Pushpa 2: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിക്കും തിരക്കും; ഒൻപത് വയസുകാരന് മസ്തിഷക മരണം സ്ഥിരീകരിച്ചു
Pushpa 2 Release screening theatre stampede: ഗുരുതരാവസ്ഥയിൽ ആയിരുന്ന ശ്രീതേജിനെ മെച്ചപ്പെട്ട ചികിത്സക്കായി ബേഗംബോട്ടിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ബുധനാഴ്ച മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട ഒൻപത് വയസ്സുകാരൻ ശ്രീതേജിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. കുട്ടിയുടെ മാതാവ് രേവതി സംഭവ ദിവസം തന്നെ മരിച്ചിരുന്നു. ഹൈദരാബാദിലെ കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് ശ്രീതേജ് മരണപ്പെട്ടത്. ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണർ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
പുഷ്പ 2 പ്രീമിയർ ഷോ കാണാനായി രേവതി, ഭർത്താവ് ഭാസ്‌ക്കർ മക്കളായ ശ്രീതേജ്, സാൻവിക എന്നിവർക്കൊപ്പമാണ് ഹൈദരാബാദ് ആർടിസി റോഡിലെ സന്ധ്യ തീയറ്ററിൽ എത്തിയത്. ഷോ കാണാൻ നടൻ അല്ലു അർജുൻ എത്തിയതറിഞ്ഞ് തടിച്ചുകൂടിയ ജനക്കൂട്ടം മൂലം ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് രേവതിയും, മകൻ തേജും ബോധരഹിതർ ആയത്. ഉടൻ തന്നെ ദുർഗാ ഭായ് ദേശ്മുഖ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രേവതിയെ രക്ഷിക്കാനായില്ല.
ഗുരുതരാവസ്ഥയിൽ ആയിരുന്ന മകൻ ശ്രീതേജിനെ മെച്ചപ്പെട്ട ചികിത്സക്കായി ബേഗംബോട്ടിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യസ്ഥിതി ഇടയ്ക്കൊന്ന് മെച്ചപ്പെട്ടിരുന്നെങ്കിലും, ബുധനാഴ്ച മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം, സംഭവത്തിൽ പോലീസ് അല്ലു അർജുനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു അല്ലു അർജുനെ ജൂബിലി ഹിൽസിലെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്തത്. പ്രീമിയർ ഷോയ്‌ക്കെത്തുന്ന വിവരം അല്ലു അർജുനും സംഘവും പോലീസിനെ മുൻകൂട്ടി അറിയിക്കാതിരുന്നതിനെ തുടർന്നായിരുന്നു അറസ്റ്റ്.
നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യാനുള്ള ഉത്തരവിട്ടെങ്കിലും, മണിക്കൂറുകൾക്കകം തന്നെ തെലങ്കാന കോടതി നടന് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. നടനാണെങ്കിലും ഒരു പൗരനെന്ന നിലയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യവും, അവകാശവും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അല്ലു അർജുന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ഡിസംബർ 4-ന് രാത്രി 11 മണിക്ക് ഹെെദരാബാദിലെ സന്ധ്യ തീയറ്ററിൽ പ്രിമീയർ ഷോ കാണായി ആരാധകരുടെ വലിയൊരു നിര തന്നെ എത്തിയിരുന്നു. അതിനിടെയാണ്, അപ്രതീക്ഷിതമായി പ്രീമിയർ ഷോ കാണാൻ അല്ലു അർജുനും സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദും മുന്നറിയിപ്പില്ലാതെ എത്തുന്നത്. ഇതോടെ ആളുകൾ ഉന്തും തള്ളും ആരംഭികുകയും തീയറ്ററിന്റെ പ്രധാന ഗേറ്റ് തകരുകയും ചെയ്തു. ഈ തിക്കിലും തിരക്കിനും ഇടയിൽ പെട്ടാണ് യുവതിക്ക് ജീവൻ നഷ്ടമായത്.