Actor Dileep Shankar: എംബിബിഎസ് പഠനം ഉപേക്ഷിച്ച് അഭിനയത്തിലേക്ക്, ബിസിനസിലും കമ്പം; വില്ലൻ വേഷങ്ങളിൽ തിളങ്ങാൻ ഇനി ദിലീപ് ശങ്കറില്ല

Actor Dileep Shankar Profile: 1996ൽ പി എഫ് മാത്യു തിരക്കഥ രചിച്ച് ജൂഡ് അട്ടിപ്പേറ്റി സംവിധാനം ചെയ്ത 'റോസസ് ഇൻ ഡിസംബർ' എന്ന സീരിയലിലൂടെയാണ് ദിലീപ് ശങ്കർ ആദ്യമായി അഭിനയ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്.

Actor Dileep Shankar: എംബിബിഎസ് പഠനം ഉപേക്ഷിച്ച് അഭിനയത്തിലേക്ക്, ബിസിനസിലും കമ്പം; വില്ലൻ വേഷങ്ങളിൽ തിളങ്ങാൻ ഇനി ദിലീപ് ശങ്കറില്ല

ദിലീപ് ശങ്കർ

Updated On: 

29 Dec 2024 16:30 PM

സിനിമാ – സീരിയലിലൂടെ മലയാളി പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടൻ ദിലീപ് ശങ്കറിന്റെ വിയോഗ വാർത്ത കേട്ട ഞെട്ടലിൽ നിന്ന് ആരാധകർ കരകയറിയിട്ടില്ല. തിരുവനന്തപുരത്ത് ഹോട്ടൽ മുറിയിൽ നിന്ന് താരത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസിന്റെ പ്രാഥമിക റിപ്പോർട്ട് അനുസരിച്ച് മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം ഉണ്ട്. ‘അമ്മ അറിയാതെ’, ‘സുന്ദരി’ അടക്കം ഒരുപാട് ഹിറ്റ് സീരിയലുകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

കലാകുടുംബത്തിൽ ജനിച്ച ദിലീപ് ശങ്കർ പഠിച്ചത് സെൻ്റ് ആൽബർട്സ് കോളേജിലാണ്. പഠനകാലത്ത് തന്നെ കലയോട് ഏറെ പ്രിയമുണ്ടായിരുന്ന ഇദ്ദേഹം 1995-ൽ ഗാന്ധി യൂണിവേഴ്സിറ്റി കലാപ്രതിഭയായിരുന്നു. വരയോടായിരുന്നു കൂടുതൽ താല്പര്യമെങ്കിലും മിമിക്രി, മോണോആക്റ്റ്, നാടകം എന്നിവയിലും സജീവമായിരുന്നു. അതിന് ശേഷമാണ് സീരിയലിലേക്കുള്ള കടന്നു വരവ്.

1996ൽ പി എഫ് മാത്യു തിരക്കഥ രചിച്ച് ജൂഡ് അട്ടിപ്പേറ്റി സംവിധാനം ചെയ്ത ‘റോസസ് ഇൻ ഡിസംബർ’ എന്ന സീരിയലിലൂടെയാണ് അദ്ദേഹം ആദ്യമായി അഭിനയ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഈ സീരിയൽ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ ഒരു വഴിത്തിരിവായി. തുടർന്ന് എന്റെ മാനസപുത്രി, ദുർഗ, വാവ, സ്വന്തം മാളൂട്ടി, മിന്നുകെട്ട് ഉൾപ്പടെ നിരവധി സീരിയലുകളിൽ അഭിനയിച്ചു.

പിന്നീട്, ശ്യാമ പ്രസാദിന്റെ സംവിധാനത്തിൽ 1998 ൽ പുറത്തിറങ്ങിയ ‘കല്ലു കൊണ്ടൊരു പെണ്ണ്’ എന്ന ചിത്രത്തിൽ മുഖ്യ കഥാപാത്രമായ ആന്റപ്പന്റെ സുഹൃത്തായി ദിലീപ് ശങ്കർ എത്തുന്നുണ്ട്. കൂടാതെ, 2003-ൽ സംവിധായകൻ എബ്രഹാം ലിങ്കൺ ഒരുക്കിയ ‘മഴ പെയ്യുമ്പോൾ’ എന്ന ചിത്രത്തിൽ അദ്ദേഹം മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് ചാപ്പാ കുരിശ്, ബെസ്റ്റ് ആക്ടർ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഏഴ് സുന്ദര രാത്രികൾ, മണി രത്നം, ചിലപ്പോൾ പെൺകുട്ടി, ഇവർ വിവാഹിതരായാൽ, പ്രജാപതി, ബ്ലാ‍ക്ക് തുടങ്ങിയ ചിത്രങ്ങളിലും താരം ശ്രദ്ധേമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ALSO READ: വരയ്ക്കാന്‍ മിടുക്കന്‍, യൂണിവേഴ്‌സിറ്റിയിലെ കലാപ്രതിഭ; അഭിനയരംഗത്തേക്ക് എത്തിയത് ആ കൂടിക്കാഴ്ചയിലൂടെ; ദിലീപ് ശങ്കര്‍ മനസ് തുറന്നപ്പോള്‍

കലയോടാണ് കൂടുതൽ താല്പര്യമെങ്കിലും പഠനത്തിനും ദിലീപ് ശങ്കർ ഒട്ടും പുറകിലായിരുന്നില്ല. അന്ന് കാലത്ത് എംബിബിഎസ് പ്രവേശനത്തിന് ഒരു സീറ്റ് ആർട്സ് ക്വാട്ടയ്ക്ക് ഉണ്ടായിരുന്നു. കലാപ്രതിഭ ആയതുകൊണ്ട് തന്നെ അദ്ദേഹത്തിന് സീറ്റ് ലഭിച്ചു. എംബിബിഎസ് പഠനത്തിനായി കോഴിക്കോട് പോയെങ്കിലും, കോഴ്സ് പൂർത്തിയാകുന്നതിന് മുൻപ് തന്നെ അദ്ദേഹം മടങ്ങിയെത്തി. അത് തനിക്ക് പറ്റിയ മേഖല അല്ലെന്ന് മനസ്സിലാക്കിയതോടെ ബിസിനസിലും അഭിനയത്തിലും തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. തന്റെ അഭിനയ ജീവിതത്തിനൊപ്പം ബിസിനസും അദ്ദേഹം മുന്നോട്ട് കൊണ്ടുപോയിരുന്നു. മാജിക് ചപ്പാത്തി എന്ന റെഡി ടു കുക്ക് ചപ്പാത്തി അദ്ദേഹത്തിന്റെ ഉടമസ്ഥതിയിൽ ഉള്ളതാണ്.

ഒരുപാട് സിനിമകളിൽ വേഷമിട്ടിട്ടില്ലെങ്കിലും ചുരുങ്ങിയ സിനിമകൾ കൊണ്ടുതന്നെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ ദിലീപ് ശങ്കറിന് കഴിഞ്ഞു. കൂടുതലും വില്ലൻ വേഷങ്ങളിലാണ് അദ്ദേഹം എത്തിയിരുന്നതെങ്കിലും എല്ലാ ചിത്രങ്ങളിലും തൻ്റേതായ മികവ് തെളിയിക്കാൻ അദ്ദേഹത്തിനായി. അടുത്തിടെ ദിലീപ് ശങ്കറിന് സത്യജിത് റേ പുരസ്‌കാരവും ലഭിച്ചിരുന്നു.

ഏലയ്ക്ക മണത്തിൽ മാത്രമല്ല ഗുണത്തിലും കേമൻ
ജസ്പ്രീത് ബുംറയ്ക്കും പിന്നിൽ; കോലിയ്ക്ക് നാണക്കേട്
പനി അകറ്റാന്‍ ചായയിലുണ്ട് മാജിക്‌
രോഹിത് അവസാന ടെസ്റ്റും കളിച്ചു: ഗവാസ്കർ