NITI Aayog’s SDG India Index: നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ നാലാം തവണയും ഒന്നാമനായി കേരളം
NITI Aayog's SDG India Index 2023-24: കേന്ദ്ര ഭരണ പ്രദേശങ്ങളിൽ, ചണ്ഡീഗഢ്, ജമ്മു- കശ്മീർ, പുതുച്ചേരി, അന്തമാൻ നിക്കോബാർ ദ്വീപുകൾ, ഡൽഹി എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത് എന്നും സൂചിക പറയുന്നു.
ന്യൂഡൽഹി: നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ (എസ്ഡിജി) സൂചികയിൽ കേരളം തുടർച്ചയായ നാലാം തവണയും ഒന്നാം സ്ഥാനത്തെത്തി. ഉത്തരാഖണ്ഡും കേരളത്തോടൊപ്പം ഒന്നാം സ്ഥാനം പങ്കിടാൻ ഉണ്ട്. 16 വികസന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ഇതിൽ നൂറിൽ 79 പോയിന്റാണ് ഇരു സംസ്ഥാനങ്ങൾക്കും ലഭിച്ചത്. ഇതോടെ സ്ഥാനം പങ്കിടുകയായിരുന്നു.
സാമൂഹ്യ, സാമ്പത്തിക, പാരിസ്ഥിതിക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പുരോഗതിയാണ് ഈ സൂചിക വിലയിരുത്തുന്നത്. ബിഹാറാണ് ഏറ്റവും കുറവു മാർക്കുമായി പിന്നിൽ. ഇന്ത്യയുടെ മൊത്തത്തിലുള്ള സുസ്ഥിര വികസന ലക്ഷ്യം 2020-21 ൽ 66 ആയിരുന്നു.
ALSO READ : ഇനി യുപിഐയും ക്രെഡിറ്റ് കാർഡിനു സമാനം; പുതിയ മാറ്റങ്ങൾ എന്തെല്ലാം
2023-24 ൽ ഇത് 71 ആയി ഉയർന്നു. ദാരിദ്ര്യം ഇല്ലാതാക്കുക, മാന്യമായ ജോലി നൽകൽ, സാമ്പത്തിക വളർച്ച, കാലാവസ്ഥ, ജന ജീവിതം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിലുണ്ടായ രാജ്യത്തെ കാര്യമായ മുന്നേറ്റമാണ് ഈ പുരോഗതിക്ക് കാരണമായത്. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ, ചണ്ഡീഗഢ്, ജമ്മു- കശ്മീർ, പുതുച്ചേരി, അന്തമാൻ നിക്കോബാർ ദ്വീപുകൾ, ഡൽഹി എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത് എന്നും സൂചിക പറയുന്നു. നിതി ആയോഗ് സി.ഇ.ഒ. ബി.വി.ആർ. സുബ്രഹ്‌മണ്യമാണ് സൂചികയ്ക്കു പിന്നിൽ.
തൊട്ടുപിന്നാലെ എത്തിയ തമിഴ്‌നാട് 78 പോയിന്റാണ് നേടിയത്. ഗോവ നേടിയത് 77 പോയിന്റും. ഏറ്റവും കുറവ് പോയിന്റ് നേടിയ ബിഹാറിന്റേത് 57 പോയിന്റാണ്. ജാർഖണ്ഡ് 62, നാഗാലാൻഡ് 63 എന്നിങ്ങനെയാണ് ഏറ്റവും താഴ്ന്ന സ്‌കോറുകൾ. എല്ലാ സംസ്ഥാനങ്ങളും അവരുടെ മൊത്തത്തിലുള്ള സ്‌കോറുകളിൽ പുരോഗതി കാണിച്ചതായി റിപ്പോർട്ട് എടുത്തുകാട്ടിയിട്ടുണ്ട്.