TPG Nambiar Dies: ബിപിഎൽ സ്ഥാപകൻ ടി പി ജി നമ്പ്യാർ അന്തരിച്ചു
BPL Founder TPG Nambiar Dies: ബെംഗളൂരുവിലെ ലാവെല്ലേ റോഡിലുള്ള സ്വവസതിയിൽ വെച്ച് രാവിലെ ആയിരുന്നു അന്ത്യം.
ബെംഗളൂരു: ബിപിഎല്ലിന്‍റെ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ടിപിജി നമ്പ്യാർ അന്തരിച്ചു. 96 വയസ്സായിരുന്നു. ബെംഗളൂരുവിലെ ലാവെല്ലേ റോഡിലുള്ള സ്വവസതിയിൽ വെച്ച് ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് കാലമായി അദ്ദേഹം വിശ്രമത്തിലായിരുന്നു. മുൻ കേന്ദ്രമന്ത്രിയും വ്യവസായ പ്രമുഖനുമായ രാജീവ് ചന്ദ്രശേഖർ ഇദ്ദേഹത്തിന്റെ മരുമകനാണ്.
പ്രമുഖ ഇലക്ട്രോണിക്സ് ഉപകരണനിർമാണ ബ്രാൻഡുകളിൽ ഒന്നാണ് ബിപിഎൽ. തലശ്ശേരി സ്വദേശിയായ ടിപിജി നമ്പിയാർ 1963 -ലാണ് ബ്രിട്ടീഷ് ഫിസിക്കൽ ലബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആരംഭിക്കുന്നത്. അതേ പേരിൽ അന്നുണ്ടായിരുന്ന ബ്രിട്ടീഷ് കമ്പനിയുമായി സഹകരിച്ചാണ് ഇത് തുടങ്ങുന്നത്. ഇന്ത്യൻ പ്രതിരോധ സേനകൾക്കായി ചെറിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളാണ് ആദ്യ കാലങ്ങളിൽ നിർമിച്ചിരുന്നത്.
ALSO READ: ടി പി ജി നമ്പ്യാർ, രാജ്യത്ത് ടെലികമ്മ്യൂണിക്കേഷൻ വിപ്ലവത്തിനു കാരണക്കാരനായ മലയാളി
1982 കാലഘട്ടത്തിൽ ഏഷ്യൻ ഗെയിംസിന് ശേഷം രാജ്യത്തെ വിപണിയിൽ കളർ ടിവികൾക്കും, വീഡിയോ കാസറ്റുകൾക്കുമുണ്ടായ ഡിമാൻഡ് മനസിലാക്കിയാണ് ബിപിഎൽ അത്തരം ഉപകരണങ്ങളുടെ നിർമാണത്തിലേക്ക് കടക്കുന്നത്. അങ്ങനെ 1990-കളോടെ, ഇന്ത്യൻ ഇലക്ട്രോണിക്സ് നിർമാണ രംഗത്ത് ബിപിഎൽ സ്വന്തമായ മുഖമുദ്ര പതിപ്പിച്ചു. പിന്നീട്, ടെലികമ്മ്യൂണിക്കേഷൻ, മൊബൈൽ രംഗത്തേക്കും ബിപിഎൽ വ്യവസായം വികസിപ്പിച്ചു. നിലവിൽ, മെഡിക്കൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ നിർമാണത്തിലാണ് ഇവർ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്.
വ്യവസായ രംഗത്തെ നിരവധി പ്രമുഖരാണ് ടിജിപി നമ്പ്യാർക്ക് ആദരാജ്ഞലികൾ അർപ്പിച്ചത്. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 11 മണിക്ക് ബെംഗളൂരു ബയ്യപ്പനഹള്ളി ടെർമിനലിനടുത്തുള്ള കൽപ്പള്ളി ശ്‌മശാനത്തിൽ വെച്ച് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.