China HMPV Outbreak: ചൈനയിലെ സ്ഥിതി അസാധാരണമല്ല, രോഗവ്യാപനത്തിന് പിന്നിൽ സാധാരണ രോഗകാരികൾ: ആരോഗ്യമന്ത്രാലയം
HMPV Outbreak In China: എന്നാൽ രാജ്യത്ത് അസാധാരണമായ രോഗപ്പകർച്ച ഇല്ലെന്നാണ് ചൈന ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്. രോഗം പടരുന്നത് തടയാൻ ചൈന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചൈനയുമായി അടുത്തുള്ള രാജ്യങ്ങൾ, തങ്ങളുടെ പൗരന്മാരോട് ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ ഹോങ്കോങ്ങിലും എച്ച്എംപിവി വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ന്യൂഡൽഹി: ചൈനയിൽ അതിവേഗം ഹ്യൂമൻമെറ്റാന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്ന സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ചൈനയിൽ എച്ച്എംപിവി രോഗികളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ആരോഗ്യമന്ത്രാലയം ശനിയാഴ്ച സംയുക്തയോഗം വിളിച്ചുചേർത്തിരുന്നു. ചൈനയിലെ നിലവിലെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനയോട് വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഇപ്പോൾ ചൈനയിൽ നിന്ന് പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് സ്ഥിതി അസാധാരണമായി കണക്കാക്കാനാവില്ലെന്നും നിലവിലെ രോഗികളുടെ നിരക്കിന് പിന്നിൽ ഇൻഫ്ലുവൻസ വൈറസ്, ആർഎസ്വി., എച്ച്എംപിവി തുടങ്ങിയവയാണ്. സീസണലായി കണ്ടുവരുന്ന സാധാരണ രോഗകാരികൾ തന്നെയാണ് ഇവയുടെ വർധനവിന് പിന്നിലെന്നും യോഗത്തിന് പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇന്ത്യയുൾപ്പെടെ ആഗോളതലത്തിൽ ഇതിനകം പ്രചാരത്തിലുള്ള വൈറസുകളാണ് ഇവയെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ), ഡിസാസ്റ്റർ മാനേജ്മെന്റ് (ഡിഎം) സെൽ, ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം (ഐഡിഎസ്പി), നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി), എമർജൻസി മെഡിക്കൽ റിലീഫ് (ഇഎംആർ) എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ ഡിവിഷനും എയിംസ്-ഡൽഹി ഉൾപ്പെടെയുള്ള ആശുപത്രികളിൽ നിന്നുള്ളവരും, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) യോഗത്തിൽ പങ്കെടുത്തിരുന്നു. സീസണലായ സാഹചര്യങ്ങളാണ് നിലവിൽ ഇൻഫ്‌ലുവൻസ വൈറസ്, ആർ എസ് വി, എച്ച്എംപിവി എന്നിവയുടെ വർധനയ്ക്ക് കാരണമായി യോഗത്തിൽ വിലയിരുത്തിയത്.
ALSO READ: മണ്ണിലെ വിഷാംശം തിന്നും, ഈ ബാക്ടീരിയകള്‍ കര്‍ഷകന്റെ ‘മിത്രം’; ഐഐടി ബോംബെയിലെ ഗവേഷകരുടെ കണ്ടെത്തല്‍
അതിനിടെ എച്ച്എംപിവി ക്രമാതീതമായി പടരുന്ന സാഹചര്യത്തിൽ ആശങ്കയുടെ ആവശ്യമില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസ് (ഡിജിഎച്ച്എസ്) വ്യക്തമാക്കിയിരുന്നു. ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസനപ്രശ്‌നം മാത്രമാണിതെന്നാണ് ഡിജിഎച്ച്എസ് പറയുന്നത്. ശ്വാസകോശ സംബന്ധമായ അണുബാധകൾക്ക് സാധാരണ എടുക്കാറുള്ള മുൻകരുതലുകൾ തന്നെ ഇക്കാര്യത്തിലും സ്വീകരിക്കണമെന്നും ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിൻ്റെയും വിലയിരുത്തൽ.
എന്നാൽ രാജ്യത്ത് അസാധാരണമായ രോഗപ്പകർച്ച ഇല്ലെന്നാണ് ചൈന ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്. രോഗം പടരുന്നത് തടയാൻ ചൈന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചൈനയുമായി അടുത്തുള്ള രാജ്യങ്ങൾ, തങ്ങളുടെ പൗരന്മാരോട് ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ ഹോങ്കോങ്ങിലും എച്ച്എംപിവി വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹ്യൂമൻ മെറ്റ്‌ന്യൂമോ വൈറസ് ആണ് ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന രോഗം പടർത്തുന്നതെന്നാണ് കണ്ടെത്തൽ. കടുത്ത ചുമ, മൂക്കൊലിപ്പ്, അടഞ്ഞ മൂക്ക്, പനി, തൊണ്ടവേദന എന്നിവയാണ് സാധാരണ രോഗലക്ഷണങ്ങളായി പറയുന്നത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഇന്ത്യയിൽ വൻതോതിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ചൈനയിലെ രോഗപ്പകർച്ചയിൽ ഇന്ത്യയിൽ പരിഭ്രാന്തി വേണ്ടെന്നും, എച്ച്എംപിവി വൈറസിനെതിരെ പ്രത്യേക ആന്റി വൈറൽ ചികിത്സ കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ, രോഗം പകരുന്നത് തടയാനുള്ള മുൻകരുതൽ സ്വീകരിക്കണമെന്നും ആരോഗ്യ വിദഗ്ധർ നിർദ്ദേശം നൽകിയിട്ടുണ്ട്.