Rekhachithram – Kathodu Kathoram : 1985ലിറങ്ങിയ കാതോട് കാതോരം സിനിമാ സെറ്റിലെ കൊലപാതകം; ആസിഫ് അലിയുടെ രേഖാചിത്രം പറയുന്നത് വ്യത്യസ്തമായ കഥ
Connection Between Rekhachithram And Kathodu Kathoram : ജനുവരിയിൽ പുറത്തിറങ്ങുന്ന ആസിഫ് അലി ചിത്രം രേഖാചിത്രവും 1985ൽ പുറത്തിറങ്ങിയ മമ്മൂട്ടിച്ചിത്രം കാതോട് കാതോരവും തമ്മിൽ എന്താണ് ബന്ധം? രേഖാചിത്രത്തിൻ്റെ ട്രെയിലർ ഡീകോഡ് ചെയ്ത് സോഷ്യൽ മീഡിയ ഇതിന് ചില മറുപടികൾ കണ്ടെത്തിയിട്ടുണ്ട്.
ആസിഫ് അലി – അനശ്വര രാജൻ ആദ്യമായി ഒരുമിക്കുന്ന രേഖാചിത്രം എന്ന സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. പ്രീസ്റ്റ് എന്ന സിനിമയ്ക്ക് ശേഷം ജോഫിൻ ടി ചാക്കോ അണിയിച്ചൊരുക്കുന്ന ചിത്രത്തിൻ്റെ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടെ ടീസറിലെ ഒരു രംഗം സോഷ്യൽ മീഡിയയിൽ ചർച്ചയായി. 1985ൽ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ കാതോട് കാതോരം എന്ന സിനിമയുമായി രേഖാചിത്രത്തിന് ബന്ധമുണ്ടെന്ന അഭ്യൂഹങ്ങൾ നേരത്തെ ഉയർന്നിരുന്നു. ഇതിനെ ശരിവെക്കുന്നതാണ് ട്രെയിലറിൽ ചർച്ചയായ രംഗം.
1985ൽ മമ്മൂട്ടിയെ നായകനാക്കി ഭരതൻ സംവിധാനം ചെയ്ത ചിതൃമായിരുന്നു കാതോട് കാതോരം. ജോൺപോൾ തിരക്കഥയൊരുക്കിയ ചിത്രത്തിൽ നെടുമുടി വേണു, സരിത, ഇന്നസെൻ്റ്, ലിസി തുടങ്ങിയവരും അഭിനയിച്ചിരുന്നു. ഔസേപ്പച്ചനൊരുക്കിയ ഗാനങ്ങൾക്ക് ഇന്നും ആരാധകരുണ്ട്.
തൊഴിലന്വേഷിച്ച് ലൂയിസ് എന്നയാൾ ഒരു ഗ്രാമത്തിലെത്തുന്നതാണ് കഥയുടെ തുടക്കം. മമ്മൂട്ടിയാണ് ലൂയിസിനെ അവതരിപ്പിച്ചിരിക്കുന്നത്. സരിത അവതരിപ്പിക്കുന്ന മേരിക്കുട്ടി ലൂയിസിന് ചില ജോലികൾ നൽകുന്നു. അങ്ങനെ ലൂയിസ് ആ ഗ്രാമത്തിൽ താമസിക്കുകയാണ്. മികച്ച സംഗീതജ്ഞനായ ലൂയിസ് പിന്നീട് പള്ളിയിൽ ചില ഗാനങ്ങളൊരുക്കി ശ്രദ്ധ നേടുന്നു. ഇങ്ങനെയാണ് കഥ മുന്നോട്ടുപോകുന്നത്. ഈ സിനിമയുടെ സെറ്റിൽ നടക്കുന്ന കൊലപാതകവുമായി ബന്ധപ്പെട്ടാണ് രേഖാചിത്രം എന്നതാണ് അഭ്യൂഹങ്ങൾ.
ദേവദൂതർ പാടി ഗാനം:
ഇതിനെ ശരിവെക്കുന്ന ചില ദൃശ്യങ്ങൾ ട്രെയിലറിലുണ്ട്. സിനിമയിലെ സൂപ്പർ ഹിറ്റായ ഗാനങ്ങളിൽ ഒന്നാണ് ‘ദേവദൂതർ പാടി’. ഗാനത്തിൽ ലൂയിസും മേരിക്കുട്ടിയും പള്ളിയിലെ ചില കന്യാസ്ത്രീകളുമൊക്കെയുണ്ട്. ഈ ദൃശ്യം രേഖാചിത്രം ട്രെയിലറിലും കാണാം. ഒപ്പം സംവിധായകൻ ഭരതൻ, തിരക്കഥാകൃത്ത് ജോൺ പോൾ, സഹസംവിധായകൻ കമൽ എന്നിവരൊക്കെ രേഖാചിത്രം ട്രെയിലറിലുണ്ടെന്ന് സോഷ്യൽ മീഡിയ അവകാശപ്പെടുന്നു. രേഖാചിത്രത്തിലെ രംഗത്തിൽ മമ്മൂട്ടിയുണ്ടെന്നും ചിലർ പറയുന്നുണ്ട്. രേഖാചിത്രത്തിൽ അനശ്വര രാജൻ ഒരു കന്യാസ്ത്രീയുടെ വേഷത്തിലാണെത്തുന്നത്. ആസിഫ് അലി പോലീസ് ഉദ്യോഗസ്ഥനായും. അനശ്വര, പാട്ട് സീനിൽ വേദിയിലുള്ള കന്യാസ്ത്രീകളിൽ ഒരാളാണെന്നതാണ് സോഷ്യൽ മീഡിയ കണ്ടെത്തുന്ന മറ്റൊരു ബന്ധം. ഒപ്പം, രേഖാചിത്രത്തിൻ്റെ ട്രെയിലർ മമ്മൂട്ടിയാണ് അവതരിപ്പിച്ചതെന്നതും അഭ്യൂഹങ്ങൾക്ക് ശക്തിപകരുന്നു. ചിത്രത്തിൽ മമ്മൂട്ടി ഗസ്റ്റ് റോളിൽ ഉണ്ടെന്നും, അല്ല എഐ ഉപയോഗിച്ചുള്ള മമ്മൂട്ടിയാണ് ഉള്ളതെന്നും അവകാശവാദങ്ങളുണ്ട്.
രേഖാചിത്രം ട്രെയിലർ:
2025 ജനുവരി 9 നാണ് രേഖാചിത്രം തിയറ്ററുകളിലെത്തുക. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിലായി വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്. മനോജ് കെ ജയൻ, സിദ്ധിഖ്, മേഘ തോമസ്, ജഗദീഷ്, നിഷാന്ത് സാഗർ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, പ്രിയങ്ക, സുധി കോപ, നന്ദു, പ്രിയങ്ക തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജോൺ മന്ത്രിക്കൽ, രാമു സുനിൽ എന്നിവർ ചേർന്നാണ് തിരക്കഥ. അപ്പു പ്രഭാകർ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. ഷമീർ മുഹമ്മദാണ് എഡിറ്റ്. സംഗീതം മുജീബ് മജീദ്. റോണക്സ് സേവ്യറാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.