Jammu Kashmir Encounter: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; 2 സൈനികർക്ക് പരിക്ക്, ഒരു ദിവസത്തിനിടെ മൂന്നാം തവണ
Jammu Kashmir Kishtwar Encounter: കഴിഞ്ഞ വ്യാഴാഴ്ച രണ്ട് ഡിഫൻസ് ഗാർഡുകളെ ഭീകരർ തട്ടിക്കൊണ്ടുപോയി വെടിവെച്ചു കൊന്നിരുന്നു. ഈ ഭീകരർ സുരക്ഷാസേനയുടെ പിടിയിലായതായി കിഷ്ത്വാർ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കശ്മീരിൽ വിവിധ പ്രദേശങ്ങളിലായി നുഴഞ്ഞുകയറ്റ ശ്രമങ്ങളുണ്ടാവുന്നുണ്ട്.
ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ (Jammu Kashmir encounter). കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് ഏറ്റുമുട്ടലാണ് കശ്മീരിൽ റിപ്പോർട്ട് ചെയ്തത്. ഏറ്റുമുട്ടലിൽ രണ്ടു സൈനികർക്ക്പരിക്കേറ്റു. പ്രദേശത്ത് മൂന്ന് ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ കിഷ്ത്വാർ മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് വിവരം.
കഴിഞ്ഞദിവസം രാത്രി ബാരാമുള്ളയിലാണ് ഏറ്റുമുട്ടൽ ആരംഭിക്കുന്നത്. രാവിലെ വരെ തുടർന്ന ബാരാമുള്ളയിലെ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. പിന്നാലെയാണ് ശ്രീനഗറിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്.
സുരക്ഷാ സേനയുടെയും ജമ്മു കശ്മീർ പോലീസിന്റെയും സംയുക്ത പട്രോളിങ്ങിനിടെയാണ് ശ്രീനഗറിലെ സബർവൻ വനമേഖലയിൽ ഏറ്റുമുട്ടലാരംഭിക്കുന്നത്. പിന്നാലെ കിഷ്ത്വാറിലും ആക്രമണമാരംഭിക്കുകയായിരുന്നു. കിഷ്ത്വാർ ജില്ലയിലെ ചാസ് മേഖലയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മിലേറ്റുമുട്ടൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച രണ്ട് ഡിഫൻസ് ഗാർഡുകളെ ഭീകരർ തട്ടിക്കൊണ്ടുപോയി വെടിവെച്ചു കൊന്നിരുന്നു. ഈ ഭീകരർ സുരക്ഷാസേനയുടെ പിടിയിലായതായി കിഷ്ത്വാർ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കശ്മീരിൽ വിവിധ പ്രദേശങ്ങളിലായി നുഴഞ്ഞുകയറ്റ ശ്രമങ്ങളുണ്ടാവുന്നുണ്ട്.