Marriage Fraud : വിവാഹം ചെയ്യും, പണം തട്ടും, മുങ്ങും; കബളിപ്പിച്ചത് ആറു പുരുഷന്മാരെ; ഒടുവില്‍ യുവതി കുടുങ്ങി
Marriage Fraud Woman Arrested : ആറു പേരെയാണ് ഇവര്‍ കബളിപ്പിച്ചത്. ഏഴാമതും വിവാഹം കഴിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയില്‍. പൂനം മിശ്ര, സഞ്ജന ഗുപ്ത, വിമലേഷ് വര്‍മ, ധര്‍മേന്ദ്ര പ്രജാപതി എന്നിവരടങ്ങിയ സംഘമാണ് പിടിയിലായത്. ഇതില്‍ പൂനം വധുവായും, സഞ്ജന വധുവിന്റെ അമ്മയായും അഭിനയിക്കും. വിമലേഷും, ധര്‍മേന്ദ്രയുമാണ് യുവാക്കളെ പൂനത്തിന് പരിചയപ്പെടുത്തിയിരുന്നത്
ന്യൂഡല്‍ഹി: വിവാഹത്തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ നാം കേള്‍ക്കാറുണ്ട്. എന്നാലും പലരും ജാഗ്രത പാലിക്കുന്നില്ല. മുന്നും പിന്നും നോക്കാതെ അബദ്ധങ്ങളില്‍ ചാടുന്നത് നിരവധി പേരാണ്. അതില്‍ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല. പല തരത്തിലുള്ള തട്ടിപ്പുകള്‍ പെരുകുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത ഏത് കാര്യത്തിലും പുലര്‍ത്തുന്നതാണ് അത്യുത്തമം. ഉത്തര്‍പ്രദേശില്‍ ഇതുപോലെ വിവാഹത്തട്ടിപ്പില്‍ കബളിപ്പിക്കപ്പെട്ടത് ആറു പുരുഷന്മാരാണ്. യുവതികളടങ്ങുന്ന സംഘമാണ് ഇവരെ കുടുക്കിയത്. പുരുഷന്മാരെ കബളിപ്പിച്ച് വിവാഹം കഴിപ്പിച്ച ശേഷം അവരുടെ വീട്ടിൽ നിന്ന് പണവും ആഭരണങ്ങളും മോഷ്ടിച്ച് സ്ഥലം വിടുന്നതായിരുന്നു തട്ടിപ്പുസംഘത്തിന്റെ രീതി. ഒടുവില്‍ പ്രതികള്‍ അറസ്റ്റിലായി. ഉത്തർപ്രദേശിലെ ബന്ദയിലാണ് സംഭവം നടന്നത്.
പൂനം മിശ്ര, സഞ്ജന ഗുപ്ത, വിമലേഷ് വര്‍മ, ധര്‍മേന്ദ്ര പ്രജാപതി എന്നിവരടങ്ങിയ സംഘമാണ് പിടിയിലായത്. ഇതില്‍ പൂനം വധുവായും, സഞ്ജന വധുവിന്റെ അമ്മയായും അഭിനയിക്കും. വിമലേഷും, ധര്‍മേന്ദ്രയുമാണ് യുവാക്കളെ പൂനത്തിന് പരിചയപ്പെടുത്തിയിരുന്നത്. വിവാഹത്തിന് ശേഷം പൂനം വരന്റെ വീട്ടിലേക്ക് പോകും. അവിടെ വച്ച് പണവും, സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച് രക്ഷപ്പെടുന്നതായിരുന്നു പതിവ്.
ഇത്തരത്തില്‍ ആറു പേരെയാണ് ഇവര്‍ കബളിപ്പിച്ചത്. ഒടുവില്‍ ശങ്കര്‍ ഉപാധ്യായ എന്ന യുവാവിനെയും കബളിപ്പിക്കാന്‍ ശ്രമിച്ചു. ശങ്കര്‍ നല്‍കിയ പരാതിയിലാണ് തട്ടിപ്പുസംഘം പിടിയിലായത്. താന്‍ അവിവാഹിതനായിരുന്നെന്നും, വിവാഹത്തിന് വേണ്ടി ശ്രമിക്കുകയായിരുന്നുവെന്നും പരാതിക്കാരന്‍ പറഞ്ഞു. ഇതിനിടെയാണ് വിമലേഷ് ഇയാളെ സമീപിച്ചത്. ഒന്നര ലക്ഷം രൂപ ചെലവിട്ടാല്‍ വിവാഹം നടത്തി തരാമെന്നായിരുന്നു വാഗ്ദാനം. ഒടുവില്‍ ശങ്കര്‍ ഇതിന് സമ്മതിച്ചു.
ശനിയാഴ്ചയാണ് വിമലേഷ് ഇയാളെ വിളിച്ചുവരുത്തി പൂനത്തിന് പരിചയപ്പെടുത്തിയത്. തുടര്‍ന്ന് ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതില്‍ ശങ്കറിന് സംശയം തോന്നി. തുടര്‍ന്ന് ഇയാള്‍ പൂനത്തിന്റെയും സഞ്ജനയുടെയും ആധാര്‍ കാര്‍ഡുകള്‍ ചോദിച്ചു. അവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നുവെന്ന് ശങ്കര്‍ പറഞ്ഞു. തുടര്‍ന്ന് വിവാഹത്തിന് വിസമ്മതിച്ചപ്പോള്‍ അവര്‍ തന്നെ കൊല്ലുമെന്നും കള്ളക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയതായും യുവാവ് ആരോപിച്ചു. തുടര്‍ന്ന് ആലോചിക്കാന്‍ സമയം വേണമെന്ന് പറഞ്ഞ് താന്‍ രക്ഷപ്പെടുകയായിരുന്നുവെന്നും ശങ്കര്‍ വ്യക്തമാക്കി.
Read Also : സഹോദരിമാരെ വിവാഹം ചെയ്തയക്കണം; അര്‍ധരാത്രി മൂന്നുമണിക്കും ഓര്‍ഡറെടുത്ത് ഡെലിവറി ബോയ്
സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിരുന്നെന്ന് ബന്ദ അഡീഷണൽ പൊലീസ് സൂപ്രണ്ട് ശിവ് രാജ് പറഞ്ഞു. ഉടന്‍ തന്നെ പൊലീസ് അന്വേഷണം ആരംഭിക്കുകയും തട്ടിപ്പ് സംഘത്തെ പിടികൂടുകയും ചെയ്തു. അവിവാഹിതരായ യുവാക്കളെ വിവാഹം കഴിക്കുകയും തുടര്‍ന്ന് ആഭരണങ്ങളും പണവും മോഷ്ടിക്കുകയുമായിരുന്നു ഇവരുടെ രീതിയെന്ന് പൊലീസ് വ്യക്തമാക്കി. കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഏതാനും ദിവസം മുമ്പ് സമാനമായ കേസില്‍ രാജസ്ഥാനിലും ഒരു സ്ത്രീ അറസ്റ്റിലായിരുന്നു. സീമ എന്ന യുവതിയാണ് പിടിയിലായത്. നിരവധി പുരുഷന്മാരെ വിവാഹം കഴിച്ച് ഇവര്‍ തട്ടിപ്പ് നടത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. വന്‍ തുകയാണ് ഇവര്‍ തട്ടിപ്പിലൂടെ സ്വന്തമാക്കിയത്.