Viral Video: ജോലി നഷ്ടപ്പെട്ടു, ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്; രക്ഷപ്പെടുത്തി അയൽവാസികൾ
21 year Old Man Suicide Attempt: നോയിഡ സെക്ടർ 74ലെ സൂപ്പർടെക് കേപ്ടൗൺ സൊസൈറ്റിയിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചയോടെയാണ് ജോലി നഷ്ടപ്പെട്ടതിൽ മനം നൊന്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്.
നോയിഡ: ജോലി നഷ്ടപ്പെട്ടതിൽ മനംനൊന്ത് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവിനെ രക്ഷിച്ച് അയൽവാസികൾ. കെട്ടിടത്തിന്റെ 14-ാം നിലയുടെ മുകളിൽനിന്ന് ചാടി ആത്മഹത്യ ചെയ്യാനായിരുന്നു യുവാവിന്റെ ശ്രമം. എന്നാൽ താഴേക്ക് തൂങ്ങി നിൽക്കുന്ന രീതിയിൽ യുവാവ് ബാൽക്കണിയിൽ കുടുങ്ങിപ്പോകുകയായിരുന്നു. ഇയാളെ ഇതേ കെട്ടിടത്തിലെ താമസക്കാർ രക്ഷിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആത്മഹത്യയ്ക്ക് ശ്രമിച്ച 21-കാരനെ പിന്നോട്ട് വലിച്ചിടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
നോയിഡ സെക്ടർ 74ലെ സൂപ്പർടെക് കേപ്ടൗൺ സൊസൈറ്റിയിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചയോടെയാണ് ജോലി നഷ്ടപ്പെട്ടതിൽ മനം നൊന്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. ഈ കെട്ടിടത്തിന്റെ എതിർവശം നിന്നവരാണ് ദൃശ്യങ്ങൾ പകർത്തിയത്. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മാനസിക പിരിമുറുക്കമുണ്ടെന്ന് ഉത്തർ പ്രദേശ് പൊലീസ് പറഞ്ഞു. ഇയാൾ മുമ്പ് കുടുംബത്തോടൊപ്പം നോയിഡ സെക്ടർ 41 ൽ താമസിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി.
ജോലി നഷ്ടമായതിലെ മനപ്രയാസം കാരണം ഇയാൾ സെക്ടർ 74 എത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, യുവാവ് അകന്നുകഴിയുകയായിരുന്നു. പൊലീസിന്റെ നിർദ്ദേശത്തെ തുടർന്ന് യുവാവിനെ മാതാപിതാക്കൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. മാനസിക പ്രശ്നങ്ങൾ നേരിടുന്ന യുവാവ് ചികിത്സയിലാണെന്നും കുടുംബം അറിയിച്ചു. നിലവിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടില്ല.
Bravery and quick action saved a life today in Supertech Capetown, Sector 74, Noida. A man about to jump from the 12th floor was rescued by alert residents. #NoidaHeroes #CommunitySpirit pic.twitter.com/PaGwkSrczv
— Dr Mehak Janjua (@janjuamehak) October 21, 2024
“>
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ചികിത്സ തേടുന്നതും മരുന്നുകൾ കഴിക്കുന്നതും കുറ്റകരമല്ല. പിരിമുറുക്കങ്ങളെ അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056).