Nisthar Sait :അമൽ നീരദിനൊപ്പം ഇത് മൂന്നാമത്; ഏത് കഥാപാത്രവും അനായാസം അവതരിപ്പിക്കാൻ കഴിയുമെന്ന് തെളിയിച്ച് നിസ്താർ
Nisthar Sait-Amal Neerad Hattrick: രചയിതാക്കളായ സുഹാസും ഷറഫുവുമാണ് നിസ്‌താറിനെ അമൽ നീരദിന് പരിചയപ്പെടുത്തുന്നത്.
അമൽ നീരദ് സംവിധാനത്തിൽ ഇറങ്ങിയ മൂന്ന് ചിത്രങ്ങളിലും തുടർച്ചയായി അഭിനയിക്കാൻ പറ്റിയതിന്റെ സന്തോഷത്തിലാണ് നടൻ നിസ്താർ. വരത്തനും, ഭീഷ്മപർവ്വവും ഒടുവിൽ ഇപ്പോഴിതാ ബൊഗെയ്ൻ വില്ലയും. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും അഭിനയ മികവിലൂടെയും തന്റെ കഴിവ് തെളിയിച്ചയാളാണ് നിസ്താർ.
ബൊഗെയ്ൻ വില്ലയുടെ സെറ്റിൽ വെച്ച് നിസ്താറിനെ കുറിച്ച് അമൽ നീരദ് പറഞ്ഞിതിങ്ങനെയാണ് “എൻ്റെ അടുത്തടുത്ത മൂന്ന് സിനിമകളിലും വർക്ക് ചെയ്ത ഒറ്റ ആർട്ടിസ്റ്റേ മലയാളത്തിൽ ഉള്ളൂ” എന്ന്. ബൊഗെയ്ൻ വില്ലയിലെ തന്റെ കഥാപാത്രം ചെറുതാണെങ്കിലും ശ്രദ്ധിക്കപ്പെടുന്ന ഒന്നായിരിക്കുമെന്ന് നിസ്താർ പറയുന്നു. അമൽ നീരദ് എങ്ങനെയാണ് രണ്ടേ രണ്ട് വാക്കുകളിൽ തന്നോട് ബോഗെയ്ൻ വില്ലയിലെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞതെന്നും നടൻ ഓർത്തെടുത്തു. ‘ക്രൂരനായ ഒരു ഫ്യൂഡൽ മാടമ്പി’ എന്ന ഒറ്റ വാചകമാണ് അദ്ദേഹം ഉപയോഗിച്ചത്.
പരസ്പരം അർഹിക്കുന്ന ബഹുമാനം കൊടുക്കുന്ന നല്ലൊരു സൗഹൃദമാണ് തനിക്കും അമലിനുമിടയിൽ ഉള്ളതെന്ന് നിസ്താർ പറയുന്നു. രചയിതാക്കളായ സുഹാസും ഷറഫുവുമാണ് നിസ്‌താറിനെ അമലിന് പരിചയപ്പെടുത്തുന്നത്. ‘ഒഴിവ് ദിവസത്തെ കളി’യിലെയും ‘കാർബണി’ലെയും ഓരോ സീനുകൾ പെൻഡ്രൈവിലാക്കി ഇവർ അമലിന് കാണിച്ചു കൊടുത്തതോടെ വരത്തനിലെ കഥാപാത്രത്തിന് അദ്ദേഹം തന്നെ മതിയെന്ന് അമൽ തീരുമാനിക്കുകയായിരുന്നു.
വരത്തൻ റിലീസായതിൻ്റെ അടുത്ത ദിവസം നിസ്‌താറിനെ വിളിച്ച അമൽ പറഞ്ഞു, “സിനിമയ്ക്ക് നല്ല അഭിപ്രായമുണ്ട്. നിസ്താറിക്കയുടെ ക്യാരക്ടറിനും ‘ എന്ന്. പിന്നീട്, ഭീഷ്മപർവത്തിന്റെ ടീസർ റിലീസ് ചെയ്യുന്ന ദിവസവും അമൽ നിസ്‌താറിനെ വിളിച്ചിരുന്നു. ടീസർ കണ്ടതിന്റെ ഞെട്ടലും ആവേശവും ഇനിയും മാറിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.
ALSO READ: ‘ഞാനൊരു നേര്‍ച്ചക്കോഴിയാണെന്ന് പറഞ്ഞു; അന്നത് മനസിലായില്ലെങ്കിലും പിന്നീട് മനസിലായി’: മഞ്ജു വാര്യര്‍
ഓണം റിലീസായി തീയറ്ററുകളിൽ എത്തി വൻ വിജയം കൊയ്ത ടൊവിനോ തോമസിൻ്റെ ത്രീഡി ചിത്രം അജയൻ്റെ രണ്ടാം മോഷണ (ARM) ത്തിൽ നിസ്താർ അവതരിപ്പിച്ച ചാത്തൂട്ടി നമ്പ്യാർ എന്ന വില്ലനെ കുറിച്ച് ഒരു പ്രേക്ഷകൻ തന്റെ സമൂഹ മാധ്യമത്തിൽ കുറിച്ചത് ഇങ്ങനെയാണ് “ആ ചിരിയിൽ നിറയുന്ന ക്രൗര്യം ഗംഭീരമാക്കിയിട്ടുണ്ട്. നമ്പ്യാരുടെ കണ്ണിലെ ചിരി കുറച്ചധികം നാൾ പിന്തുടരും”. അജയൻ്റെ രണ്ടാം മോഷണത്തിലെ തന്റെ കഥാപാത്രം അപകടം പിടിച്ചൊരു കഥാപാത്രമായിരുന്നുവെന്നും, സ്ക്രിപ്റ്റ് പോലും വായിക്കാതെയാണ് താൻ അഭിനയിച്ചതെന്നും നിസ്താർ പറയുന്നു. “ചാത്തുട്ടി നമ്പ്യാർ എന്ന പേരിൽത്തന്നെ അയാളുടെ മാടമ്പിത്തരവും ധാർഷ്ട്യവുമുണ്ട്. എന്നാൽ, പ്രേക്ഷകന് ആദ്യമേ അങ്ങനെ തോന്നാനും പാടില്ല. മക്കളോടുള്ള അതിയായ വാത്സല്യവും, ഒരു കീഴാളനിൽ നിന്ന് മേലാളനായ തനിക്ക് പണ്ട് പന്തം കൊണ്ട് മുഖത്തേറ്റ അടിയുടെ വൈരാഗ്യവും, മാടമ്പിയാണെന്ന ധാർഷ്ട്യവുമൊക്കെ ചേർന്ന ഏറെ സങ്കീർണ്ണതകളുള്ള ഒരു കഥാപാത്രമാണതെന്ന്” അദ്ദേഹം പറയുന്നു.
“ഓരോ സീനും ചിത്രീകരിക്കുന്നതിന് മുൻപ്, ആ സീനിന് മുമ്പും ശേഷവും എന്താണ് സംഭവിക്കുകയെന്നും, സീനിന്റെ മൂഡിനെ കുറിച്ചും സംവിധായകൻ ജിതിൻ ലാലിനോടും തിരക്കഥാകൃത്ത് സുജിത്ത് നസ്യാരോടും ചോദിച്ച് മനസ്സിലാക്കുമായിരുന്നു. ചാത്തൂട്ടി നമ്പ്യാരുടെ ഉളളിലെ പകയും ധാർഷ്ട്യവുമൊക്കെ പുറത്തേക്ക് വരാതെ, വികാരങ്ങൾ ഉള്ളിൽ തന്നെ ഒതുക്കി പെർഫോം ചെയ്യാനാണ് ശ്രമിച്ചത്.” എന്നും അദ്ദേഹം പറഞ്ഞു.
നവാഗതനായ അനീഷ് ജോസ് മൂത്തേടൻ സംവിധാനം ചെയ്യുന്ന ആബേലാണ് നിസ്താറിന്റേതായി അടുത്തത് വരാനുള്ള ചിത്രം. സൗബിൻ ഷാഹിർ നായകനാകുന്ന ചിത്രത്തിൽ സൗബിൻ്റെ അച്ഛനായി മുഴുനീള വേഷത്തിലാണ് നിസ്താർ എത്തുന്നത്. നവാഗതനായ പ്രവീൺ നാരായണന്റെ സംവിധാനത്തിൽ സുരേഷ് ഗോപി നായകനായുന്ന ‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഒഫ് കേരള’ എന്ന സിനിമയാണ് നിസ്താർ അഭിനയിച്ച് ചിത്രീകരണം പൂർത്തിയായ മറ്റൊരു ചിത്രം. കൂടാതെ, മലയാളത്തിലും, മറ്റ് ഭാഷകളിലുമായി ചില വെബ് സീരീസുകളിലും നിസ്താർ അഭിനയിക്കുന്നുണ്ട്. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടരുതെന്നുള്ളത് കൊണ്ട് വളരെ സൂക്ഷിച്ച് മാത്രമേ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുകയുള്ളുവെന്ന തീരുമാനത്തിലാണ് നിസ്താർ.