Actor Siddique: സിദ്ദിഖിന് നിർണായകം; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതിയിൽ
Actor Siddique Bail Plea: താര സംഘടനയായ അമ്മയും ഡബ്യൂസിസിയും തമ്മിലുള്ള പ്രശ്നമാണ് പരാതിയ്ക്ക് പിന്നിലെന്നും, തനിക്കെതിരായ കേസിൽ ഗൂഢാലോചനയുണ്ടെന്നുമാണ് സിദ്ദിഖ് കോടതിയിൽ വാദിക്കുക. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്.
ന്യൂഡൽഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് ഇന്ന് നിർണായകം. സിദ്ദിഖിൻറെ മൂൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. 62-ാമത്തെ കേസായിട്ടാണ് ഹർജി പരിഗണനയ്ക്ക് എത്തുന്നത്. സംസ്ഥാന സർക്കാരിനായി അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി ഹാജരാകും. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് നട ഹാജരാകുന്നത്. താര സംഘടനയായ അമ്മയും ഡബ്യൂസിസിയും തമ്മിലുള്ള പ്രശ്നമാണ് പരാതിയ്ക്ക് പിന്നിലെന്നും, തനിക്കെതിരായ കേസിൽ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിൻ്റെ വാദം.
യുവനടിയുടെ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സിദ്ദിഖ് സുപ്രീംകോടതിയെ മുൻകൂർ ജാമ്യത്തിനായി സമീപിച്ചിരിക്കുന്നത്. മുൻകൂർജാമ്യം നൽകാതിരിക്കാൻ പ്രതിയുടെ ലെെംഗികശേഷി പരിശോധിക്കണമെന്നത് കാരണമാക്കാമോ എന്നീ വിവിധ നിയമപ്രശ്നങ്ങളും നടന്റെ അഭിഭാഷകൻ കോടതിയിൽ ഉന്നയിക്കും. പ്രത്യേക അന്വേഷണ സംഘം മതിയായ രീതിയിലല്ല കേസ് അന്വേഷണം നടത്തിയത്, മുൻകൂർ ജാമ്യാപേക്ഷ പരിശോധിക്കുന്നതിൽ സുപ്രീംകോടതിക്ക് തെറ്റുപറ്റി എന്നതുൾപ്പെടെയുള്ള വാദങ്ങൾ സുപ്രീംകോടതിയിൽ ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ചിനുമുൻപാകെ സിദ്ദിഖ് ഉന്നയിക്കും. സിദ്ദിഖിനുവേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാകും ഹാജരാവുക.
സിദ്ധിഖിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും അതിജീവിതയും തടസ ഹർജി നൽകിയിട്ടുണ്ട്. സർക്കാരിന്റെയും പരാതിക്കാരിയുടെയും വാദം കൂടി പരിഗണിച്ചാകും സുപ്രീംകോടതി തീരുമാനമെടുക്കുക. സംസ്ഥാന സർക്കാരിനുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യാ ഭാട്ടിയാണ് ഹാജരാകുക. പരാതിക്കാരിക്ക് വേണ്ടി മുതിർന്ന അഭിഭാഷക വൃന്ദാ ഗ്രോവറും ഹാജരാകും.
ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പായി നടനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കൊച്ചി കേന്ദ്രീകരിച്ചാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തിരച്ചിൽ പുരോഗമിക്കുന്നത്. സിദ്ദിഖുമായി ബന്ധപ്പെടാൻ സാധ്യതയുള്ള ഒട്ടേറെ പേർ പൊലീസ് നിരീക്ഷണത്തിലാണ്. സുപ്രീംകോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകില്ലെന്ന ആശങ്കയും സിദ്ദിഖുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പങ്കുവയ്ക്കുന്നുണ്ട്.
ജാമ്യം നിഷേധിച്ചാൽ സിദ്ദിഖ് പൊലീസിന് മുന്നിൽ കീഴടങ്ങിയേക്കും. തിരുവനന്തപുരത്ത് കീഴടങ്ങാനാണ് ശ്രമിക്കുന്നത്. മാധ്യമങ്ങളെ അറിയിക്കാതെ കീഴടങ്ങാനാണ് ശ്രമമെന്നാണ് സൂചന. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഒളിവിൽ പോയ സിദ്ദിഖിനായി പൊലീസ് വിമാനത്താവളങ്ങളിലും മാധ്യമങ്ങളിലും ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറത്തിറക്കി വലവിരിച്ചെങ്കിലും പിടികൂടാൻ സാധിച്ചിട്ടില്ല. പിതാവിനെ കുറിച്ചുള്ള വിവരങ്ങൾ കെെമാറിയില്ലെങ്കിൽ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുക്കുമെന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയതായി മകൻ ആരോപിച്ചു. കൊച്ചിയിൽ ഉണ്ടായിട്ടും നടനെ പിടികൂടാത്തത് പൊലീസിന്റെ വീഴിച്ചയാണെന്ന ആരോപണവും ശക്തമാണ്.
സിദ്ദിഖിനെതിരെ ബലാത്സംഗം (ഐപിസി 376), ഭീഷണിപ്പെടുത്തൽ (506) എന്നീ വകുപ്പുകൾ പ്രകാരമാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. 2016-ൽ തിരവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വച്ച് പീഡനത്തിനിരയാക്കിയെന്നാണ് നടിയുടെ പരാതി.