Madras High Court : പങ്കാളിയുടെ സ്വകാര്യതയിൽ ഒളിഞ്ഞുനോക്കരുത്; ദാമ്പത്യത്തിലെ സ്വകാര്യത മൗലികാവകാശമെന്ന് ഹൈക്കോടതി
Madras High Court Spousal Privacy : ദാമ്പത്യജീവിതത്തിലെ സ്വകാര്യത മൗലികാവകാശമാണെന്ന നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി. ഒരു വിവാഹമോചനക്കേസുമായി ബന്ധപ്പെട്ടാണ് കോടതിയുടെ പരാമർശം.
ദാമ്പത്യത്തിലെ സ്വകാര്യത മൗലികാവകാശമെന്ന് മദ്രാസ് ഹൈക്കോടതി. പങ്കാളിയുടെ സ്വകാര്യതയിൽ ഒളിഞ്ഞുകയറി ശേഖരിക്കുന്ന വിവരങ്ങൾ സ്വീകരിക്കാനാവില്ല എന്നും മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് തെളിയിക്കാൻ ഭർത്താവ് ഹാജരാക്കിയ തെളിവുകൾ തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ഭാര്യയുടെ ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളാണ് ഭർത്താവ് ഹാജരാക്കിയത്.
സ്വകാര്യത മൗലികാവകാശമാണെന്ന നിർവചനത്തിൽ ദാമ്പത്യജീവിതത്തിലെ സ്വകാര്യതയും ഉൾപ്പെടും. പങ്കാളിയുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്നത് ശരിയല്ല. ഇത്തരത്തിൽ സ്വകാര്യത ലംഘിച്ച് ശേഖരിച്ച വിവരങ്ങൾ തെളിവായി എടുക്കാനാവില്ല. ദാമ്പത്യ ബന്ധത്തിൻ്റെ അടിസ്ഥാനം പരസ്പര വിശ്വാസമാണ്. ഒരാൾ മറ്റൊരാളുടെ കാര്യങ്ങളിലേക്ക് ഒളിഞ്ഞുനോക്കാൻ തുടങ്ങുമ്പോൾ ഈ വിശ്വാസം തകരുകയാണ്. പങ്കാളികൾക്ക് പരസ്പരം പൂർണമായ വിശ്വാസം ഉണ്ടായിരിക്കണം. സ്ത്രീകൾക്ക് അവരുടേതായ സ്വയംഭരണാധികാരമുണ്ട്. സ്വകാര്യ ഇടം കയ്യേറിയിട്ടില്ലെന്ന വിശ്വാസം കാത്തുസൂക്ഷിക്കാൻ എല്ലാ സ്ത്രീകൾക്കും അവകാശമുണ്ട് എന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ജിആർ സ്വാമിനാഥനാണ് നിരീക്ഷണങ്ങൾ നടത്തിയത്.
Also Read : Ayushman Bharat: സൗജന്യ ചികിത്സ വേണോ? മാതാപിതാക്കളെ ആയുഷ്മാൻ പദ്ധതിയിൽ ചേർക്കാം… എളുപ്പ വഴി ഇങ്ങനെ…
ഭാര്യക്ക് വിവാതേതര ബന്ധമുണ്ടെന്നും അതുകൊണ്ട് തന്നെ വിവാഹബന്ധം വേർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് യുവാവ് 2019ൽ പരാതിനൽകിയിരുന്നു. കീഴ്ക്കോടതിയിൽ ഇതിനെ സാധൂരിക്കാനായി ഇയാൾ ഭാര്യയുടെ ഫോൺ സംഭാഷണങ്ങളും സമർപ്പിച്ചു. എന്നാൽ, താനറിയാതെയാണ് ഇത് ശേഖരിച്ചതെന്നും തെളിവായി ഇത് പരിഗണിക്കരുതെന്നും ആവശ്യപ്പെട്ട് ഭാര്യ കീഴ്ക്കോടതിയിൽ ഹർജി നൽകി. ഈ ഹർജി കീഴ്ക്കോടതി തള്ളി. ഇതേ തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജിയുടെ വാദത്തിനിടെയാണ് കോടതിയുടെ നിരീക്ഷണം.
ഭർത്താവ് സമർപ്പിച്ച രേഖകൾ ഔദ്യോഗികമായി നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. ടെലികോം ഓപ്പറേറ്റർക്ക് കത്തെഴുതി അവർ നൽകിയ വിവരങ്ങളല്ല അത്. അവർ ഇതിൽ പ്രതികരിച്ചില്ല. ഭർത്താവ് കോൾ വിവരങ്ങൾ ശേഖരിച്ചത് ജിയോ വെബ്സൈറ്റുൽ നിന്നാണ്. എന്നാൽ, ടെലികോം ഓപ്പറേറ്ററായ ജിയോ ആണ് ഔദ്യോഗിക രേഖ നൽകേണ്ടത്. ഭർത്താവിൻ്റെ മൊബൈൽ ഫോണല്ല അത്. ആ സിം കാർഡ് അയാളുടെ ഉടമസ്ഥതയിലുമല്ല. ഇത് പൂർണമായും ഭാര്യയുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ് എന്നും 17 പേജുള്ള വിധിന്യായത്തിൽ ജസ്റ്റിസ് ജിആർ സ്വാമിനാഥൻ നിരീക്ഷിച്ചു.
വളരെ പ്രധാനപ്പെട്ട ചില ചോദ്യങ്ങൾ ഉയർന്നതുകൊണ്ട് തന്നെ കേസിൽ ഒരു അമിക്കസ് ക്യൂരിയെ അടക്കം ഹൈക്കോടതി നിയോഗിച്ചിരുന്നു. മുതിർന്ന അഭിഭാഷകൻ ശ്രീനാഥ് ശ്രീദേവനാണ് അമിക്കസ് ക്യൂരി ആയത്.