5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral News: ക്ഷേത്ര ഭണ്ഡാരത്തിൽ ഐഫോൺ, അബദ്ധത്തിൽ വീണതാണെന്ന് ഭക്തൻ: തിരിച്ചു നൽകാൻ തയ്യാറാകാതെ ക്ഷേത്ര ഭാരവാഹികൾ

Devotee Drops Iphone in Temple's Hundi: ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് കറൻസി നോട്ട് പുറത്ത് എടുക്കുമ്പോഴാണ് ഫോൺ ഭണ്ഡാരത്തിലേക്ക് വീണത്.

Viral News: ക്ഷേത്ര ഭണ്ഡാരത്തിൽ ഐഫോൺ, അബദ്ധത്തിൽ വീണതാണെന്ന് ഭക്തൻ: തിരിച്ചു നൽകാൻ തയ്യാറാകാതെ ക്ഷേത്ര ഭാരവാഹികൾ
Representational ImagesImage Credit source: SOPA Images/Getty Images
nandha-das
Nandha Das | Updated On: 21 Dec 2024 20:30 PM

ചെന്നൈ: ക്ഷേത്ര ഭണ്ഡാരത്തിൽ അബദ്ധത്തിൽ വീണ ഐഫോൺ തിരിച്ചു നൽകാൻ വിസമ്മതിച്ച്‌ തമിഴ്‌നാട്ടിലെ ഒരു ക്ഷേത്ര ഭാരവാഹികൾ. ക്ഷേത്ര ഭണ്ഡാരത്തിൽ വീഴുന്ന എന്തും ദൈവത്തിന്റേതാണെന്നാണ് അവരുടെ വാദം. ഇത് ചൂണ്ടിക്കാട്ടിയാണ് ഭാരവാഹികൾ ഫോൺ ഉടമയ്ക്ക് തിരികെ നൽകാൻ വിസമ്മതിച്ചത്. ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് കറൻസി നോട്ട് പുറത്തെടുക്കുമ്പോഴാണ് ഫോൺ ഭണ്ഡാരത്തിലേക്ക് വീണത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വിനായകപുരം സ്വദേശിയായ ദിനേശ് എന്ന യുവാവിന്റെ ഫോൺ ആണ് ഭണ്ഡാരത്തിൽ വീണത്. കഴിഞ്ഞ മാസം ആണ് ദിനേശ് കുടുംബത്തോടൊപ്പം ചെന്നൈക്കടുത്തുള്ള തിരുപോരൂരിലെ അറുൽമിഗു കന്ദസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയത്. പൂജ കഴിഞ്ഞതും ഭണ്ഡാരത്തിൽ പണം ഇടാനായി ദിനേശ് പോയി. ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് പൈസ എടുക്കുന്നതിനിടെ ആണ് ഐഫോൺ ഭണ്ഡാരത്തിൽ വീഴുന്നത്. തുടർന്ന്, ദിനേശ് ക്ഷേത്ര ഭാരവാഹികളുമായി ബന്ധപ്പെട്ടു. എന്നാൽ, ഭണ്ഡാരത്തിൽ വഴിപാട് വെച്ച് കഴിഞ്ഞാൽ അത് ദൈവത്തിന്റെ സ്വത്തായി മാറുമെന്നാണ് ഭാരവാഹികൾ പറഞ്ഞത്.

അതിനു പുറമെ, അവിടുത്തെ ആചാര പ്രകാരം രണ്ടു മാസത്തിൽ ഒരിക്കൽ മാത്രമേ ഭണ്ഡാരം തുറക്കുകയുള്ളൂ എന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഇതോടെ ദിനേശ് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് അധികൃതർക്ക് പരാതി നൽകുകയായിരുന്നു. ഇവർ ഇടപെട്ടാണ് ഭണ്ഡാരപ്പെട്ടി തുറക്കാൻ തീരുമാനം ആയത്.

അതോടെ വെള്ളിയാഴ്ച ക്ഷേത്ര ഭാരവാഹികൾ ഭണ്ഡാരം തുറന്നു. ഫോൺ കിട്ടുമെന്ന പ്രതീക്ഷയിലാണ് സംഭവ ദിവസം ദിനേശ് ക്ഷേത്രത്തിൽ എത്തുന്നത്. എന്നാൽ, ഫോൺ നൽകില്ല, പകരം സിമ്മും ഫോണിലെ അത്യാവശ്യ ഡാറ്റകളും എടുക്കാം എന്ന മറുപടി ആണ് ക്ഷേത്ര ഭാരവാഹികളിൽ നിന്ന് ലഭിച്ചത്. എന്നാൽ ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിൽ ദിനേശും ഉറച്ചു നിന്നു.

ദിനേശ് ഫോൺ ഭണ്ഡാരപ്പെട്ടിയിൽ ഇട്ടതാകും, പിന്നീട് മനസ് മാറിയത് ആണെന്നുമുള്ള നിലപാടിൽ ആണ് ക്ഷേത്ര ഭാരവാഹികൾ. ഭണ്ഡാരത്തിലേക്ക് ഫോൺ അബദ്ധത്തിൽ വീഴാനുള്ള സാധ്യത വളരെ കുറവാണ്. ഇരുമ്പ് കാബിനറ്റ് ഉപയോഗിച്ച് ഭണ്ഡാരം നന്നായി കവർ ചെയ്തിട്ടുണ്ടെന്നും ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ പ്രതികരിച്ചു.

അതേസമയം, കേരളത്തിലും ഇതിന് സമാനമായൊരു സംഭവം ഇതിന് മുൻപ് നടന്നിട്ടുണ്ട്. ആലപ്പുഴ സ്വദേശിനിയായ എസ് സംഗീത, 2023 മെയ് മാസത്തിൽ പഴനിയിലെ ദണ്ഡയുതപാണി സ്വാമി ക്ഷേത്രം സന്ദർശിച്ച സമയത്ത് അബദ്ധത്തിൽ ഭണ്ഡാരപ്പെട്ടിയിൽ വീണത് അവരുടെ 1.75 പവൻ സ്വർണ മാലയാണ്. വഴിപാട് നടത്തുന്നതിന്റെ ഭാഗമായി കഴുത്തിലെ തുളസിമാല അഴിച്ചപ്പോഴാണ് സ്വർണ മാല ഭണ്ഡാരത്തിൽ വീഴുന്നത്. ഇതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മാല അബദ്ധത്തിൽ വീണതാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന്, ഇവരുടെ സാമ്പത്തിക നില കണക്കിലെടുത്ത് ക്ഷേത്ര ഭരണസമിതി ചെയർമാൻ‌ അതേ വില വരുന്ന പുതിയ സ്വർണ മാല സ്വന്തം ചെലവിൽ വാങ്ങി അവർക്ക് നൽകുകയായിരുന്നു.

Latest News