Mushtaq Ahmad Shah Bukhari Died: തെരഞ്ഞെടുപ്പിന് പിന്നാലെ ജമ്മു കശ്മീരിലെ ബിജെപി സ്ഥാനാർഥി മുഷ്‌താഖ് അഹമ്മദ് ഷാ ബുഖാരി അന്തരിച്ചു
Jammu and Kashmir BJP Candidate Bukhari Dies: സെപ്റ്റംബർ 25-ന് നടന്ന തെരഞ്ഞെടുപ്പിൽ സൂരൻകോട്ട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായി ബുഖാരി മത്സരിച്ചിരുന്നു.
ന്യൂഡൽഹി: ജമ്മു-കശ്മീർ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച മുഷ്‌താഖ് അഹമ്മദ് ഷാ ബുഖാരി (75) അന്തരിച്ചു. കുറച്ച് നാളുകളായി സുഖമില്ലാതെയിരുന്ന ബുഖാരി ഹൃദയസ്തംഭനത്തെ തുടർന്നാണ് മരിച്ചത്. പൂഞ്ച് വസതിയിലെ സ്വവസതിയിൽ ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് മരണം. ബുഖാരിയുടെ മരണം ജമ്മു കാശ്മീരിൽ പാർട്ടിക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രവീന്ദർ റെയ്ന പറഞ്ഞു. സെപ്റ്റംബർ 25-ന് നടന്ന തെരഞ്ഞെടുപ്പിൽ സൂരൻകോട്ട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായാണ് ബുഖാരി മത്സരിച്ചത്.
40 വർഷത്തോളം നാഷണൽ കോൺഫറൻസ് പ്രവർത്തകനായിരുന്ന ബുഖാരി മുൻ മന്ത്രിയുമായിരുന്നു. പൂഞ്ച് ജില്ലയിലെ സൂരൻകോട്ട് മണ്ഡലത്തിൽ മത്സരിച്ച് അദ്ദേഹം രണ്ട് തവണ എംഎൽഎ ആയിട്ടുണ്ട്. ജമ്മു കശ്മീരിലെ പഹാടി വിഭാഗത്തിൽപെട്ടവരെ പട്ടിക വർഗമാക്കികൊണ്ട് കേന്ദ്ര സർക്കാർ തീരുമാനം എടുത്തതിന് പിന്നാലെ 2023-ലാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. പഹാടി വിഭാഗത്തിൽപ്പെട്ട രാഷ്ട്രീയ നേതാവായിരുന്നു ബുഖാരി.
ALSO READ: ജമ്മു കശ്മീർ നിയമസഭ തിരഞ്ഞെടുപ്പ്; അവസാനഘട്ടം വോട്ടെടുപ്പിന് തുടക്കം
പട്ടിക വർഗത്തിൽപെട്ടവരുടെ അവകാശ തർക്കങ്ങളുമായി ബന്ധപ്പെട്ട് നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ളയുമായി ബുഖാരിക്ക് സ്വരച്ചേർച്ചകൾ ഉണ്ടായിരുന്നു. അതേത്തുടർന്ന് 2022-ലാണ് അദ്ദേഹം പാർട്ടി വിട്ടത്. പൂഞ്ചിലെ വീട്ടിൽ ഭാര്യയ്ക്കും മക്കൾക്കുമൊപ്പമാണ് ബുഖാരി താമസിച്ചിരുന്നത്. അദ്ദേഹത്തിന് രണ്ട് പെൺമക്കളും ഒരു മകനുമാണുള്ളത്.
Shocked & deeply pained to hear about the demise of a Political Stalwart and BJP Candidate from Surankote Assembly Constituency Jenab #Sayeed_Mushtaq_Bukhari Sahib. This is an irreparable loss of whole of the society in Rajouri & Poonch. I express my heartfelt condolences. pic.twitter.com/Q92v1CZ503
— Ravinder Raina (@RavinderRaina) October 2, 2024