Pushpa 2: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ അപകടം; ഒൻപത് വയസുകാരന്റെ നില അതീവ ഗുരുതരം

Pushpa 2 Release Screening Theatre Stampede Incident: തലച്ചോറിലേക്ക് ഓക്സിജൻ ആവശ്യത്തിന് ലഭിക്കുന്നില്ലെന്നും, കുട്ടിക്ക് ഭക്ഷണം ട്യൂബ് വഴിയാണ് നൽകുന്നതെന്നും, കുട്ടിയുടെ ആരോഗ്യനില ഇടയ്ക്കിടെ പരിശോധിച്ച് വരികയാണെന്നും ഡോക്ടർമാർ അറിയിച്ചു.

Pushpa 2: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ അപകടം; ഒൻപത് വയസുകാരന്റെ നില അതീവ ഗുരുതരം

അല്ലു അർജുൻ മാധ്യമങ്ങളെ കണ്ടപ്പോൾ, സംഭവ സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ (Image Credits: PTI, Social Media)

Updated On: 

18 Dec 2024 12:58 PM

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട ഒൻപത് വയസുകാരന്റെ നില അതീവ ഗുരുതരം. നിലവിൽ ഹൈദരാബാദിലെ കിംസ് ആശുപത്രിയിൽ ചികിത്സയിലാണ് ശ്രീതേജ്. കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയുടെ മാതാവ് രേവതി സംഭവ ദിവസം തന്നെ മരിച്ചിരുന്നു.

തലച്ചോറിലേക്ക് ഓക്സിജൻ ആവശ്യത്തിന് ലഭിക്കുന്നില്ലെന്നും അതിനാലാണ് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചതെന്നും കിംസ് ആശുപത്രി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഓക്സിജന്റെ കുറവ് മൂലം നിലവിൽ വെന്റിലേറ്റർ വഴി കൃത്രിമ ശ്വാസം നൽകുകയാണ്. കൂടാതെ, കുട്ടിക്ക് ഭക്ഷണം ട്യൂബ് വഴിയാണ് നൽകുന്നതെന്നും, ആരോഗ്യനില ഇടയ്ക്കിടെ പരിശോധിച്ച് വരികയാണെന്നും ഡോക്ടർമാർ അറിയിച്ചു.

പുഷ്പ 2 പ്രീമിയർ ഷോ കാണാനായി രേവതി, ഭർത്താവ് ഭാസ്‌ക്കർ മക്കളായ ശ്രീതേജ്, സാൻവിക എന്നിവർക്കൊപ്പമാണ് ഹൈദരാബാദ് ആർടിസി റോഡിലെ സന്ധ്യ തീയറ്ററിൽ എത്തിയത്. ഷോ കാണാൻ നടൻ അല്ലു അർജുൻ എത്തിയതറിഞ്ഞ് തടിച്ചുകൂടിയ ജനക്കൂട്ടം മൂലം ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് രേവതിയും, മകൻ തേജും ബോധരഹിതർ ആയത്. ഉടൻ തന്നെ ദുർഗാ ഭായ് ദേശ്മുഖ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രേവതിയെ രക്ഷിക്കാനായില്ല.

ഗുരുതരാവസ്ഥയിൽ ആയിരുന്ന മകൻ ശ്രീതേജിനെ മെച്ചപ്പെട്ട ചികിത്സക്കായി ബേഗംബോട്ടിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കഴിഞ്ഞ പത്ത് ദിവസമായി കിംസ് ആശുപത്രിയിൽ ചികിത്സയിലാണ് ശ്രീതേജ്.

അതേസമയം, സംഭവത്തിൽ പോലീസ് അല്ലു അർജുനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു അല്ലു അർജുനെ ജൂബിലി ഹിൽസിലെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്തത്. പ്രീമിയർ ഷോയ്‌ക്കെത്തുന്ന വിവരം അല്ലു അർജുനും സംഘവും പോലീസിനെ മുൻകൂട്ടി അറിയിക്കാതിരുന്നതിനെ തുടർന്നായിരുന്നു അറസ്റ്റ്.

ALSO READ: അപ്രതീക്ഷിത അഥിതിയായി അല്ലു അർജുൻ; പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും ‌ഒരു സ്ത്രീ മരിച്ചു; 2 പേര്‍ ​ഗുരുതരാവസ്ഥയിൽ

നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യാനുള്ള ഉത്തരവിട്ടെങ്കിലും, മണിക്കൂറുകൾക്കകം തന്നെ തെലങ്കാന കോടതി നടന് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. നടനാണെങ്കിലും ഒരു പൗരനെന്ന നിലയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യവും, അവകാശവും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അല്ലു അർജുന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ഡിസംബർ 4-ന് രാത്രി 11 മണിക്ക് ഹെെദരാബാദിലെ സന്ധ്യ തീയറ്ററിൽ പ്രിമീയർ ഷോ കാണായി ആരാധകരുടെ വലിയൊരു നിര തന്നെ എത്തിയിരുന്നു. അതിനിടെയാണ്, അപ്രതീക്ഷിതമായി പ്രീമിയർ ഷോ കാണാൻ അല്ലു അർജുനും ‌സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദും മുന്നറിയിപ്പില്ലാതെ എത്തുന്നത്. ഇതോടെ ആളുകൾ ഉന്തും തള്ളും ആരംഭികുകയും തീയറ്ററിന്റെ പ്രധാന ഗേറ്റ് തകരുകയും ചെയ്തു. ഈ തിക്കിലും തിരക്കിനും ഇടയിൽ പെട്ടാണ് യുവതിക്ക് ജീവൻ നഷ്ടമായത്.

 

ആപ്രിക്കോട്ടിന്റെ ആരോ​ഗ്യ​ഗുണങ്ങൾ അറിയാം
കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ ആപ്പിൾ പതിവാക്കാം
ആർ അശ്വിന്റെ ടെസ്റ്റ് കരിയർ നേട്ടങ്ങൾ
പിസ്ത ദിവസവും അഞ്ചെണ്ണം വെച്ച് കഴിച്ചാല്‍ മാജിക് കാണാം