Haryana Hindutva Message: ഗോസംരക്ഷകര്‍ തോക്കുകള്‍ ഉപയോഗിക്കണം; മുസ്ലിങ്ങളെ ഭീതിയിലാക്കി വാട്‌സ്ആപ്പ് സന്ദേശം
Hindutva WhatsApp Message in Haryana: സ്വയം പ്രഖ്യാപിത ഗോസംരക്ഷകര്‍ കൂട്ടത്തോടെ തോക്കുകള്‍ക്ക് ലൈസന്‍സ് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത് നേരത്തെ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ തോക്കുകള്‍ ആയുധമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വാട്‌സ്ആപ്പ് സന്ദേശം പ്രചരിപ്പിക്കുന്നത്.
ചണ്ഡീഗഡ്: ഹരിയാനയില്‍ ഗോസംരക്ഷകര്‍ തോക്കുകള്‍ ആയുധമാക്കി ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ടുള്ള വാട്‌സ്ആപ്പ് സന്ദേശം പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. തീവ്ര ഹിന്ദുത്വവാദികളുടെ നിയന്ത്രണത്തിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലാണ് ഇത്തരം സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. ഹരിയാനയിലെ മേവാത്ത് ജില്ലയിലാണ് സംഭവം. വാട്‌സ്ആപ്പ് സന്ദേശത്തിന് പിന്നാലെ പ്രദേശത്തെ മുസ്ലിം വിഭാഗക്കാര്‍ക്കിടയില്‍ ഭീതി വളര്‍ന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
സ്വയം പ്രഖ്യാപിത ഗോസംരക്ഷകര്‍ കൂട്ടത്തോടെ തോക്കുകള്‍ക്ക് ലൈസന്‍സ് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത് നേരത്തെ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ തോക്കുകള്‍ ആയുധമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വാട്‌സ്ആപ്പ് സന്ദേശം പ്രചരിപ്പിക്കുന്നത്. നിരവധി വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഇത്തരം സന്ദേശം പ്രചരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മേവാത്തിലെ ബിസാരു ഗ്രാമത്തിലെ താമസക്കാരനായ ദയ റാമിനെ ഗോസംരക്ഷകര്‍ ആക്രമച്ചതിന് തൊട്ടുപിന്നാലെയാണ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ സന്ദേശമെത്തിയത്. പ്രദേശത്ത് കഴിഞ്ഞ രണ്ട് വര്‍ഷമായി ക്ഷീരകര്‍ഷകരായ മുസ്ലിങ്ങള്‍ക്ക് നേരെ ആക്രമണം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ആക്രണങ്ങളെ തുടര്‍ന്ന് രണ്ട് യുവാക്കള്‍ ഈയടുത്തിടെ ഇവിടെ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
2023 ഫെബ്രുവരിയിലാണ് ബീഫ് കടത്തിയെന്നാരോപിച്ച് ജുനൈദ്, നസീര്‍ എന്നീ യുവാക്കളെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയില്‍ ഒരു വാഹനത്തില്‍ നിന്ന് ഇരുവരുടെയും കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇരുവരുടെയും മരണത്തിന് ശേഷം ക്ഷീരമേഖലലയില്‍ ജോലി ചെയ്തിരുന്ന പലരും തൊഴില്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.