Kerala Lottery Tamilnadu : കോയമ്പത്തൂരിൽ 1900 കേരള ലോട്ടറിയും 2.25 കോടി രൂപയും പോലീസ് പിടികൂടി; പിടികൂടിയതിൽ 2000 രൂപ നോട്ടുകളും
Kerala Lottery Seized In Coimabatore : തമിഴ്നാട്ടിൽ 1900 കേരള ലോട്ടറിയും 2.25 കോടി രൂപയും പിടികൂടി. ഇതിൽ രണ്ട് ലക്ഷം രൂപ നിരോധിക്കപ്പെട്ട 2000 രൂപയുടെ നോട്ടുകളാണ്. എട്ട് സംഘങ്ങളായി പോലീസ് ജില്ലയിലാകെ പരിശോധന നടത്തിയിരുന്നു.
തമിഴ്നാട്ടിൽ വൻ ലോട്ടറി വേട്ട. കോയമ്പത്തൂരിലാണ് 1900 കേരള ലോട്ടറിയും 2.25 കോടി രൂപയും പോലീസ് പിടികൂടിയത്. പാലക്കാട് വാളയാറുള്ള ഒരു ലോട്ടറി ഏജൻസിയിലെ കാഷ്യർ നാഗരാജിൻ്റെ (42) വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇത് പിടികൂടിയത്. പൊള്ളാച്ചി, വാല്പാറ, അന്നൂർ തുടങ്ങിയ അതിർത്തിമേഖലകളിലായി 30 സ്ഥലങ്ങളിലാണ് പോലീസ് പരിശോധന നടത്തിയത്. കോയമ്പത്തൂർ ഡിഎസ്പി കെ കാർത്തിയേകൻ്റെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന.
എട്ട് പ്രത്യേക സംഘങ്ങളാണ് ഈ പരിശോധനകൾ നടത്തിയത്. നാഗരാജിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് ലക്ഷം രൂപയുടെ നിരോധിച്ച 2000 രൂപ നോട്ടുകളും കണ്ടത്തി. തിരുപ്പൂർ, പൊള്ളാച്ചി മേഖലകളിൽ ഇയാൾ അനധികൃതമായി ലോട്ടറി ടിക്കറ്റുകൾ വിൽക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
കേരളത്തിലെ ലോട്ടറി ടിക്കറ്റുകൾ സംസ്ഥാനത്തിന് പുറത്തുവിൽക്കുന്നത് നിയമവിരുദ്ധമാണ്. എങ്കിലും വിവിധ ഏജൻസികൾ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ ഈ ലോട്ടറികൾ വിൽക്കാറുണ്ട്. അവസാന നമ്പരുകളിൽ പന്തയം വച്ചാണ് പലപ്പോഴും ഈ കച്ചവടം നടക്കാറുള്ളത്. അനധികൃത ലോട്ടറി കച്ചവടം കോയമ്പത്തൂരിൻ്റെ വിവിധ ഇടങ്ങളിൽ എക്കാലത്തെയും അധികമാണെന്ന് കണ്ടെത്തിയതോടെയാണ് പോലീസ് പരിശോധന നടത്തിയത്. കേരളത്തിൽ നിന്നും നാഗാലാൻഡിൽ നിന്നുമുള്ള ലോട്ടറികളുടെ അനധികൃത വില്പന പലയിടങ്ങളിലും നടക്കുന്നതായി പോലീസിന് അറിയിപ്പ് ലഭിച്ചിരുന്നു.
വാട്സപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഈ ലോട്ടറികൾ തമിഴ്നാട്ടിൽ അനധികൃതമായി വിറ്റഴിക്കപ്പെടുന്നത്. ടിക്കറ്റ് വാങ്ങാൻ താത്പര്യമുള്ളവർ വേണ്ട നമ്പരുകൾ ഗ്രൂപ്പിൽ പറയണം. ഈ നമ്പരുകൾക്ക് പണം നൽകാം. ഔദ്യോഗികമായി ഫലം പുറത്തുവരുന്നതോടെ അനധികൃത ലോട്ടറി റാക്കറ്റ് തങ്ങളുടെ ഫലം പ്രഖ്യാപിച്ച് പണം വിതരണം ചെയ്യും. കേരളാ ലോട്ടറികൾ വൈകുന്നേരം മൂന്ന് മണിയ്ക്കാണ് നറുക്കെടുക്കുന്നത്. നാഗാലാൻഡ് ലോട്ടറികൾ ഉച്ചയ്ക്ക് 12 മണി, വൈകിട്ട് മൂന്ന് മണി, ആറ് മണി, രാത്രി എട്ട് മണി എന്നീ സമയങ്ങളിലാണ് നറുക്കെടുപ്പ്.
ഇക്കഴിഞ്ഞ നവംബറിൽ നടത്തിയ പരിശോധനയിൽ ഇത്തരം അനധികൃത ലോട്ടറി വില്പനക്കാരുടെ ഒരു റാക്കറ്റിനെ പോലീസ് പൊളിച്ചിരുന്നു. 27 പേരെയാണ് അന്ന് അറസ്റ്റ് ചെയ്തത്.
ക്രിസ്മസ് – ന്യൂ ഇയർ ബമ്പർ
സംസ്ഥാനത്ത് ക്രിസ്മസ് – ന്യൂ ഇയർ ബമ്പറിന് റെക്കോർഡ് വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസം 17ന് വിൽപ്പന ആരംഭിച്ച ബമ്പർ ടിക്കറ്റിൽ ഭൂരിഭാഗവും ഇതിനോടകം വിറ്റു പോയി. ആകെ അച്ചടിച്ച 20 ലക്ഷം ടിക്കറ്റുകളിൽ 15 ലക്ഷത്തോളം ഇതിനകം വിറ്റുപോയിക്കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ ക്രിസ്മസ് ന്യൂ ഇയർ ബമ്പർ വില്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വർഷത്തെ വില്പന വളരെ വേഗത്തിലാണ്. 2025 ഫെബ്രുവരി അഞ്ചാം തീയ്യതി നറുക്കെടുക്കുന്ന ക്രിസ്മസ് – ന്യൂ ഇയർ ബമ്പർ ലോട്ടറിയ്ക്ക് 400 രൂപയാണ് വില. 20 കോടി രൂപയാണ് ഒന്നാം സമ്മാനം.
2024 ക്രിസ്മസ്-ന്യൂ ഇയർ ബമ്പറിൻ്റെ സമ്മാനഘടന
ഒന്നാം സമ്മാനം – 20 കോടി രൂപ
സമാശ്വാസ സമ്മാനം – ഒരു ലക്ഷം രൂപ
രണ്ടാം സമ്മാനം – ഒരു കോടി രൂപ
മൂന്നാം സമ്മാനം – പത്ത് ലക്ഷം രൂപ
നാലാം സമ്മാനം – മൂന്ന് ലക്ഷം രൂപ
അഞ്ചാം സമ്മാനം – രണ്ട് ലക്ഷം രൂപ
ആറാം സമ്മാനം – 5,000 രൂപ
ഏഴാം സമ്മാനം – 2,000 രൂപ
എട്ടാം സമ്മാനം – 1,000 രൂപ
ഒമ്പതാം സമ്മാനം – 500 രൂപ
പത്താം സമ്മാനം – 400 രൂപ