Pranav Mohanlal: ‘സ്വന്തം മകനെ പോലെ മമ്മൂട്ടി അന്ന് പ്രണവിനെ വടിയെടുത്ത് തല്ലാൻ ഓടിച്ചു; ഇത് കണ്ട് മണിരത്നം ഷോക്കായി’; സുഹാസിനി
Suhasini Maniratnam About Mammootty's Bond with Pranav Mohanlal: പ്രണവ് അവന്റെ ജീവിതം ആസ്വദിക്കുകയാണെന്നും, അവന് അവന്റേതായ ഇഷ്ടങ്ങൾ ഉണ്ടെന്നും മോഹൻലാൽ പറയുന്നു.
മോഹൻലാൽ സംവിധാകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമായ ‘ബറോസ്’ തീയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു കഴിഞ്ഞു. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടൻ മോഹൻലാൽ സുഹാസിനിക്ക് നൽകിയ തമിഴ് അഭിമുഖത്തിൽ പ്രണവ് മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് താൻ ബെസ്റ്റ് ആക്ടർ ആയിരുന്നുവെന്നും, അതുപോലെ തന്നെ ആയിരുന്നു പ്രണവെന്നും മോഹൻലാൽ പറയുന്നു. പ്രണവ് അവന്റെ ജീവിതം ആസ്വദിക്കുകയാണെന്നും, അവന് അവന്റേതായ ഇഷ്ടങ്ങൾ ഉണ്ടെന്നും നടൻ പറഞ്ഞു.
“പ്രണവ് ആറാം ക്ലാസിൽ പഠിക്കുമ്പോൾ സ്‌കൂളിലെ ബെസ്റ്റ് ആക്ടർ ആയിരുന്നു. എന്നാൽ, പ്രണവിന് അവന്റേതായ ജീവിതമുണ്ട്. അവനു ഒത്തിരി സിനിമകൾ ചെയ്യുന്നതിനോട് താല്പര്യമില്ല. യാത്രകൾ ചെയ്യണം. ഇടയ്ക്ക് വന്ന് സിനിമകൾ ചെയ്യും. അത് പ്രണവിന്റെ ചോയ്സ് ആണ്. ഞങ്ങൾ അതിൽ ഇടപെടാറില്ല. അവൻ ജീവിതം ആസ്വദിക്കട്ടെ. അവന്റെ പ്രായത്തിൽ എനിക്കും യാത്രകൾ ചെയ്യാൻ ഇഷ്ടമായിരുന്നു” മോഹൻലാൽ അഭിമുഖത്തിൽ പറഞ്ഞു.
അഭിമുഖത്തിൽ പ്രണവിനെ കുറിച്ചുള്ള ഒരു രസകരമായ ഓർമ നടിയും സംവിധായകൻ മണിരത്‌നത്തിന്റെ ഭാര്യയുമായ സുഹാസിനിയും പങ്കുവെച്ചു. ഒരിക്കൽ മണിരത്നം ഒരു സിനിമയുടെ കഥ പറയാനായി മമ്മൂട്ടിയുടെ വീട്ടിൽ പോയി. അവിടെ ചെല്ലുന്ന സമയത്ത് ഒരു ചെറിയ പയ്യൻ അവിടേക്ക് വന്നതായും, അവനെ മമ്മൂട്ടി വടിയെടുത്ത് ഓടിച്ചതായും സുഹാസിനി പറഞ്ഞു. ആരാണ് ആ പയ്യനെന്ന് മണി ചോദിച്ചപ്പോൾ പ്രണവ്, മോഹൻലാലിൻറെ മകനാണെന്ന് മമ്മൂട്ടി പറഞ്ഞു. ഇത് കേട്ടതും മണി ഷോക്കായി. സ്വന്തം മകനെ പോലെ മമ്മൂട്ടി അന്ന് രണ്ട് അടി പ്രണവിന് കൊടുത്തെന്നും മണിരത്നം പറഞ്ഞതായി സുഹാസിനി ഓർക്കുന്നു.
ALSO READ: മേക്കിംഗിൽ വിസ്മയിപ്പിച്ച് മോഹൻലാൽ; ബറോസ് ഒരു വിഷ്വൽ ട്രീറ്റെന്ന് ആരാധകർ
ഇത് കേട്ട മോഹൻലാൽ മലയാള സിനിമാ രംഗത്ത് അഭിനേതാക്കൾ ഒരു കുടുംബം പോലെയാണെന്ന് പറഞ്ഞു. ഞങ്ങളിൽ നിരവധി പേർ പരസ്പരം വ്യക്തിപരമായ പ്രശ്നങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഞങ്ങളെക്കൊണ്ട് പറ്റുന്നത് പോലെ സഹായിക്കാറും ഉണ്ടെന്ന് നടൻ പറയുന്നു. കൂടാതെ, പൃഥ്വിരാജുമായുള്ള സൗഹൃദത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പൃഥ്വിരാജിന്റെ അച്ഛനൊപ്പം ഞാൻ വർക്ക് ചെയ്തിട്ടുണ്ടെന്നും, അമ്മ തനിക്ക് സഹോദരിയെ പോലെയാണെന്നും, ചെറുപ്പ കാലത്ത് അവിടെ താമസിച്ചിട്ടുണ്ടെന്നും മോഹൻലാൽ പറഞ്ഞു.
പൃഥ്വിരാജും താനും ആദ്യം ലൂസിഫർ ചെയ്തു, പിന്നീട് ബ്രോ ഡാഡി. ഇപ്പോൾ ലൂസിഫറിന്റെ സ്വീക്വൽ ചെയ്യുന്നു. പൃഥ്വിരാജിന് ഒരുപാട് സിനിമകൾ സംവിധാനം ചെയ്യണം എന്നില്ല. ലൂസിഫറിന് ശേഷം പല ഭാഷകളിൽ നിന്നും എൻക്വയറി വന്നിരുന്നെങ്കിലും അദ്ദേഹം തയ്യാറായില്ല. ഒരു അഭിനേതാവിനെ എങ്ങനെ ഉപയോഗിക്കണം എന്ന് പൃഥ്വിരാജിന് അറിയാം. എല്ലാവർക്കും അതറിയാമെങ്കിലും അദ്ദേഹത്തിന് അതിലൊരു പ്രത്യേക കഴിവുണ്ട്. അദ്ദേഹം ഒരു ഷോട്ടിൽ നിന്ന് എന്താണോ പ്രതീക്ഷിക്കുന്നത് അത് ലഭിക്കുന്നത് വരെ ചെയ്യാൻ ആവശ്യപ്പെടും. സംവിധായകനെന്ന നിലയിൽ പൃഥ്വിരാജ് ചരിത്രം സൃഷ്ടിക്കുമെന്നാണ് താൻ കരുതുന്നതെന്നും മോഹൻലാൽ പറഞ്ഞു.