Naga Chaitanya and Samantha`s separation: തെന്നിന്ത്യൻ താരങ്ങളുടെ വേർപിരിയൽ, പിന്നിൽ ബിആർഎസ് പ്രസിഡന്റ്; വെളിപ്പെടുത്തലുമായി തെലങ്കാന മന്ത്രി
Naga Chaitanya and Samantha`s separation: മുന്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകനും ബിആർഎസ് നേതാവുമായ കെ.ടി രാമ റാവുവിനെതിരെ ഗുരുതര ആരോപണങ്ങളാണ് മന്ത്രി ഉന്നയിച്ചിരിക്കുന്നത്. കെ ടി രാമറാവു മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും അദ്ദേഹം സിനിമാരംഗത്തെ പ്രമുഖരെ ബ്ലാക്ക് മെയിൽ ചെയ്യാറുണ്ടെന്നും അവർ അവകാശപ്പെട്ടു.
ഹൈദരാബാദ്: തെന്നിന്ത്യന്‍ താരങ്ങളായ നാഗചൈതന്യയും സാമന്ത റൂത് പ്രഭുവും വേർപിരിഞ്ഞതിന് പിന്നിൽ ബിആർഎസ് വർക്കിംഗ് പ്രസിഡൻ്റ് കെ.ടി രാമറാവുവാണെന്ന ആരോപണവുമായി തെലങ്കാന വനം-പരിസ്ഥിതി മന്ത്രി കൊണ്ടാ സുരേഖ. പല നടിമാരും സിനിമ ഉപേക്ഷിച്ച് വിവാഹം കഴിച്ചതിന് പിന്നിൽ കെ.ടി രാമറാവുവാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മുന്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകനും ബിആർഎസ് നേതാവുമായ കെ.ടി രാമ റാവുവിനെതിരെ ഗുരുതര ആരോപണങ്ങളാണ് മന്ത്രി ഉന്നയിച്ചിരിക്കുന്നത്. കെ ടി രാമറാവു മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും അദ്ദേഹം സിനിമാരംഗത്തെ പ്രമുഖരെ ബ്ലാക്ക് മെയിൽ ചെയ്യാറുണ്ടെന്നും അവർ അവകാശപ്പെട്ടു. നടിമാർ സിനിമാ മേഖല വിടാനും കുടുംബ ജീവിതം കാരണം കെടി രാമറാവുവാണ്. സിനിമാ മേഖലയിലെ സ്ത്രീകളെ ചൂഷണം ചെയ്യുന്നത് അയാളുടെ ശീലമാണ്. വ്യക്തിപരമായ വിവരങ്ങൾ കിട്ടാനായി സിനിമ മേഖലയിലെ സ്ത്രീകളുടെ ഫോണുകളും ബിആർഎസ് നേതാവ് ചോർത്താറുണ്ട്. അദ്ദേഹത്തിന്റെ വീട്ടിൽ അമ്മ ഉൾപ്പെടുന്ന സ്ത്രീകളില്ലേ? എന്തുകൊണ്ടാണ് സ്ത്രീകളെ ബഹുമാനിക്കാൻ അദ്ദേഹം തയ്യാറാകാത്തത്? -മന്ത്രി വീഡിയോയില്‍ ചോദിക്കുന്നു.
ബിആർ എസ് നേതാവിനെതിരായ മന്ത്രിയുടെ പരാമർശം വിവാദമായതോടെ നാഗചൈതന്യയുടെ പിതാവ് ആരോപണത്തിനെതിരെ രംഗത്തെത്തി. വനം മന്ത്രി കൊണ്ട സുരേഖ നടത്തിയ പരാമർശങ്ങളെ പൂർണമായും തള്ളിക്കളയുന്നു. എതിർ പാർട്ടിയിലെ നേതാക്കളെ വിമർശിക്കാനായി രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുന്ന സിനിമ താരങ്ങളുടെ ജീവിതത്തെ കരുവാക്കരുത്. വ്യക്തികളുടെ സ്വകാര്യതയെ ബഹുമാനിക്കണം. നാഗാര്‍ജ്ജുന എക്‌സില്‍ കുറിച്ചു. ഉത്തരവാദിത്തപ്പെട്ട ചുമതലയിലിരുന്ന് തന്റെ കുടുംബത്തിനെതിരെ നടത്തിയ ആരോപണങ്ങൾ തെറ്റാണ്. പ്രസ്താവന പിൻവലിച്ച് മാപ്പുപറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2018 ൽ വിവാഹിതരായ തെന്നിന്ത്യന്‍ താരങ്ങൾ, തങ്ങൾ വേർപ്പിരിയുന്നുവെന്ന കാര്യം 2021 ഒക്ടോബർ 2-നാണ് സമൂഹമാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചത്. ജീവിത പങ്കാളികൾ എന്ന നിലയിൽ വേർപിരിയുകയാണെന്നും സുഹൃത്തുകളായി തുടരുമെന്നും സാമന്തയും നാഗചെെതന്യയും വിവാഹമോചനം സ്ഥിരീകരിച്ച് പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. വിവാഹ മോചനത്തിന് പിന്നിൽ രൂക്ഷമായ സെെബർ ആക്രമണങ്ങളാണ് സാമന്ത നേരിട്ടത്. തനിക്ക് നേരെ അപവാദങ്ങൾ പ്രചരിപ്പിച്ചവർക്കും രൂക്ഷമായ ഭാഷയിൽ സാമന്ത മറുപടി നൽകിയിരുന്നു.
സ്നേഹവും സഹാനുഭൂതിയും ആകുലതയും പ്രകടിപ്പിക്കുന്നതിലും കള്ളക്കഥകളിൽ നിന്ന് എന്നെ സംരക്ഷിക്കുന്നവരോടും നന്ദി. കാര്യങ്ങളെ കുറിച്ച് ധാരണയില്ലാത്ത ഒരു വിഭാഗം പറയുന്നത് തനിക്ക് പ്രണയങ്ങൾ ഉണ്ടായിരുന്നെന്നും കുട്ടികളെ വേണ്ടെന്നും അബോർഷൻ നടത്തിയെന്നുമെല്ലാമാണ്. വിവാഹ മോചനം വേദനനിറഞ്ഞ അനുഭവമാണ്. ആ മുറിവുണങ്ങാൻ സമയമെടുക്കും. എന്നെ വെറുതെ വിടണം. എനിക്കെതിരായ സെെബർ ആക്രമണങ്ങളിൽ തളരില്ല. വിമർശിച്ചവർക്കുള്ള മറുപടിയായി സാമന്ത സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഓഗസ്റ്റ് ആദ്യവാരമാണ് തെലുങ്ക് നടി ശോഭിത ധൂലിപാലയും നാഗചൈതന്യയും വിവാഹിതരാകാൻ പോകുന്നുവെന്ന വിവരം പുറത്തുവന്നത്. ഇരുവരുടെയും വിവാഹ നിശ്ചയ ചിത്രങ്ങളും നാഗചെെതന്യ പങ്കുവച്ചിരിക്കുന്നു. ഈ വർഷം അവസാനത്തോടെയോ 2025- മാർച്ചിലോ ഇരുവരും വിവാഹിതരാകുമെന്ന അഭ്യൂഹങ്ങളുണ്ട്.