Lok Sabha Speaker Election : ലോക്സഭ സ്പീക്കർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്; സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇത് മൂന്നാം തവണ
Lok Sabha Speaker Election Today : സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ മൂന്നാമത്തെ മാത്രം ലോക്സഭാ സ്പീക്കർ തിരഞ്ഞടുപ്പ് ഇന്ന്. എൻഡിഎ മുന്നണി സ്ഥാനാർത്ഥിയായി ഓം ബിർളയും ഇൻഡ്യ മുന്നണി സ്ഥാനാർത്ഥിയായി കൊടിക്കുന്നിൽ സുരേഷും മത്സരിക്കും.
ലോക്സഭ സ്പീക്കർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇത് മൂന്നാം തവണ മാത്രമാണ് ലോക്സഭ സ്പീക്കർ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. എൻഡിഎ ഓം ബിർളയെ സ്ഥാനാർത്ഥിയാക്കിയപ്പോൾ കൊടിക്കുന്നിൽ സുരേഷ് ആണ് ഇൻഡ്യ സഖ്യത്തിൻ്റെ സ്ഥാനാർത്ഥി. പ്രോടെം സ്പീക്കറായി സഭയിലെ ഏറ്റവും മുതിർന്ന നേതാവായ കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കി ബിജെപി എംപി ഭർതൃഹരി മഹ്താബിനെ തിരഞ്ഞെടുത്തതിൽ നേരത്തെ പ്രതിപക്ഷ പ്രതിഷേധമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ പ്രതിപക്ഷം തീരുമാനിച്ചത്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇരു മുന്നണികളും കഴിഞ്ഞ ദിവസം യോഗങ്ങൾ ചേർന്നിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന എൻഡിഎ യോഗത്തിൽ എല്ലാ അംഗങ്ങളും രാവിലെ 10.30ന് തന്നെ പാർലമെൻ്റിൽ ഹാജരാകണമെന്ന് നിർദ്ദേശം നൽകി. സഖ്യത്തിന് പുറത്തുനിന്നും പിന്തുണ ഉറപ്പാക്കാനാണ് ഇൻഡ്യ സഖ്യത്തിൻ്റെ നീക്കം. ഇതിനിടെ വൈഎസ്ആർ കോൺഗ്രസ് എൻഡിഎ സ്ഥാനാർത്ഥിക്ക് പിന്തുണ അറിയിച്ചു. നാല് അംഗങ്ങളാണ് വൈഎസ്ആർ കോൺഗ്രസിനുള്ളത്. ഇന്ന് 11 മണിക്കാണ് തിരഞ്ഞെടുപ്പ്.
സ്വതന്ത്ര ഇന്ത്യയുടെ സ്വതന്ത്ര ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് ലോക്‌സഭ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം നടക്കാന്‍ പോവുന്നത്. സമവായത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതുവരെ സ്പീക്കറെ തിരഞ്ഞെടുത്തിരുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കാത്തതുകൊണ്ടാണ് കോണ്‍ഗ്രസ് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ബിജെപിക്ക് സ്പീക്കര്‍ പദവി കൂടി നല്‍കുന്നതില്‍ സഖ്യകക്ഷികള്‍ക്ക് ആശങ്കയുണ്ട്. എന്നാല്‍ ആ പദവി വിട്ടുകൊടുക്കാന്‍ ബിജെപിക്ക് താത്പര്യവുമില്ല.
Also Read : Lok Sabha Speaker Election: ലോക്‌സഭ സ്പീക്കറെ തിരഞ്ഞെടുക്കുന്നത് എങ്ങനെ? അധികാരങ്ങള്‍ എന്തെല്ലാം…
സാധാരണയായി ഭരണകക്ഷി നിർദ്ദേശിക്കുന്ന ലോക്സഭ അംഗത്തെയാണ് പ്രതിപക്ഷ കക്ഷികൾ പിന്തുണയ്ക്കാറുള്ളത്. ഒരു മത്സരം ഒഴിവാക്കുന്നതിന് വേണ്ടി പ്രധാന പ്രതിപക്ഷ കക്ഷിക്ക് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകും. എന്നാൽ ആ സമവായം ഇത്തവണ നടക്കാതെ വന്നതോടെയാണ് പ്രതിപക്ഷ കക്ഷിയായ ഇൻഡ്യ മുന്നണി സ്പീക്കർ സ്ഥാനാർഥിയായി കോൺഗ്രസിൻ്റെ മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനെ നിർത്തിയത്.
1952ലും 1976ലുമാണ് ഇതിന് മുമ്പ് ലോക്സഭ സ്പീക്കറെ കണ്ടെത്തുന്നതിനായി മത്സരം നടന്നിട്ടുള്ളത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ലോക്സഭ സ്പീക്കറായ ജിവി മാവലങ്കറും പെസെൻ്റ്സ് ആൻഡ് വർക്കേഴ്സ് പാർട്ടി ഓഫ് ഇന്ത്യയുടെ ശങ്കർ ശാന്തറാമുമാണ് ലോക്സഭ സ്പീക്കർ സ്ഥാനത്തിനായി ആദ്യം ഏറ്റുമുട്ടുന്നത്. 1952ൽ നടന്ന വോട്ടെടുപ്പിൽ മാവലങ്കർ 339 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചു. 394 അംഗങ്ങളാണ് കോൺഗ്രസ് നേതാവിനെ പിന്തുണച്ചത്. വർക്കേഴ്സ് പാർട്ടി നേതാവിന് ലഭിച്ചത് 55 വോട്ടുകളാണ്.
തുടർന്ന് 1976ലാണ് ലോക്സഭ സ്പീക്കർ സ്ഥാനത്തേക്കുള്ള ചരിത്രത്തിൽ രണ്ടാമത്തെ മത്സരം നടക്കുന്നത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം 360 സീറ്റുകളുമായി ഇന്ദിര ഗാന്ധിയുടെ സർക്കാർ വീണ്ടും അധികാരത്തിലെത്തിയപ്പോഴാണ് ലോക്സഭ സ്പീക്കർ സ്ഥാനത്തേക്ക് ഒരു വോട്ടെടുപ്പ് നടക്കുന്നത്. ബലിറാം ഭഗത്തായിരുന്നു കോൺഗ്രസിൻ്റെ സ്പീക്കർ സ്ഥാനാർഥി. അടിയന്തരാവസ്ഥ കാലത്ത് ജയിൽ കഴിഞ്ഞവരുടെ സഖ്യകക്ഷികൾ എല്ലാവരും ചേർന്ന് അപ്രതീക്ഷിതമായി ഒരു സ്ഥാനാർഥിയെ നിർത്തി. ജഗന്നാഥ റാവും ജോഷിയായിരുന്നു ഇന്ദിരയുടെ സ്ഥാനാർഥിക്കെതിരെ മത്സരിക്കാനായി രംഗത്തെത്തിയത്. ബലിറാം 344 വോട്ടുകൾ നേടി ആറാം ലോക്സഭയുടെ നാഥനായി. 58 വോട്ടുകളായിരുന്നു യുണൈറ്റഡ് ഫ്രണ്ടിൻ്റെ ജഗന്നാഥ റാവുവിന് ലഭിച്ചത്.