Adani Hindenburg Case: അദാനി ഹിൻഡൻബെർഗ് കേസ്; പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളി
Adani Hindenburg Case Dismisses: ഹിൻഡൻബെർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടാണ് പൊതുതാൽപര്യ ഹർജികൾ കോടതിയിൽ എത്തിയത്. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്നായിരുന്നു ഹിൻഡൻബെർഗ് റിപ്പോർട്ട്.
ന്യൂഡൽഹി: അദാനി ഹിൻഡൻബെർഗ് കേസിലെ (Adani-Hindenburg Case) വിധിയിൽ പുനഃപരിശോധന ഇല്ലെന്ന് സുപ്രീം കോടതി (Supreme Court). പുനഃപരിശോധന ഹർജി തള്ളിയ സുപ്രീം കോടതി അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാവശ്യവും തള്ളി. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്നായിരുന്നു ഹിൻഡൻബെർഗ് റിപ്പോർട്ട്. ഹിൻഡൻബെർഗ് റിപ്പോർട്ടിൻ്റെ പ്രത്യേക അന്വേഷണം നേരത്തെ കോടതി തള്ളിയിരുന്നു. സെബിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്രം നടപടി സ്വീകരിക്കണമെന്നുമായിരുന്നു കോടതി നിർദേശം. കഴിഞ്ഞ ജനുവരിയാണ് കോടതി വിധി പറഞ്ഞത്.
സെബി നടത്തുന്ന അന്വേഷണം മൂന്നു മാസത്തിനകം പൂർത്തിയാക്കാനും കോടതി നിർദ്ദേശിച്ചിരുന്നു. മാധ്യമറിപ്പോർട്ടുകൾ ആധികാരിക തെളിവായി കണക്കാക്കാനാവില്ലെന്നും ചൂണ്ടികാട്ടിയിരുന്നു. ഹിൻഡൻബെർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടാണ് പൊതുതാൽപര്യ ഹർജികൾ കോടതിയിൽ എത്തിയത്.
ALSO READ: ‘ഇസ്ലാമിക നിയമത്തിന് വിരുദ്ധം’; ജീവനാംശ വിധിക്കെതിരെ മുസ്ലിം വ്യക്തിനിയമ ബോർഡ്
ഹർജികളിൽ ഒരു വർഷം വാദം കേട്ട ശേഷമാണ് പ്രത്യേക അന്വേഷണ സംഘം വേണ്ടെന്ന തീരുമാനത്തിലെത്തിയത്. അന്വേഷണം മാറ്റി നൽകുന്നത് അസാധാരണ സാഹചര്യത്തിലാണെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. നിയന്ത്രണ അതോറിറ്റിയായ സെബിയുടെ അധികാര പരിധിയിൽ ഇടപെടാൻ പരിമിതിയുണ്ടെന്നും സെബി നടത്തുന്ന അന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം നൽകുന്നു എന്നുമാണ് കോടതി പറഞ്ഞത്.
സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് ഗവേഷണം നടത്തുന്ന ലോകപ്രശസ്തമായ സ്ഥാപനമാണ് ഹിൻഡൻബർഗ്. ഗൗതം അദാനി ലോകത്തെ മൂന്നാമത്തെ ധനികനായി വളർന്നത് വൻ തട്ടിപ്പ് വഴിയാണെന്ന റിപ്പോർട്ടാണ് ഹിൻഡൻബർഗ് റിസർച്ച് പുറത്തുവിട്ടത്.