New Delhi : അനധികൃത കുടിയേറ്റക്കാരെ തടയാനെന്ന് വിശദീകരണം; പച്ചക്കറിച്ചന്തയിൽ കച്ചവടക്കാർ പേരും മൊബൈൽ നമ്പരും പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശം
Street Vendor In New Delhi Vegetable Market : ഡൽഹി പച്ചക്കറിച്ചന്തയിലെ കച്ചവടക്കാർ സ്വന്തം പേരും മൊബൈൽ നമ്പരും പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശം. അനധികൃത കുടിയേറ്റക്കാർ പച്ചക്കറി വിൽക്കുന്നത് തടയുകയാണ് ലക്ഷ്യമെന്ന് മാർക്കറ്റ് അസോസിയേഷനും ബിജെപി ലോക്കൽ കൗൺസിലറും പറയുന്നു.
ഡൽഹിയിലെ പച്ചക്കറിച്ചന്തയിൽ കച്ചവടക്കാർ പേരും മൊബൈൽ നമ്പരും പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശം. ഡൽഹി നജഫ്ഗഡിലെ പച്ചക്കറിച്ചന്തയിൽ കച്ചവടം നടത്തുന്ന വഴിയോരക്കച്ചവടക്കാർക്കാണ് ബിജെപിയുടെ ലോക്കൽ കൗൺസിലറും മാർക്കറ്റ് അസോസിയേഷനും ഈ നിർദ്ദേശം നൽകിയത്. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരും റോഹിങ്ക്യൻ അഭയാർത്ഥികളും ഇവിടെ കച്ചവടം നടത്താതിരിക്കാനാണ് തീരുമാനമെന്ന് അസോസിയേഷൻ പറയുന്നു.
തങ്ങളുടെ ഉന്തുവണ്ടിയിൽ പേരും മൊബൈൽ നമ്പരും പ്രദർശിപ്പിക്കണമെന്നാണ് നിർദ്ദേശം. ഓരോ ഉന്തുവണ്ടികൾക്കും സവിശേഷകരമായ നമ്പരുണ്ടാവും. ലോക്കൽ കൗൺസിലറുമായി മാർക്കറ്റ് അസോസിയേഷൻ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. പരിചയമില്ലാത്ത കച്ചവടക്കാർ ഇവിടെ പച്ചക്കറി വിൽക്കുന്നു എന്ന് പരാതി ഉയർന്നിരുന്നു. ഇവർ ബംഗ്ലാദേശിൽ നിന്നും മ്യാന്മറിൽ നിന്നും എത്തിയ അനധികൃത കുടിയേറ്റക്കാരാണോ എന്നും സംശയമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.
Also Read : Children’s Day 2024: എങ്ങനെ നവംബർ 14 ശിശുദിനമായി ? ആ കഥ ഇങ്ങനെ…
ആരെയും സാമുദായികമായി വേർതിരിക്കാനല്ല ഇത്തരമൊരു നീക്കം എന്ന് ബിജെപിയുടെ ലോക്കൽ കൗൺസിലർ അമിത് ഖർഖരി പറഞ്ഞു. ഏതെങ്കിലും തരത്തിൽ ആരെയെയെങ്കിലും വേർതിരിക്കുകയല്ല ലക്ഷ്യം. സുരക്ഷ മാത്രമാണ് തീരുമാനത്തിന് പിന്നിലെന്നും ഖർഖരി വ്യക്തമാക്കി. ചന്തയിലെ എല്ലാ വഴിയോര കച്ചവടക്കാരോടും ആധാർ കാർഡ് പോലെ തിരിച്ചറിയൽ രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നജഫ്ഗഡ് വ്യാപാരി മണ്ഡൽ പ്രസിഡൻ്റ് സന്തോഷ് രജ്പുത് പിടിഐയോട് പ്രതികരിച്ചു. ഈ രേഖകൾ മാർക്കറ്റ് അസോസിയേഷൻ പോലീസിനും മുനിസിപ്പൽ കോർപ്പറേഷനും കൈമാറും. പ്രദേശത്ത് 300ഓളം പേരാണ് പച്ചക്കറികൾ കച്ചവടം ചെയ്യുന്നത്. ഈ മാസം 20ന് മുൻപ് തന്നെ ഇവരുടെയൊക്കെ തിരിച്ചറിയൽ രേഖകൾ സമാഹരിക്കും. പ്രദേശവാസികളും മാർക്കറ്റ് അസോസിയേഷനും ഐകകണ്ഠേനയാണ് തീരുമാനം എടുത്തതെന്നും രജ്പുത് പറഞ്ഞു.
“ഇങ്ങനെയൊരു നീക്കം കൊണ്ട് പച്ചക്കറിച്ചന്തയിലെ വ്യവസ്ഥിതി മാറ്റാനാണ് ശ്രമം. കച്ചവടക്കാരുടെ പേരും മൊബൈൽ നമ്പരും ഉന്തുവണ്ടികളിൽ പ്രദർശിപ്പിച്ചാൽ അവർക്കെതിരെയുള്ള പരാതികൾ ഞങ്ങളെ അറിയിക്കാൻ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യം ലഭിക്കും. അനധികൃത കുടിയേറ്റക്കാർ കച്ചവടം നടത്തുന്നത് കണ്ടെത്താനും ഈ നീക്കം കൊണ്ട് സാധിക്കും. ഈ വിവരങ്ങൾ ഞങ്ങൾ പോലീസിനും മുനിസിപ്പൽ കോർപ്പറേഷനും കൈമാറും. ഇങ്ങനെ പേരും മൊബൈൽ നമ്പരും പ്രദർശിപ്പിക്കാത്തവർക്ക് ചന്തയിൽ സാധനങ്ങൾ വിൽക്കാൻ കഴിയില്ല.”- രജ്പുത് കൂട്ടിച്ചേർത്തു.