തീയതി രാത്രി എട്ട് മുതൽ സെപ്റ്റംബർ രണ്ട് രാവിലെ ആറ് മണി വരെയാണ് പാസ്പോർട്ട് സേവയുടെ സേവനം ലഭ്യമല്ലാതെ വരിക. പാസ്പോർട്ട് സേവയുടെ മൊബൈൽ ആപ്ലിക്കേഷനായ എം.പാസ്പോർട്ട് സേവയുടെ സേവനങ്ങളും ഈ ദിവസങ്ങൾ ലഭ്യമാകില്ല.
” ഓഗസ്റ്റ് 29 വ്യാഴാഴ്ച രാത്രി എട്ട് മണി മുതൽ സെപ്റ്റംബർ രണ്ട് തിങ്കാളാഴ്ച രാവിലെ ആറ് മണി വരെ സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതിനായി പാസ്പോർട്ട് സേവ പോർട്ടൽ ലഭ്യമാകില്ല. ഈ കാലയളവിൽ സാധാരണക്കാർക്കും, വിദേശകാര്യ മന്ത്രാലയം, റീജണൽ പാസ്പോർട്ട് ഓഫീസുകൾ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയ പാസ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലുള്ളവർക്കും സേവനം ലഭ്യമല്ലാതെ വരും. ഓഗസ്റ്റ് 30-ാം തീയതി അപ്പോയ്മെൻ്റ് ബുക്ക് ചെയ്തവർക്ക് മറ്റൊരു ദിവസത്തേക്ക് മാറ്റി നൽകുന്നതാണ്” റീജണൽ പാസ്പോർട്ട് സേവ കേന്ദ്രങ്ങൾ അറിയിപ്പിലൂടെ അറിയിച്ചു.
പാസ്പോർട്ട് സേവനങ്ങൾക്ക് ഈ 30-ാം തീയതി ബുക്കിങ് ലഭിച്ചവർക്ക് മറ്റൊരു ദിവസത്തേക്ക് മാറ്റി നൽകുന്നതാണ്. മാറ്റി നൽകുന്ന തീയതി എസ്.എം.എസ് വഴി അപേക്ഷകരെ അറിയിക്കുന്നതാണ്. പോലീസ് വേരിഫിക്കേഷനുകളും ഈ കലായളവിൽ സാധ്യമാകില്ല. കേരളത്തിലെ കൊച്ചി, തിരുവനന്തപുരം റീജണുകളുടെ കീഴിലുള്ള കേന്ദ്രങ്ങളിലും ഈ ദിവസങ്ങൾ പാസ്പോർട്ട് സേവനം ഉണ്ടായിരിക്കുന്നതല്ല.
അക്ഷയ കേന്ദ്രത്തിൽ പോകേണ്ട മൊബൈൽ വഴി പാസ്പോർട്ടിന് അപേക്ഷിക്കാം
- M.Passport Seva ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക
- തുടർന്ന് ഒരു പ്രൊഫൈൽ രജിസ്റ്റർ ചെയ്യുക.
- പ്രൊഫൈൽ രജിസ്റ്റർ ചെയ്തതിന് ശേഷം Apply for Fresh Passport/ Re-Issue of Passport എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- നിർദേശിക്കുന്ന ഇടങ്ങളിൽ രേഖകൾ പ്രകാരം കൃത്യമായി പൂരിപ്പിക്കുക. ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- തുടർന്ന് Pay and Schedule Appointment എന്ന് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
- ഓൺലൈനിലൂടെയോ, എസ്.ബി.ഐയിലൂടെ ചലാൻ വഴി പണമടയ്ക്കാൻ സാധിക്കുന്നതാണ്.
- പണമടച്ചതിൻ്റെ രസീത് കൈയ്യിൽ സൂക്ഷിക്കുക
- ശേഷം എസ്.എം.എസ് വഴി നിങ്ങളുടെ പാസ്പോർട്ട് സേവ കേന്ദ്രത്തിലേക്കുള്ള അപ്പോയ്മെൻ്റ് വിവരങ്ങൾ ലഭിക്കുന്നതാണ്.
- നിർദിഷ്ട രേഖകളുമായി ലഭിച്ചിരിക്കുന്ന അപ്പോയ്മെൻ്റ് ദിവസം പാസ്പോർട്ട് സേവ കേന്ദ്രം സന്ദശിക്കുക.