Iruniram: വേട്ടൈയ്യന് പിന്നാലെ ‘ഇരുനിറം’; തന്മയ സോൾ കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത്
Thanmaya Sols Upcoming Movie Iruniram: ലിജോ ജോസ് പെല്ലിശ്ശേരി, ഇന്ദ്രൻസ് എന്നിവരാണ് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടത്.
രജനികാന്ത് നായകനായ ‘വേട്ടൈയ്യനി’ൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച ശേഷം, ബാലതാരം തന്മയ സോൾ പ്രധാന വേഷത്തിലെത്തുന്ന ‘ഇരുനിറം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സംസ്ഥാന പുരസ്‌കാരം നേടിയ ‘കാടകലം’, ‘പടച്ചോന്റെ കഥകൾ’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിന്റോ തോമസാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി, ഇന്ദ്രൻസ് എന്നിവരാണ് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടത്.
വിഷ്ണു കെ മോഹൻ കഥയും തിരക്കഥയും ഒരുക്കിയ ചിത്രം നിർമിക്കുന്നത് മാളോല പ്രൊഡക്ഷൻസിന്റെ ബാനറിൽ സിജി മാളോലയാണ്. ഒരുപാട് ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളെ അവതരിപ്പിച്ച ദിനീഷ് പിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഇവർക്ക് പുറമെ, നിഷ സാരഗ്, ജിയോ ബേബി, കബനി സൈറ, പ്രദീപ് ബാലൻ, പോൾ ഡി ജോസഫ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് റെജി ജോസഫാണ്. പ്രഹ്ലാദ് പുത്തഞ്ചേരിയാണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്. അർജുൻ അമ്പയുടെ വരികൾക്ക് സാന്റിയാണ് സംഗീതം ഒരുക്കുന്നത്. സിജോ മാളോലയാണ് പ്രൊഡക്ഷൻ ഡിസൈനർ. ബിജു ജോസഫാണ് കലാ സംവിധാനം. ഇരുനിരത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
‘വേട്ടൈയ്യനി’ൽ മുഖ്യ വേഷത്തിലെത്തിയ തന്മയയുടെ ആദ്യ ചിത്രം ‘വഴക്കാ’ണ്. ചിത്രത്തിലെ പ്രകടനത്തിന് താരത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിരുന്നു. അസ്സോസിയേറ്റ് പ്രൊഡ്യൂസറും നടനുമായ അരുൺ സോളിന്റെ മകളാണ് തന്മയ.