Air India Pilot Death: ‘പൊതുസ്ഥലത്തുവെച്ച് അപമാനിച്ചു, മാംസാഹാരം കഴിക്കുന്നത് വിലക്കി’; എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയിൽ; ആൺസുഹൃത്ത് അറസ്റ്റിൽ
Air India Pilot Death:യുവതിയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി കുടുംബം ആരോപിക്കുന്നു. ആദിത്യ കൊലപ്പെടുത്തിയതാണെന്നും മരണം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് കുടുംബം പറയുന്നത്.
മുംബൈ: എയര്‍ഇന്ത്യ പൈലറ്റിനെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗോരഖ്പുര്‍ സ്വദേശിനിയായ സൃഷ്ടി തുലിയെ (25) ആണ് മുംബൈയിലെ അന്ധേരിയിലെ താമസസ്ഥലത്താണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി ആണ്‍ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹി സ്വദേശിയായ ആദിത്യ പണ്ഡിറ്റിനെ (27) പോലീസ് അറസ്റ്റുചെയ്തത്. ആദിത്യയുടെ മോശം പെരുമാറ്റം കാരണമാണ് സൃഷ്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. അന്ധേരി ഈസ്റ്റിലെ മാറോല്‍ പോലീസ് കാംപിന് പുറകിലായുള്ള വാടക ഫ്‌ളാറ്റിലാണ് സൃഷ്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആദിത്യയുടെ പീഡനത്തില്‍ സൃഷ്ടി മാനസികമായി തകര്‍ന്നിരുന്നുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം യുവതിയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി കുടുംബം ആരോപിക്കുന്നു. ആദിത്യ കൊലപ്പെടുത്തിയതാണെന്നും മരണം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് കുടുംബം പറയുന്നത്. ആദിത്യ പൊതുസ്ഥലത്തുവെച്ച് സൃഷ്ടിയെ അപമാനിച്ചുവെന്നും മാംസാഹാരം കഴിക്കുന്നതില്‍നിന്ന് വിലക്കിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം. സമഗ്രമായ അന്വേഷണം വേണമെന്നും പോലീസിനോട് കുടുംബം ആവശ്യപ്പെട്ടു. ഇയാൾ സൃഷ്ടി താമസിക്കുന്ന ഫ്ലാറ്റിൽ എത്താറുണ്ടെന്നും. ഞായറാഴ്ച ഇവിടെയെത്തിയ ആദിത്യ സൃഷ്ടിയുമായി വഴക്കുണ്ടായെന്നും പിന്നാലെ ആദിത്യ ഡല്‍ഹിയിലേക്ക് തിരിച്ചുവെന്നും പോലീസ് പറയുന്നു. ഡൽഹിയിലേക്ക് തിരിച്ച ആദിത്യയെ വിളിച്ച സൃഷ്ടി, താന്‍ ആത്മഹത്യചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. പിന്നാലെ ആദിത്യ സൃഷ്ടിയുടെ താമസസ്ഥലത്തേക്ക് തിരിച്ചു. വാതില്‍ അകത്തുനിന്ന് പൂട്ടിയതായി മനസിലാക്കിയ ആദിത്യ, പകരം താക്കോല്‍ എത്തിച്ച് വാതില്‍ തുറന്നു. ചലനമറ്റുകിടക്കുന്ന സൃഷ്ടിയെ കണ്ട് പോലീസിനെ വിവരം അറിയിച്ചു. ആദിത്യ തന്നെ സൃഷ്ടിയെ സ്വകാര്യ ആശുപത്രയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നാലെ ഇക്കാര്യം കുടുംബത്തേയും പോലീസിനേയും അറിയിക്കുകയായിരുന്നു.
തുടർന്ന് ആദിത്യയെ കോടതിയില്‍ ഹാജരാക്കി. ഇയാളെ നാലുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. സൃഷ്ടിയുടെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. കുടുംബത്തിന്റേയും അടുത്ത സുഹൃത്തുക്കളുടേയും സഹപ്രവര്‍ത്തകരുടേയും കൂടെത്താമസിക്കുന്നവരുടേയും മൊഴി രേഖപ്പെടുത്തിയതായി പോലീസ് പറഞ്ഞു.