Used Car Sales: ഉപയോഗിച്ച വാഹനങ്ങളുടെ വിൽപന; ജിഎസ്ടി 18 ശതമാനമാക്കി ഉയർത്തി, എല്ലാ വാഹനങ്ങൾക്കും ബാധകം
GST Council Hikes Tax: ജീൻ തെറാപ്പിയെ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഹെൽത്ത്, ലൈഫ് ഇൻഷുറൻസ് എന്നിവയുടെ ജിഎസ്ടി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്തിമ തീരുമാനമെട്ടുക്കാൻ ഇനിയും സമയം ആവശ്യമാണെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.
ന്യൂഡൽഹി: ഉപയോഗിച്ച വാഹനങ്ങൾ കമ്പനികൾ വിൽപ്പന (used cars Sales) നടത്തുമ്പോൾ ചുമത്തുന്ന ജിഎസ്ടി ഉയർത്താൻ ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് (GST Council) തീരുമാനം. 18 ശതമാനമായാണ് ജിഎസ്ടി ഉയർത്താൻ തീരുമാനമായത്. നിലവിൽ 12 ശതമാനമായാണ് ജിഎസ്ടി ഈടാക്കുന്നത്. പെട്രോൾ, ഡീസൽ, ഇലക്ട്രിക് തുടങ്ങിയ എല്ലാ വാഹനങ്ങൾക്കും ഇത് ബാധകമായിരിക്കുമെന്നും യോഗത്തിൽ തീരുമാനമായി. ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിച്ചശേഷം വ്യക്തികൾ വിൽക്കുകയാണെങ്കിൽ ജിഎസ്ടി ഉണ്ടാവില്ല. പുതിയ ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി നിലവിൽ അഞ്ച് ശതമാനമാണ്. ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിലാണ് ജിഎസ്ടി കൗൺസിലിൻ്റെ 55-ാമത് യോഗം ചേർന്നത്.
ഒരു വ്യക്തി ഉപയോഗിച്ച വാഹനം വിൽക്കുന്നതും വാങ്ങുന്നതും ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കുന്നത് തുടരും. അതേസമയം സ്വിഗ്ഗി, സൊമാറ്റോ പോലെയുള്ള ഭക്ഷണ വിതരണ ആപ്പുകളുടെ ജിഎസ്ടിയുമായി ബന്ധപ്പെട്ടുള്ള കാര്യത്തിൽ യോഗത്തിൽ തീരുമാനമായിട്ടില്ല. ജീൻ തെറാപ്പിയെ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഹെൽത്ത്, ലൈഫ് ഇൻഷുറൻസ് എന്നിവയുടെ ജിഎസ്ടി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്തിമ തീരുമാനമെട്ടുക്കാൻ ഇനിയും സമയം ആവശ്യമാണെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. കാരണം ഇൻഷുറൻസ് റഗുലേറ്ററി അതോറിറ്റിയിൽനിന്ന് ഇതു സംബന്ധിച്ച് വിവരങ്ങൾ ലഭിക്കാന കാലതാമസമുണ്ടാകും എന്നാണ് വിവരം.
ALSO READ: ക്ഷേത്ര ഭണ്ഡാരത്തിൽ ഐഫോൺ, അബദ്ധത്തിൽ വീണതാണെന്ന് ഭക്തൻ: തിരിച്ചു നൽകാൻ തയ്യാറാകാതെ ക്ഷേത്ര ഭാരവാഹികൾ
ജിഎസ്ടിയിൽ വ്യോമയാന ഇന്ധനം (എടിഎഫ്) ഉൾപ്പെടുത്തുന്ന കാര്യത്തിലും യോഗം തീരുമാനമെടുത്തിട്ടില്ല. എസിസി ബ്ലോക്കുകൾക്ക് 50 ശതമാനവും ഫ്‌ളൈ ആഷിന് 12 ശതമാനവും ജിഎസ്ടി ചുമത്തുമെന്നാണ് ഇന്നലത്തെ യോഗത്തിൽ തീരുമാനിച്ചത്. കർഷകർ വിൽക്കുന്ന കുരുമുളകിനും ഉണക്കമുന്തിരിക്കും ജിഎസ്ടി ഉൾപ്പെടുത്തുന്നത് ഒഴിവാക്കി. കൂടാതെ കശുവണ്ടി കർഷകർ നേരിട്ട് ചെറുകിട വിൽപ്പന നടത്തിയാലും ജിഎസ്ടി ഉണ്ടാകില്ല.
ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന്റെ നികുതി കുറച്ചേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. അതുപോലെ സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമായി കുറയ്ക്കുന്ന കാര്യം പരിഗണിക്കുമെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. അതിനിടെ കാരമൽ പോപ്‌കോണിന്റെ ജിഎസ്ടി 12 ശതമാനമായി ഉയർത്തിയിട്ടുണ്ട്. പഞ്ചസാര ചേർത്ത ഉൽപന്നങ്ങൾക്ക് നിലവിൽ ഉയർന്ന നിരക്കുണ്ടെന്നും കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ചൂണ്ടികാട്ടി.
വായ്പ തിരിച്ചടവ് വൈകിയതിന് ബാങ്കുകൾ ഈടാക്കുന്ന പിഴയ്ക്ക് ജിഎസ്ടി ചുമത്തില്ലെന്നും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ഓൺലൈൻ സേവനം നൽകുമ്പോൾ ഏത് സംസ്ഥാനത്തിനാണ് സേവനം എന്നത് ബില്ലിൽ രേഖപ്പെടുത്തേണ്ടത് നിർബന്ധമാണ്. കേരളമാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്. മുതിർന്ന പൗരന്മാരുടെ ഹെൽത്ത് ഇൻഷുറൻസ് പ്രീമിയത്തെ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കാനും ബിഹാർ ഉപമുഖ്യമന്ത്രി നേരത്തെ നിർദേശം നൽകിയിരുന്നു. അഞ്ച് ലക്ഷം രൂപവരെയുള്ള ഹെൽത്ത് ഇൻഷുറൻസ് പ്രീമിയവും നികുതി വിമുക്തമാക്കിയേക്കും എന്ന റിപ്പോർട്ടുകളും അതിനിടെ പുറത്തുവന്നിരുന്നു.