'ഇന്‍ഡസ്ട്രിയില്‍ ആരും ഇതുവരെ എനിക്ക് വേണ്ടി പ്രതികരിച്ചിട്ടില്ല: ഒരു മെസേജ് പോലും അയക്കാത്തവരാണ്': ഗൗരി ലക്ഷ്മി | Singer Gowry Lekshmi exclusive interview on cyber attack and trolls on her new song Murivu, know what she said Malayalam news - Malayalam Tv9

Gowry Lekshmi Interview: ‘ഇന്‍ഡസ്ട്രിയില്‍ ആരും ഇതുവരെ എനിക്ക് വേണ്ടി പ്രതികരിച്ചിട്ടില്ല: ഒരു മെസേജുമായി പോലും ആരും വന്നിട്ടില്ല’: ഗൗരി ലക്ഷ്മി

Updated On: 

19 Jul 2024 11:36 AM

Gowry Lekshmi on Murivu song Trolls: പാട്ട് മോശമായതുകൊണ്ടല്ല സൈബര്‍ അറ്റാക്ക് ഉണ്ടായത്. പാട്ടിന്റെ വരികളും അതില്‍ പറഞ്ഞ കാര്യങ്ങളും ആര്‍ക്കൊക്കെയോ കൊണ്ടു അതാണ്. പക്ഷെ എല്ലാ ആണുങ്ങളും അങ്ങനെയാണെന്ന് ഞാന്‍ പറയുന്നില്ല. വരികളാണ് പ്രശ്‌നം എന്നത് ആളുകള്‍ ഉണ്ടാക്കുന്ന കാരണങ്ങളാണ്.

Gowry Lekshmi Interview: ഇന്‍ഡസ്ട്രിയില്‍ ആരും ഇതുവരെ എനിക്ക് വേണ്ടി പ്രതികരിച്ചിട്ടില്ല: ഒരു മെസേജുമായി പോലും ആരും വന്നിട്ടില്ല: ഗൗരി ലക്ഷ്മി
Follow Us On

പാട്ടിന്റെ പേരില്‍, പാട്ടുപാടുമ്പോഴിട്ട വസ്ത്രത്തിന്റെ പേരില്‍ അങ്ങനെ നിരവധി കാരണങ്ങളാല്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ട അല്ലെങ്കില്‍ നേരിടേണ്ടി വരുന്നയാളാണ് ഗായിക ഗൗരി ലക്ഷ്മി. ഏറ്റവും അവസാനമായി ഗൗരിയുടെ മുറിവ് എന്ന പാട്ടിനാണ് നിരവധി വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നത്. താന്‍ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളും അഭിമുഖീകരിച്ച പ്രശ്‌നങ്ങളും പങ്കുവെക്കുകയാണ് ഗൗരി ടിവി 9 മലയാളം ഡയലോഗ് ബോക്‌സില്‍…

‘മുറിവ്’ ഉണങ്ങിയോ ?

ഇത് പാട്ടില്‍ തന്നെ പറയുന്നുണ്ട്, മാഞ്ഞിടാത്ത മുറിവ് എന്ന്, ലൈഫില്‍ ഉണ്ടാകുന്ന ഏത് മുറിവാണെങ്കിലും അതിന് അതിന്റേതായിട്ടുള്ള ആഴവും പാടുകളുമെല്ലാമുണ്ടായിരിക്കും, അത് നമ്മുടെ ദേഹത്തും മനസിലുമെല്ലാം ഉണ്ടാകും. അത് ഉണങ്ങിയില്ല, അല്ലെങ്കില്‍ ഉണങ്ങേണ്ടത് അനിവാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല.

മുറിവ് എന്ന പാട്ട് പാടിയതിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഗൗരി നേരിടുന്നത്…ഇത് ആദ്യമായാണോ സൈബറിടത്ത് ഇത്തരത്തില്‍ വേട്ടയാടപ്പെടുന്നത്?

ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍, ഒരു ടിപ്പിക്കലായിട്ടുള്ള ആര്‍ട്ടിസ്റ്റ് ഫോളോ ചെയ്ത് വരുന്ന രീതി, അല്ലെങ്കില്‍ ഒരു ഫീമെയില്‍ ഗായിക പെരുമാറുന്ന രീതി, പാടുന്ന പെര്‍ഫോം ചെയ്യുന്ന രീതി അതിലൊന്നുമല്ല ഞാനിപ്പോള്‍ കാര്യങ്ങള്‍ ചെയ്യുന്നത്. എനിക്ക് കംഫര്‍ട്ടബിളായിട്ടുള്ള രീതിയില്‍ അല്ലെങ്കില്‍ എനിക്ക് വളരെ ക്രിയേറ്റീവാണ് എന്ന് തോന്നുന്ന രീതിയിലാണ് പല കാര്യങ്ങളും ചെയ്യുന്നത്. അത് പക്ഷെ വളരെ പുതിയ കാര്യവും ഒരുപാട് ആളുകള്‍ക്ക് ശീലമില്ലാത്തതുകൊണ്ടും അതിനെതിരെ ഒരുപാട് പ്രതിഷേധങ്ങള്‍ നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇതാദ്യമായല്ല, ഇതിന് മുമ്പും ഇത്തരത്തിലുള്ള ഒരുപാട് അനുഭവങ്ങളുണ്ടായിട്ടുണ്ട്.

വളരെ മോശമായ രീതിയിലാണ് ആളുകള്‍ ആ പാട്ടിനെ കൈകാര്യം ചെയ്തത്. ആ സമയത്ത് മാനസികമായി എങ്ങനെയാണ് അതിനെ നേരിട്ടത് ?

വളരെ മോശമായ രീതിയിലുള്ള ഒരുപാട് അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഒരുപാട് പേര്‍ ഒരേ സമയത്ത് ഇങ്ങനെ അറ്റാക്ക് ചെയ്യുന്നത് ഹാന്‍ഡില്‍ ചെയ്യാന്‍ അത്ര എളുപ്പമല്ല. സമൂഹത്തില്‍ നിന്ന് വരുന്ന ഇത്രയും വലിയ പ്രതിഷേധങ്ങള്‍ വലിയ തോതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ്. നമ്മള്‍ നമ്മുടേതായ രീതിയില്‍ കാര്യങ്ങള്‍ ചെയ്ത് മുന്നോട്ട് പോകുമ്പോള്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകുന്നത് നോര്‍മലായിട്ടുള്ള കാര്യമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ അതിനെ, ഈ ആക്രമണങ്ങളെ വേണ്ട രീതിയില്‍ എനിക്ക് എടുക്കാന്‍ സാധിക്കാറുണ്ട്. നമ്മുടെ ഒരു വര്‍ക്ക് ഒരുപാട് ആളുകള്‍ സംസാരിക്കുകയും അതിന്റെ പേരില്‍ വലിയ ചര്‍ച്ചകള്‍ നടക്കുകയും ചെയ്യുന്നത് ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ വലിയ വിജയം തന്നെയാണ്. ബാക്കിയുള്ള ആക്രമണങ്ങളെല്ലാം ഞാന്‍ എന്റേതായിട്ടുള്ള രീതിയില്‍ തന്നെ വളരെ ഭംഗിയായി ഹാന്‍ഡില്‍ ചെയ്യുന്നുണ്ട്.

ഗൗരി ലക്ഷ്മി

അത് വെറും ഒരു മുറിവല്ല തീക്കൊള്ളി കൊണ്ടുള്ള മുറിവാണ്, ഈയൊരു സാഹചര്യത്തിലൂടെ കടന്നുപോയ, കടന്നുപോയ്‌ക്കൊണ്ടിരിക്കുന്ന നിരവധി ആളുകളുണ്ടാകും. സമൂഹത്തില്‍ നിന്നുണ്ടാകുന്ന ഇത്തരം കമന്റുകള്‍ കാരണം അല്ലേ പലരും ഇതിനോട് പ്രതികരിക്കാന്‍ മടിക്കുന്നത്…

ഇത്തരത്തില്‍ ഒരാളുടെ സമ്മതമില്ലാതെ മറ്റൊരാള്‍ അയാളുടെ ദേഹത്ത് തൊടുന്നത് വളരെ നോര്‍മലൈസ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെയൊക്കെയാണ് ആണുങ്ങള്‍, അല്ലെങ്കില്‍ പെണ്ണുങ്ങള്‍ ഇങ്ങനെയാണ് എന്ന് ചിന്തിക്കുന്ന ഒരു ചട്ടക്കൂടിനുള്ളിലാണ് നമ്മളെ വെച്ചിരിക്കുന്നത്. നടന്ന സംഭവങ്ങളെല്ലാം പുറത്ത് പറയുമ്പോള്‍ അതിനെയെല്ലാം പ്രതിരോധിക്കാന്‍ പറയുന്ന കാര്യമാണ്, ഇതെല്ലാം എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല എന്നത്. ഈ സംഭവം നടക്കുമ്പോള്‍ നീ ഏത് വസ്ത്രം ധരിച്ചു, നിന്റെ കൂടെ ആരാണ് ഉണ്ടായിരുന്നത്, ഉണ്ടായിരുന്നയാള്‍ ആണാണോ പെണ്ണാണോ അങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ച് അതിന്റെ ഉത്തരമെല്ലാം നോക്കി നമ്മളെ അബ്യൂസ് ചെയ്തയാളെ ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതും വളരെ നോര്‍മലാണ്. ഇത്തരത്തിലുള്ള ഒരുപാട് കാരണങ്ങള്‍ കൊണ്ടാണ് പല പെണ്‍കുട്ടികളും ഇതൊന്നും പുറത്തുപറയാത്തത്. പെണ്‍കുട്ടിയുടെ ഭാഗത്ത് തെറ്റില്ല, അവളെ അബ്യൂസ് ചെയ്തയാളുടെ ഭാഗത്താണ് തെറ്റ് എന്ന് പറയുന്നവര്‍ വളരെ ചുരുക്കമാണ്. വസ്ത്രം തന്നെയാണ് കാരണമായി പലപ്പോഴും വരാറുള്ളത്. ആ വസ്ത്രം ധരിച്ചതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് അല്ലെങ്കില്‍ അത് നീ ധരിക്കാന്‍ പാടില്ലായിരുന്നുവെന്ന് പറയുന്നതെല്ലാം ഒരു ന്യായീകരണമാണ്.

സംഗീതത്തെ ഗൗരി നശിപ്പിക്കുന്നു എന്നൊക്കെയാണ് പലരും പാട്ടിനെ വിമര്‍ശിക്കുന്നതിന് കാരണമായി പറയുന്നത്…

ഞാനൊരു മ്യുസീഷനാണ് ഞാനൊരു സാധനം ക്രിയേറ്റ് ചെയ്യുമ്പോള്‍ പല രീതിയിലുള്ള അഭിപ്രായങ്ങളുണ്ടാകും. അവരത് പറയട്ടെ, അത് അവരുടെ അഭിപ്രായം മാത്രമാണ്. അത് ഞാന്‍ എന്താണ് എന്നതിനുള്ള ഡെഫനിഷന്‍ അല്ലല്ലോ. ഇത്തരം കമന്റുകളെയെല്ലാം അവരുടെ അഭിപ്രായങ്ങള്‍ മാത്രമായാണ് ഞാന്‍ കാണുന്നത്. അവര്‍ക്കത് പ്രകടിപ്പിക്കാനുള്ള സ്‌പേസ് ഉണ്ട്, അത് പാടില്ല എന്ന് ഞാന്‍ പറയരുത്. പക്ഷെ അവിടെയല്ല എന്റെ പ്രശ്‌നം, ഒരു വ്യക്തി എന്ന രീതിയില്‍ വളരെ അബ്യൂസീവായി, ഡിസ്‌റെസ്‌പെക്ട്ഫുള്ളായി സംസാരിക്കുന്നതാണ് പ്രശ്‌നം. ഞാന്‍ സംഗീതത്തെ നശിപ്പിക്കുന്നുവെന്നല്ലാം പറയുകയാണെങ്കില്‍, എന്റെ പാട്ട് കേള്‍ക്കുന്നതിന് നന്ദി എന്ന് മാത്രമേ എനിക്ക് പറയാനുള്ളു.

വരികള്‍ കാവ്യാത്മകമാകാതെ നേരിട്ടുള്ള വാക്കുകളാക്കി ആലപിച്ചതാണ് സൈബര്‍ ആക്രമണത്തിന് വഴിവെച്ചത്?

പറയേണ്ട കാര്യം ഞാന്‍ പാട്ടിലൂടെ പറഞ്ഞത് ആര്‍ക്കൊക്കെയോ കൊണ്ടു. അതുകൊണ്ട് അവര്‍ക്കത് ഹാന്‍ഡില്‍ ചെയ്യാന്‍ സാധിക്കാതെ വന്നതോടെ അറ്റാക്ക് ചെയ്യാന്‍ തുടങ്ങി. ഏതൊരു ആര്‍ട്ടിസ്റ്റിനും അവരുടെ അഭിപ്രായങ്ങള്‍ പറയാനുള്ള അവകാശമുണ്ട്. കേള്‍ക്കുന്നവര്‍ക്ക് അത് നല്ലതായിട്ടോ മോശമായിട്ടോ തോന്നാം, അത് അവരുടെ ഇഷ്ടമാണ്. പച്ചയ്ക്ക് ആരെയും ഇന്‍സള്‍ട്ട് ചെയ്യാതെ ആരെയും അപമാനിക്കാതെ പറയാനുള്ള കാര്യങ്ങള്‍ പറയണമെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. അവര്‍ അറ്റാക്ക് ചെയ്തുവെന്നത് എന്നെ ബാധിക്കുന്ന ഒന്നല്ല. പാട്ട് മോശമായതുകൊണ്ടല്ല സൈബര്‍ അറ്റാക്ക് ഉണ്ടായത്. പാട്ടിന്റെ വരികളും അതില്‍ പറഞ്ഞ കാര്യങ്ങളും ആര്‍ക്കൊക്കെയോ കൊണ്ടു അതാണ്. പക്ഷെ എല്ലാ ആണുങ്ങളും അങ്ങനെയാണെന്ന് ഞാന്‍ പറയുന്നില്ല. വരികളാണ് പ്രശ്‌നം എന്നത് ആളുകള്‍ ഉണ്ടാക്കുന്ന കാരണങ്ങളാണ്.

ഗൗരി ലക്ഷ്മി

പാട്ടിന് പിന്നാലെ ഉണ്ടായ സൈബര്‍ ആക്രമണത്തില്‍ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള പ്രതികരണം എങ്ങനെ ആയിരുന്നു?

പ്രതികരണം ഞാന്‍ പ്രതീക്ഷിച്ചിട്ടില്ല, ആരും പ്രതികരിച്ചിരുന്നുമില്ല. എല്ലാവരും എന്നെ സപ്പോര്‍ട്ട് ചെയ്യണമെന്നില്ല. എന്റെ അതേ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്, അവരെ പല സ്ഥലങ്ങളില്‍ വെച്ച് കാണും പരിചയപ്പെടും അല്ലാതെ ഞാനൊരു സംഘത്തിന്റെയും ഭാഗമല്ല. എനിക്കൊരു പ്രശ്‌നം വന്നാല്‍ ഇവരെല്ലാവരും എന്റെ കൂടെയുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടില്ല. ആരും ഇതുവരെ എനിക്ക് വേണ്ടി പ്രതികരിച്ചിട്ടില്ല, പേഴ്‌സണല്‍ മെസേജ് ആയിട്ട് പോലും ആരും വന്നിട്ടില്ല.

പുതുതലമുറ പാട്ടിനെ മാറ്റി മറിച്ചുവെന്ന് കെ എസ് ചിത്ര പറയുകയുണ്ടായി. സത്യത്തില്‍ പുതുതലമുറ പാട്ടിനെ മാറ്റി മറിച്ചോ?

എല്ലാ കാലത്തും മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. പുതിയ തലമുറ വന്നിട്ട് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പൊയ്‌ക്കൊണ്ടിരിക്കുന്ന കാര്യങ്ങളെ തലകുത്തി വെച്ചിട്ടില്ല. ഓരോ ദിവസവും മ്യൂസിക് മാറുന്നുണ്ട്. മാറ്റങ്ങള്‍ എല്ലാക്കാലത്തും ഉണ്ടാകുന്നുണ്ട്. സോഷ്യല്‍ മീഡിയയുടെ വരവോടെ നമുക്ക് ഗ്ലോബല്‍ മ്യൂസികുമായി കൂടുതല്‍ കണക്ഷന്‍ ലഭിച്ചു. പുറംലോകത്ത് എന്താണ് നടക്കുന്നത് എന്ന് അറിയാന്‍ സാധിക്കുന്നതുകൊണ്ട് തന്നെ നമുക്ക് അത് റീക്രിയേറ്റ് ചെയ്യാന്‍ എളുപ്പമാണ്. ആ സംഗീതം കേട്ടിട്ട് അതില്‍ നിന്ന് എന്തെങ്കിലും ഇവിടെ കൊണ്ടുവരണമെന്ന് നമുക്ക് തോന്നുകയാണെങ്കില്‍ അത് വളരെ നല്ലതാണ്. ഇപ്പോള്‍ പ്രകടമായ ചില മാറ്റങ്ങള്‍ കാണാന്‍ സാധിക്കും, എന്നാല്‍ അതിന് വേറെ ഒരുകാലത്തും മാറ്റം സംഭവിച്ചിട്ടില്ല എന്നല്ല. പുതിയ ജനറേഷന്‍ ഒരിക്കലും മ്യൂസിക്കിനെ തിരിച്ചുവെച്ചിട്ടില്ല. മാറ്റം സംഭവിക്കേണ്ടത് അനിവാര്യമല്ലെ.

ഇങ്ങനെ ബാന്റ് മ്യൂസിക്കുമായി മുന്നോട്ട് പോകാന്‍ തന്നെയാണോ താല്‍പര്യം…സിനിമ മോഹം ഉണ്ടോ?

സിനിമ ചെയ്തിട്ടുണ്ട്, പക്ഷെ സിനിമയ്ക്ക് പിന്നാലെ പോകുന്നത് വളരെ കുറവാണ്. ഞാനൊരു സ്വതന്ത്രയായ ആര്‍ട്ടിസ്റ്റാണ്, എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് ഞാന്‍ ചെയ്യുന്നു. ഇപ്പോള്‍ സിനിമയില്‍ പാടാന്‍ വിളിച്ചാല്‍ ഞാന്‍ അതിനും പോകും. എല്ലാകാലത്തും ഒന്നുതന്നെ ചെയ്യാം എന്നില്ല. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം എനിക്ക് വളരെ ഇഷ്ടമുള്ള കാര്യങ്ങളാണ്. അത് ഓരോ സമയത്തും മാറി കൊണ്ടിരിക്കും.

പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
Exit mobile version