Ustad Zakir Hussain: താളപ്പെരുക്കത്തിന്റെ ചക്രവർത്തി! സംഗീതമാണെന്റെ മതം എന്ന് പറഞ്ഞ മഹാൻ; ഉസ്താദ് സക്കീര്‍ ഹുസൈൻ വിടവാങ്ങി
Who is the Renowned Tabala Maestro Zakir Hussain: ലോകോത്തര തലത്തിൽ സംഗീത കച്ചേരികൾ അവതരിപ്പിച്ച അദ്ദേഹം 1974-ൽ ഹിന്ദുസ്ഥാനി-കർണാടക സംഗീതത്തെ പാശ്ചാത്യ സംഗീതവുമായി സമന്വയിപ്പിച്ച് 'ശക്തി' എന്ന ബാൻഡിന് രൂപം നൽകി.
ലോകപ്രശസ്ത തബല വിദ്വാൻ ഉസ്‌താദ് സാക്കിർ ഇന്ന് (ഞാറാഴ്‌ച) ലോകത്തോട് വിടവാങ്ങി. 73 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയായി ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആയിരുന്നു.
വളരെ ചെറുപ്രായത്തിൽ തന്നെ മഹാന്മാരായ പല സംഗീതജ്ഞർക്കൊപ്പം തബല വായിച്ചു തുടങ്ങിയ ആളാണ് സക്കീർ ഹുസൈൻ. അല്ലാ രഖാ എന്ന മഹാനായ തബലിസ്റ്റ് കാണിച്ചു കൊടുത്ത വഴികളിലൂടെ സഞ്ചരിച്ച അദ്ദേഹം തബലയെ ലോകപ്രശസ്തിയിലേക്ക് ഉയർത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യയിൽ മാത്രമല്ല അമേരിക്കയിലും യൂറോപ്പിലും എല്ലാം അദ്ദേഹം തന്റെ മാസ്മരിക പ്രകടനങ്ങൾ കൊണ്ട് സംഗീതലോകത്തെ വിസ്‍മയിപ്പിച്ചു.
1951-ൽ മുംബൈയിലെ മാഹിമിൽ ജനിച്ച സക്കീർ ഹുസൈൻ മൂന്ന് വയസുമുതൽ തന്നെ സംഗീതത്തിൽ അഭിരുചി കാണിച്ചു തുടങ്ങി. തബലിസ്റ്റ് ആയിരുന്ന അച്ഛന്റെ പാദ പിന്തുടർന്ന് ആദ്യമായി അദ്ദേഹം തബല വായിക്കുന്നത് സരോദ് വിദഗ്ധൻ ഉസ്താദ് അലി അക്ബർ ഖാനോടൊപ്പം പഞ്ചാബ് ഖരാനയിൽ വെച്ച് അച്ഛന് പകരക്കാരനായാണ്. പിന്നീട് അദ്ദേഹം തന്റെ പന്ത്രണ്ടാം വയസിൽ ബോംബൈ പ്രസ് ക്ലബിൽ ഉസ്താദ് അലി അക്ബർ ഖാനോടൊപ്പം തന്നെ തബല വായിച്ച് സംഗീത ലോകത്ത് തന്റെ വരവറിയിച്ചു. തുടർന്ന്, അതെ വർഷം ദസറ ഉത്സവത്തിൽ പതിനായിരക്കണക്കിന് കാണികളുടെ മുന്നിൽ വായിക്കാൻ അവസരം ലഭിച്ചു.
1970-ൽ മുംബൈ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്നും അദ്ദേഹം പഠനം പൂർത്തിയാക്കി. തുടർന്ന്, അമേരിക്കയിൽ വെച്ച് സിത്താർ മാന്ത്രികൻ രവി ശങ്കറിനൊപ്പം തന്റെ പതിനെട്ടാം വയസിൽ അദ്ദേഹം കച്ചേരി അവതരിപ്പിച്ചു. പത്തൊൻപതാം വയസിൽ സക്കീർ ഹുസൈൻ വാഷിംഗ്ടൺ സർവ്വകലാശായിൽ എത്തനോമ്യൂസിക്കോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി. ഒരു വർഷത്തിൽ നൂറ്റിഅൻപതിലേറെ ദിവസങ്ങളിലും സക്കീർ ഹുസൈൻ കച്ചേരികൾ അവതരിപ്പിച്ചിരുന്നു.
ALSO READ: തബല മാന്ത്രികന്‍ ഉസ്‌താദ് സാക്കിർ ഹുസൈൻ അന്തരിച്ചു
ലോകോത്തര തലത്തിൽ സംഗീത കച്ചേരികൾ അവതരിപ്പിച്ച അദ്ദേഹം 1974-ൽ ഹിന്ദുസ്ഥാനി-കർണാടക സംഗീതത്തെ പാശ്ചാത്യ സംഗീതവുമായി സമന്വയിപ്പിച്ച് ‘ശക്തി’ എന്ന ബാൻഡിന് രൂപം നൽകി. ‘പ്ലാനറ്റ് ഡ്രം’ എന്ന ആൽബത്തിലൂടെ 1991-ൽ ലോകത്തെ ഏറ്റവും വലിയ സംഗീത ബഹുമതിയായ ഗ്രാമി അവാർഡ് അദ്ദേഹം സ്വന്തമാക്കി. 2009-ലും അദ്ദേഹത്തിന് ഗ്രാമി പുരസ്‌കാരം ലഭിച്ചു. കൂടാതെ നിരവധി കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങൾ കൂടി സ്വന്തമാക്കിയ സക്കീർ ഹുസൈനെ പത്മശ്രീ, പത്മഭൂഷൺ എന്നീ ബഹുമതികൾ നൽകി രാജ്യം ആദരിച്ചു.
ഇന്ത്യക്ക് പുറത്തും അദ്ദേഹത്തിന് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2016-ൽ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ഓൾ സ്റ്റാർ ഗ്ലോബൽ കൺസേർട്ടിൽ പങ്കെടുക്കാൻ അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. ഇന്ത്യയിൽ നിന്നുള്ള ഒരു സംഗീതജ്ഞന് ആദ്യമായി കിട്ടുന്ന ഒരു അംഗീകാരം ആയിരുന്നു അത്. അന്നത്തെ യു എസ് പ്രഥമ വനിത ഹിലരി ക്ലിന്റണ്‍ 1999ൽ യു എസ് സെനറ്റില്‍ വെച്ച് അദ്ദേഹത്തിന് നാഷനല്‍ ഹെറിറ്റേജ് ഫെല്ലാഷിപ്പ് പുരസ്‌കാരം സമ്മാനിച്ചു. കൂടാതെ, സെന്റ്‌ഫ്രാന്‍സിസ്‌കോ ജാസ് സെന്റര്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം (2017), പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയുടെ ഓള്‍ഡ് ഡോമിനോ ഫെല്ലോ അംഗീകാരം (2005) തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ സക്കീർ ഹുസൈനെ തേടിയെത്തി.
മലയാളത്തിൽ ‘വാനപ്രസ്ഥം’ ഉൾപ്പടെ ഏതാനും സിനിമകൾക്ക് സക്കീർ ഹുസൈൻ സംഗീതം നൽകിയിട്ടുണ്ട്. 1996-ൽ നടന്ന അറ്റ്ലാൻഡ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് സംഗീതം നൽകിയതും അദ്ദേഹമാണ്. സംഗീതത്തിൽ മാത്രമല്ല അഭിനയത്തിലും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. ഏതാനും ബോളിവുഡ്, ബ്രിട്ടീഷ് സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. 1990-കളിൽ ഏറ്റവും പ്രശസ്തമായിരുന്ന താജ്മഹൽ തേയിലയുടെ പരസ്യത്തിന് സംഗീതം നൽകിയതും, അതിൽ അഭിനയിച്ചതും സക്കീർ ഹുസൈൻ തന്നെയാണ്.
പ്രശസ്ത കഥക് നർത്തകിയായ അന്റോണിയ മിനെക്കോളയാണ് അദ്ദേഹത്തിന്റെ ഭാര്യ. അനിസ ഖുറേഷി, ഇസബെല്ലാ ഖുറേഷി എന്നിവരാണ് മക്കൾ. കുടുംബത്തോടൊപ്പം യുഎസിൽ താമസിച്ചു വരികയായിരുന്നു സക്കീർ ഹുസൈൻ.