Haryana Election Result 2024 : ‘വോട്ടിങ് മെഷീനുകളിൽ ഹാക്കിങ് നടന്നു’; പരാതിനൽകി കോൺഗ്രസ്
Haryana Election Congress Alleges EVM Hacked : ഹരിയാനയിലെ വോട്ടിങ് മെഷീനുകൾ ഹാക്ക് ചെയ്തെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിനൽകി കോൺഗ്രസ്. ഇതിനുള്ള തെളിവ് നൽകിയിട്ടുണ്ടെന്നും കോൺഗ്രസ് പറഞ്ഞു.
ഹരിയാന തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന് കോൺഗ്രസ്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ ഹാക്കിങ് നടന്നെന്നാരോപിച്ച് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിനൽകി. ഹരിയാനയിൽ കനത്ത തോൽവിയാണ് കോൺഗ്രസിന് ഏൽക്കേണ്ടിവന്നത്. ആദ്യ ഫലസൂചനകളിൽ മുന്നിൽ നിന്ന കോൺഗ്രസ് വിജയമുറപ്പിച്ചെന്ന് കരുതി ആഘോഷം തുടങ്ങിയിരുന്നു. എന്നാൽ, തുടക്കത്തിൽ പിന്നിട്ട് നിന്നെങ്കിലും ശക്തമായി തിരിച്ചുവന്ന ബിജെപി മൂന്നാം തവണയും അധികാരം പിടിക്കുകയായിരുന്നു.
20 വോട്ടിങ് മെഷീനുകളിൽ ഹാക്കിങ് നടന്നു എന്നാണ് കോൺഗ്രസിൻ്റെ പരാതി. ഏഴെണ്ണത്തിൽ ഹാക്കിങ് നടന്നതിന് തെളിവ് സമർപ്പിച്ചിട്ടുണ്ടെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര അറിയിച്ചു. കര്‍ണാല്‍, ദബ്‌വാലി, റെവാരി, പാനിപ്പത്ത് സിറ്റി, ഹോദല്‍, കല്‍ക്ക, നര്‍നൗള്‍ എന്നിവിടങ്ങളില്‍ ഇവിഎം ഹാക്ക് ചെയ്തതിനുള്ള തെളിവുകൾ സമർപ്പിച്ചു എന്നാണ് പവൻ ഖേരയുടെ വിശദീകരണം. അന്വേഷണം പൂർത്തിയാകുന്നത് വരെ എല്ലാ മെഷീനുകളും സീൽ ചെയ്ത് സുരക്ഷിതമായി സൂക്ഷിക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇവിഎം വോട്ടുകൾ എണ്ണുമ്പോഴാണ് പാർട്ടിയുടെ വോട്ടുകൾ ഇടിയാൻ തുടങ്ങിയതെന്ന് ഹരിയാന മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ ഭൂപീന്ദര്‍ സിങ് ഹൂഡ പറഞ്ഞു. തപാൽ വോട്ടുകൾ എണ്ണിയപ്പോൾ കോൺഗ്രസ് മുന്നിലായിരുന്നു. ഇവിഎമ്മുകൾ ഹാക്ക് ചെയ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.
48 സീറ്റുകളിൽ വിജയക്കൊടി പാറിച്ചാണ് ബിജെപി തുടർച്ചയായ മൂന്നാം തവണയും ഹരിയാന പിടിച്ചത്. 90 സീറ്റുകളാണ് ഹരിയാനയിൽ ആകെ ഉള്ളത്. 37 സീറ്റുകളിൽ വിജയിക്കാനേ കോൺഗ്രസിന് സാധിച്ചുള്ളൂ. നിലവിലെ മുഖ്യമന്ത്രി നയാബ് സിംഗ് സെയ്‌നി തന്നെ വീണ്ടും മുഖ്യമന്ത്രി ആയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇതിനിടെ ഫലം വരുന്നതിന് മുൻപ് ആഘോഷിച്ച് ഇളിഭ്യരായ കോൺഗ്രസിനെ ട്രോളി ഹരിയാന ബിജെപി രംഗത്തുവന്നു. പ്രമുഖ ഫൂഡ് ഡെലിവറി ആപ്പായ സ്വിഗിയിൽ ഡൽഹിയിലെ കോൺഗ്രസ് ഓഫീസിലേക്ക് ഒരു കിലോ ജിലേബി ഓർഡർ ചെയ്താണ് ഹരിയാന ബിജെപിയുടെ ട്രോൾ. തങ്ങളുടെ എക്സ് ഹാൻഡിലിൽ ഓർഡറിൻ്റെ സ്ക്രീൻഷോട്ട് ബിജെപി പങ്കുവച്ചു. ‘എല്ലാ ബിജെപി പ്രവർത്തകരുടെയും പേരിൽ രാഹുൽ ഗാന്ധിയുടെ വീട്ടിലേക്ക് ജിലേബി അയക്കുന്നു’ എന്ന കുറിപ്പും ഈ എക്സ് പോസ്റ്റിൽ ഉണ്ടായിരുന്നു. ഡൽഹി കോൺഗ്രസ് ഓഫീസ് വിലാസമായ 24, അക്ബർ റോഡ്, ന്യൂഡൽഹി എന്നതാണ് സ്ക്രീൻഷോട്ടിലെ വിലാസം.