5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Lawrence Bishnoi: ലോറൻസ് ബിഷ്‌ണോയിയുടെ അഭിമുഖം എടുക്കാൻ സ്റ്റേഷനുള്ളിൽ ‘സ്റ്റുഡിയോ’ സൗകര്യം ഒരുക്കി പോലീസ്; വിമർശിച്ച് ഹൈക്കോടതി

Lawrence Bishnoi Jail Interview: പോലീസ് സ്റ്റേഷനിലെ ഓഫീസർ ഇൻചാർജിന്റെ ഓഫീസാണ് ലോറൻസ് ബിഷ്‌ണോയുടെ അഭിമുഖത്തിന് വേണ്ടി സ്റ്റുഡിയോയായി ഉപയോഗിച്ചത്.

Lawrence Bishnoi: ലോറൻസ് ബിഷ്‌ണോയിയുടെ അഭിമുഖം എടുക്കാൻ സ്റ്റേഷനുള്ളിൽ ‘സ്റ്റുഡിയോ’ സൗകര്യം ഒരുക്കി പോലീസ്; വിമർശിച്ച് ഹൈക്കോടതി
കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്ണോയ് (Social Media Image)
nandha-das
Nandha Das | Published: 31 Oct 2024 08:12 AM

ചണ്ഡീഗഢ്: കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്‌ണോയിയുടെ അഭിമുഖം എടുക്കാനായി ഒരു ടിവി ചാനലിന്, പോലീസ് സ്റ്റേഷനുള്ളിൽ സ്റ്റുഡിയോ സൗകര്യം ഒരുക്കികൊടുത്തതിൽ പഞ്ചാബ് പോലീസിനെ രൂക്ഷമായി വിമർശിച്ച് പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി. 2022 സെപ്റ്റംബറിൽ നടന്ന അഭിമുഖത്തെ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ പരാമർശം. ലോറൻസ് ബിഷ്‌ണോയിക്ക് ഇത്തരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നത്, പ്രതിയുടെ കുറ്റകൃത്യങ്ങളെ മഹത്വവത്കരിക്കുന്നതിന് തുല്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

പോലീസ് സ്റ്റേഷനിലെ ഓഫീസർ ഇൻചാർജിന്റെ ഓഫീസാണ് അഭിമുഖത്തിന് വേണ്ടി സ്റ്റുഡിയോയായി ഉപയോഗിച്ചത്. കൂടാതെ, ഇതിനായി ഔദ്യോഗിക വൈ-ഫൈ കണക്‌ഷനും ഉപയോഗപ്പെടുത്തി. ഈ സംഭവത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനു പുറമെ, അഭിമുഖം നടത്താൻ സഹായങ്ങൾ ചെയ്തു കൊടുത്ത മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കോടതി അറിയിച്ചു.

ഈ സംഭവം അഴിമതി നിരോധന നിയമപരിധിക്കുള്ളിൽ വരുമോയെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും. അതെ സമയം, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് സംഭവത്തിൽ പ്രതിയുടെയോ അവരുടെ സഹായികളുടെയോ സഹായങ്ങൾ ലഭിച്ചിരിക്കാം എന്ന നിഗമനത്തിലേക്കും ഹൈക്കോടതി എത്തിച്ചേർന്നു. ഇതിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കുന്നതിന് വേണ്ടി സ്പെഷ്യൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് പ്രബോധ് കുമാറിന് കീഴിൽ മൂന്നംഗ സംഘത്തെ കോടതി ചുമതലപ്പെടുത്തി.

ALSO READ: ദാവൂദ് ഇബ്രാഹിമിനെ പോലും കടത്തിവെല്ലാൻ ശേഷിയുള്ള അധോലോക നായകൻ; ആരാണ് ലോറൻസ് ബിഷ്ണോയ്?

പഞ്ചാബിലെ കരറിലുള്ള ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (സിഐഎ) പരിസരപ്രദേശങ്ങളിൽ വെച്ചാണ് ബിഷ്ണോയുടെ ആദ്യ അഭിമുഖം ഷൂട്ട് ചെയ്യുന്നത്. ജയ്‌പൂർ ജയിലിൽ വെച്ചായിരുന്നു രണ്ടാമത്തെ അഭിമുഖം. ഈ സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഏഴ് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇവർ ഏഴ് പേരിൽ രണ്ടു പേർ മാത്രമാണ് ഓഫീസർമാർ. അതിനാൽ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാത്തതിനെയും ഹൈക്കോടതി വിമർശിച്ചു.

പഞ്ചാബിൽ മാത്രം 71 ക്രിമിനൽ കേസുകളുള്ള ഒരു കുപ്രസിദ്ധ കുറ്റവാളിയാണ് ലോറൻസ് ബിഷ്‌ണോയി. അടുത്തിടെ കൊല്ലപ്പെട്ട മുൻ മന്ത്രി ബാബ സിദ്ധിഖിയുടെ കൊലപാതകത്തിന്റെ ചുമതലയും ബിഷ്‌ണോയി സംഘം ഏറ്റെടുത്തിരുന്നു. നടൻ സൽമാൻ ഖാനെതിരെ നിരന്തരം വധ ഭീഷണി ഉയർത്തുന്നതും ഇവർ തന്നെയാണ്. നിലവിൽ, സബർമതി ജയിലിൽ അതീവ സുരക്ഷാ വാർഡിലാണ് ബിഷ്ണോയ്.

 

Latest News