Haryana Election Result 2024 : സ്വിഗിയിൽ കോൺഗ്രസ് ഓഫീസിലേക്ക് ജിലേബി ഓർഡർ ചെയ്ത് ഹരിയാന ബിജെപി; പോസ്റ്റ് വൈറൽ
BJP Orderd Jalebis To Congress Office : കോൺഗ്രസ് ഓഫീസിലേക്ക് ജിലേബി ഓർഡർ ചെയ്ത് ഹരിയാന ബിജെപി. ഹരിയാന ബിജെപിയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഹരിയാന തിരഞ്ഞെടുപ്പിൽ ബിജെപി ഹാട്രിക്ക് ജയം നേടിയിരുന്നു. ആദ്യ ഫലസൂചനകളിൽ മുന്നിൽ നിന്ന കോൺഗ്രസിനെ മലർത്തിയടിച്ചാണ് ബിജെപി തുടരെ മൂന്നാം തവണയും അധികാരത്തിലേറിയത്. ആദ്യ ഫലസൂചനകളിൽ മുന്നിലാണെന്ന് കണ്ട കോൺഗ്രസ് പ്രാദേശികമായി ചിലയിടങ്ങളിൽ ആഘോഷം തുടങ്ങിയിരുന്നു. ചില കോൺഗ്രസ് ഓഫീസുകൾ ലഡുവും ജിലേബിയുമൊക്കെ ഓർഡർ ചെയ്യുകയും ചെയ്തു. എന്നാൽ, സാവധാനത്തിൽ ബിജെപി കളം പിടിച്ചതോടെ ഇതൊക്കെ അസ്ഥാനത്തായി. ഓർഡർ ചെയ്ത ലഡു ഓർഡർ ക്യാൻസൽ ചെയ്തെന്ന വാർത്തയും വന്നു. ഇത്തരത്തിൽ പണികിട്ടിയ കോൺഗ്രസിനെ ട്രോളിയിരിക്കുകയാണ് ഹരിയാന ബിജെപി.
പ്രമുഖ ഫൂഡ് ഡെലിവറി ആപ്പായ സ്വിഗിയിൽ കോൺഗ്രസ് ഓഫീസിലേക്ക് ഒരു കിലോ ജിലേബി ഓർഡർ ചെയ്തിരിക്കുകയാണ് ഹരിയാന ബിജെപി. തങ്ങളുടെ എക്സ് ഹാൻഡിലിൽ പങ്കുവച്ച സ്ക്രീൻഷോട്ടിലാണ് ഹരിയാന ബിജെപി ഇക്കാര്യം അറിയിച്ചത്. ‘എല്ലാ ബിജെപി പ്രവർത്തകരുടെയും പേരിൽ രാഹുൽ ഗാന്ധിയുടെ വീട്ടിലേക്ക് ജിലേബി അയക്കുന്നു’ എന്നതാണ് കുറിപ്പ്. ഡൽഹി കോൺഗ്രസ് ഓഫീസിൻ്റെ അഡ്രസാണ് സ്ക്രീൻഷോട്ടിൽ കാണുന്നത്. 24, അക്ബർ റോഡ്, ന്യൂഡൽഹി എന്നതാണ് അഡ്രസ്. പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
കോൺഗ്രസ് ഓഫീസിലേക്ക് ജിലേബി അയയ്ക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. ഹരിയാന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധി പ്രദേശത്തെ ജിലേബി ഉത്പാദനത്തെപ്പറ്റി സൂചിപ്പിച്ചിരുന്നു. പ്രദേശത്തുണ്ടാക്കുന്ന ജിലേബികൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിറ്റഴിക്കപ്പെടുന്നുണ്ട്. ഇവ കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്. ഇതുവഴി തൊഴിലവസരങ്ങൾ ഉണ്ടാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. സർക്കാരിൻ്റെ ജിഎസ്ടി നയം ജിലേബി കച്ചവടക്കാരെ ബാധിക്കുന്നുണ്ട് എന്നും അദ്ദേഹം ആരോപിച്ചിരുന്നു.
48 സീറ്റുകളിൽ വിജയിച്ചാണ് ബിജെപി തുടർച്ചയായ മൂന്നാം തവണയും ഹരിയാനയിൽ ഭരണം പിടിച്ചത്. 90 സീറ്റുകളാണ് ഹരിയാനയിൽ ആകെ ഉള്ളത്. കോൺഗ്രസിന് 37 സീറ്റുകളിൽ വിജയിക്കാനേ സാധിച്ചുള്ളൂ. നയാബ് സിംഗ് സെയ്‌നി തന്നെ വീണ്ടും മുഖ്യമന്ത്രി ആയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡൻ്റ് ഒമർ അബ്ദുള്ളയാവും മുഖ്യമന്ത്രി. കശ്മീരിൽ കോൺഗ്രസ്- കോൺഫറൻസ് സഖ്യം ആധികാരികമായി വിജയിച്ചിരുന്നു.