Marina Stampede: അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം; മറീന ബീച്ചില്‍ ആളുകള്‍ ശ്വാസം മുട്ടി മരിച്ചു
Air Force Show at Marina Beach: ഇന്ത്യന്‍ വ്യോമസേനയുടെ 92ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് എയര്‍ ഷോ സംഘടിപ്പിച്ചത്. ഇത് കാണാനായി ബീച്ചിലേക്ക് രാവിലെ മുതല്‍ തന്നെ ആളുകള്‍ എത്തി തുടങ്ങിയിരുന്നു.
ചെന്നൈ: ചെന്നൈ മറീന ബീച്ചില്‍ വ്യോമസേന സംഘടിപ്പിച്ച എയര്‍ ഷോ കാണാനെത്തിയ കാണികള്‍ക്ക് ദാരുണാന്ത്യം. ഉയര്‍ന്ന താപനിലയും തിക്കും തിരക്കുമാണ് (Marina Stampede) അപകടത്തിന് കാരണമായത്. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് ജീവന്‍ നഷ്ടമായി 230 ഓളം പേരെയാണ് ഇതുവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇന്ത്യന്‍ വ്യോമസേനയുടെ 92ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് എയര്‍ ഷോ സംഘടിപ്പിച്ചത്. ഇത് കാണാനായി ബീച്ചിലേക്ക് രാവിലെ മുതല്‍ തന്നെ ആളുകള്‍ എത്തി തുടങ്ങിയിരുന്നു.
അതിശക്തമായ ചൂടില്‍ കുട ചൂടിയാണ് പലരും അഭ്യാസ പ്രകടനങ്ങള്‍ കണ്ടത്. ട്രാഫിക് ഉദ്യോഗസ്ഥരുടെ മോശം ഏകോപനമാണ് അപകടത്തിന് വഴിവെച്ചതെന്നാണ് ഉയരുന്ന ആക്ഷേപം. 15 ലക്ഷത്തിന് മുകളില്‍ ആളുകളാണ് ഷോ കാണുന്നതിനായി ബിച്ചില്‍ എത്തിച്ചേര്‍ന്നത്. 16 ലക്ഷം ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടംപിടിക്കാന്‍ ലക്ഷ്യമിട്ടുള്ളത് കൂടിയായിരുന്നു എയര്‍ ഷോ. വെയിലേല്‍ക്കാതിരിക്കാനായുള്ള സ്ഥലം പിടിക്കാന്‍ ചിലയാളുകള്‍ രാവിലെ എട്ടുമണിക്ക് തന്നെ ബീച്ചിലെത്തിയിരുന്നു.
ഷോ ആരംഭിക്കുന്നതിന് മുമ്പ് തന്നെ പ്രായമായവര്‍ ഉള്‍പ്പെടെയുള്ളവര്‍ ബോധരഹിതരായി വീണിരുന്നു. വെള്ളക്കച്ചവടക്കാരെ ബീച്ചില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇത് കുടിവെള്ളം ലഭ്യമാകാതിരിക്കാനും കാരണമായി. ഷോ അവസാനിച്ചതിന് പിന്നാലെ വന്‍ ജനക്കൂട്ടം കാമരാജന്‍ ശാലയിലേക്ക് ഒരേ സമയം ഇറങ്ങാന്‍ ശ്രമിച്ചതാണ് അപകടത്തിന് വഴിവെച്ചത്.
ആളുകള്‍ കൂട്ടത്തോടെ ഇറങ്ങിയത് ഗതാഗതക്കുരുക്കിനും കാരണമായി. ഇതോടെ പലര്‍ക്കും തളര്‍ന്ന വഴിയരികില്‍ ഇരിക്കേണ്ടതായി വന്നു. സര്‍ക്കാരിന്റെ ആസൂത്രണത്തിന്റെയും തയാറാടെപ്പ് നടത്തിയതിലെയും വീഴ്ചയാണ് കാര്യങ്ങള്‍ ഗുരുതരമാക്കിയതെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
ഗരുഡ് ഫോഴ്‌സ് കമാന്‍ഡോകളുടെ രക്ഷാപ്രവര്‍ത്തനത്തിന്റെയും ബന്ദികളെ മോചിപ്പിക്കുന്നതിന്റെയും പ്രകടനങ്ങള്‍ ഷോയുടെ ഭാഗമായി നടന്നിരുന്നു. റാഫേല്‍ ഉള്‍പ്പെടെയുള്ള 72 വിമാനങ്ങള്‍, തദ്ദേശീയമായി നിര്‍മിച്ച അത്യാധുനിക ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് തേജസ്, ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍ പ്രചന്ദ്, ഹെറിറ്റേജ് എയര്‍ക്രാഫ്റ്റ് ഡക്കോട്ട എന്നിവയും എയര്‍ ഷോയുടെ ഭാഗമായി പ്രദര്‍ശിപ്പിച്ചിരുന്നു.
Also Read: Bomb Threat: കളി കാര്യമായി…. സ്കൂളിന് അവധി കിട്ടാൻ ഒൻപതാം ക്ലാസുകാരൻ്റെ വികൃതി; പോലീസ് അന്വേഷണം
ഡല്‍ഹിക്ക് പുറത്ത് ഇത് മൂന്നാം തവണയാണ് വ്യോമസേന എയര്‍ ഷോ സംഘടിപ്പിക്കുന്നത്. കൂടാതെ ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് വ്യോമസേന എയര്‍ ഷോ നടത്തുന്നത്. 2023 ഒക്ടോബറില്‍ പ്രയാഗ് രാജിലും 2022ല്‍ ചണ്ഡിഗഡിലുമാണ് വ്യോമസേന എയര്‍ ഷോ നടത്തിയത്.