Producers Association : വനിതാ നിർമാതാവിൻ്റെ പരാതി; ആൻ്റോ ജോസഫും ലിസ്റ്റിൻ സ്റ്റീഫനുമടക്കം ഒൻപത് പേർക്കെതിരെ കേസ്
Police case against Producers Association officials : പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ കേസെടുത്ത് പോലീസ്. വനിതാ നിർമാതാവിൻ്റെ പരാതിയിൽ ഒൻപത് ഭാരവാഹികൾക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
വനിതാ നിർമാതാവിൻ്റെ പരാതിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ ഒൻപത് ഭാരവാഹികൾക്കെതിരെ പോലീസ് കേസെടുത്തു. പ്രമുഖ നിർമാതാക്കളായ ആൻ്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്. അസോസിയേഷൻ യോഗത്തിലേക്ക് തന്നെ വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നും സ്ത്രീത്വത്തെ അപമാനിച്ചു എന്നും പരാതിയിൽ വനിതാ നിർമാതാവ് പറയുന്നു.
ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കേസുകൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ പ്രത്യേക അന്വേഷണ സംഘത്തിനാണ് നിർമാതാവ് പരാതിനൽകിയത്. പരാതിയിൽ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. താൻ നിർമ്മിച്ച ചില ചിത്രങ്ങളുമായി ബന്ധപ്പെട്ട് അസോസിയേഷനുമായി ചില തർക്കങ്ങളുണ്ടായിരുന്നു എന്നും ഇതേപ്പറ്റി സംസാരിക്കാൻ അസോസിയേഷൻ ഭാരവാഹികൾ തന്നെ യോഗത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു എന്നും നിർമാതാവിൻ്റെ പരാതിയിലുണ്ട്. യോഗത്തിൽ നിർമാതാവ് ചില പരാതികൾ മുന്നോട്ടുവച്ചു. അടുത്ത യോഗത്തിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാമെന്നായിരുന്നു അസോസിയേഷൻ ഭാരവാഹികളുടെ നിലപാട്.
ഈ സമയത്താണ് ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവരുന്നത്. ഇതേ തുടർന്ന് വനിതാ നിർമ്മാതാവ് സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തി. ഇതിന് പിന്നാലെ പരസ്യപ്രതികരണത്തിൽ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ നിർമാതാവിന് കത്ത് നൽകി. ഇങ്ങനെ കത്ത് ലഭിച്ചതോടെ വിശദീകരണം നൽകാനായി വനിതാ നിർമ്മാതാവ് യോഗത്തിനെത്തി. യോഗത്തിൽ വച്ച് അസോസിയേഷൻ ഭാരവാഹികൾ തന്നോട് മോശമായി പെരുമാറിയെന്നാണ് പരാതി.
ഇതിനിടെ മിനു മുനീറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടി ബീന ആൻ്റണി വ്യക്തമാക്കിയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ബീന ആന്റണിയുടെ ഭർത്താവും നടനുമായ മനോജ് മിനു മുനീറിനെ വിമർശിച്ച് സംസാരിച്ചിരുന്നു. ഈ വിമർശനത്തിന് മറുപടിയായി ‘സ്വന്തം ഭാര്യ എന്തുചെയ്താലും കുഴപ്പമില്ല, മറ്റുള്ള സ്ത്രീകളെ പറയാൻ നടക്കുകയാണ്’ എന്ന് മിനു മുനീർ പ്രതികരിച്ചിരുന്നു. ഈ പരാമർശത്തിനെതിരെയാണ് ബീന ആന്റണി നിയമനടപടിക്കൊരുങ്ങുന്നത്.
നടിയായി അറിയപ്പെടാൻ തനിക്ക് ആരുടേയും പിന്നാമ്പുറ കഥകൾ പറയേണ്ടതായി വന്നിട്ടില്ലെന്ന് ബീന ആന്റണി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു. തന്നെ അധിക്ഷേപിച്ചയാൾക്കെതിരെ കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അവർ പറഞ്ഞിരുന്നു.