Justice Sanjiv Khanna : ചീഫ് ജസ്റ്റിസിൻ്റെ നാമനിർദ്ദേശം അംഗീകരിച്ച് കേന്ദ്രം; സുപ്രിം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന
Justice Sanjiv Khanna to be Next Chief Justice : സുപ്രിം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിച്ചു. നവംബർ 11ന് അദ്ദേഹം സ്ഥാനമേൽക്കും. 2025 മെയ് 31നാണ് അദ്ദേഹം വിരമിക്കുക.
സുപ്രിം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിച്ചു. നിലവിലെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നാമനിർദ്ദേശം ചെയ്തിരുന്നു. ഇത് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകരിച്ചു. പരമോന്നത നീതിപീഠത്തിൻ്റെ 51ആം ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. ഇക്കൊല്ലം നവംബർ 10ന് ജസ്റ്റിസ് ചന്ദ്രചൂഡ് സ്ഥാനമൊഴിയും. 11ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന സ്ഥാനമേൽക്കും. 2025 മെയ് 31ന് വിരമിക്കുന്ന ജസ്റ്റിസ് സഞ്ജീവ് ഖന്ന ആറ് മാസമേ പദവിയിൽ തുടരൂ.
കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ തൻ്റെ എക്സ് പ്ലാറ്റ്ഫോമിലൂടെ ഇക്കാര്യം അറിയിച്ചു. “ഇന്ത്യൻ ഭരണഘടന നൽകുന്ന അധികാരം ഉപയോഗിച്ച്, ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച ബഹുമാനപ്പെട്ട രാഷ്ട്രപതി, സുപ്രിം കോടതി ജഡ്ജിയായ ജസ്റ്റിസ് സഞ്ജീവ് ഖന്നയെ ചീഫ് ജസ്റ്റിസായി നിയമിച്ചു. നവംബർ 11ന് അദ്ദേഹം സ്ഥാനമേൽക്കും.”- എക്സ് പോസ്റ്റിൽ അദ്ദേഹം കുറിച്ചു.
In exercise of the power conferred by the Constitution of India, Hon’ble President, after consultation with Hon’ble Chief Justice of India, is pleased to appoint Shri Justice Sanjiv Khanna, Judge of the Supreme Court of India as Chief Justice of India with effect from 11th…
— Arjun Ram Meghwal (@arjunrammeghwal) October 24, 2024
ഡൽഹി ഹൈക്കോടതിയിൽ നിന്ന് 2019ലാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രിം കോടതിയിലെത്തുന്നത്. പല സുപ്രധാന വിധിന്യായങ്ങളിലും അദ്ദേഹം പങ്കായിട്ടുണ്ട്. ഇലക്ടറൽ ബോണ്ട് ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ച ഭരണഘടനാബെഞ്ചിൽ അംഗമായിരുന്നു അദ്ദേഹം. മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം നൽകിയ ബെഞ്ചിനെ നയിച്ചത് ജസ്റ്റിസ് സഞ്ജീവ് ഖന്നയായിരുന്നു.
Also Read : Diwali 2024: ദീപാവലിക്ക് നാട്ടിൽ കൂടാം…. 7000 സ്പെഷ്യൽ ട്രെയിനുകൾ, പ്രഖ്യാപനവുമായി റെയിൽവെ
1983ലാണ് ജസ്റ്റിസ് ഖന്ന ഡൽഹി ബാർ കൗൺസിലിൽ നിന്ന് എൻറോൾ ചെയ്തത്. തീസ് ഹസാരി കോംപ്ലക്സിലെ ജില്ലാ കോടതികളിൽ ആദ്യം പ്രാക്ടീസ് ചെയ്ത അദ്ദേഹം പിന്നീട് ഡൽഹി ഹൈക്കോടതികളിലേക്കും ട്രൈബ്യൂണലുകളിലേക്കും മാറി. 2004-ൽ ജസ്റ്റിസ് സഞ്ജീവ് ഖന്ന ഡൽഹിയുടെ സ്റ്റാൻഡിംഗ് കൗൺസലായി നിയമിതനായി. ഇതിനിടയിൽ ആദായനികുതി വകുപ്പിന്റെ സീനിയർ സ്റ്റാൻഡിംഗ് കൗൺസലായി ഏറെക്കാലം സേവനമനുഷ്ഠിച്ചു. 2005ൽ ഡൽഹി ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായ ഇദ്ദേഹം 2006ൽ സ്ഥിരം ജഡ്ജിയായി. 2019 ജനുവരി 18നാണ് സുപ്രിം കോടതി ജഡ്ജിയായി നിയമിതനായത്. 2023 ജൂൺ 17 മുതൽ 2023 ഡിസംബർ 25 വരെ സുപ്രീം കോടതി ലീഗൽ സർവീസ് കമ്മിറ്റി ചെയർമാനായിരുന്നു.