Vala Zombie Movie : ‘ഇതെന്താ സോംബി സീസണോ?’; അരുൺ ചന്തുവിൻ്റെ ‘വല’ ഉടൻ; ക്രിയേറ്റിവ് ടൈറ്റിൽ റിലീസുമായി അജു വർഗീസും ഗോകുൽ സുരേഷും
Next Zombie Movie From Malayalam Titled Vala : മലയാളത്തിൽ നിന്നുള്ള അടുത്ത സോംബി സിനിമ പ്രഖ്യാപിച്ചു. വല എന്നാണ് സിനിമയുടെ പേര്. ഗഗനചാരി എന്ന സിനിമയൊരുക്കിയ അരുൺ ചന്തുവിൻ്റെ രണ്ടാം ചിത്രമാണ് വല.
‘ഗഗനചാരി’ എന്ന പരീക്ഷണചിത്രത്തിലൂടെ ശ്രദ്ധേയനായ അരുൺ ചന്തുവിൻ്റെ അടുത്ത സിനിമ പ്രഖ്യാപിച്ചു. അജു വർഗീസും ഗോകുൽ സുരേഷും ചേർന്നാണ് സിനിമയുടെ ടൈറ്റിൽ റിലീസ് നടത്തിയത്. ‘വല’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മലയാളത്തിലെ അടുത്ത സോംബി സിനിമയാണ്. കഴിഞ്ഞ ദിവസമാണ് മലയാളത്തിലെ ആദ്യ സോംബി സിനിമ എന്ന പേരിൽ ‘മട്ടാഞ്ചേരി മാഫിയ’ എന്ന സിനിമയുടെ പോസ്റ്റർ പുറത്തിറങ്ങിയത്. നവാഗതനായ ആൽബി പോളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ’മട്ടാഞ്ചേരി മാഫിയ’യുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് വല സിനിമയും പ്രഖ്യാപിക്കപ്പെട്ടത്.
തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ട വിഡിയോയിലാണ് അജു വർഗീസ്, ഗോകുൽ സുരേഷ്, അനാർക്കലി മരിക്കാർ, സംവിധായകൻ അരുൺ ചന്തു എന്നിവർ ചിത്രം പ്രഖ്യാപിച്ചത്. ഗഗനചാരി എന്ന സിനിമയിലെയും പ്രധാന താരങ്ങൾ ഇവരായിരുന്നു. ‘വല’ പ്രഖ്യാപന വിഡിയോയിൽ ഈ നാല് പേരും പങ്കായതുകൊണ്ട് തന്നെ ഇവർ തന്നെയാവും പുതിയ സിനിമയിലെയും പ്രധാന അഭിനേതാക്കളെന്നാണ് സൂചന.
Also Read : B Sukumar : ബി സുകുമാർ സിനിമ വിടുന്നു?; പുഷ്പ സംവിധായകൻ്റെ വെളിപ്പെടുത്തൽ ചർച്ചയാവുന്നു
അരുൺ ചന്തുവിൻ്റെ പുതിയ സിനിമയുടെ കഥ കേൾക്കാൻ അജു വർഗീസും ഗോകുൽ സുരേഷും ഒരിടത്തേക്ക് പോകുന്നതിലാണ് വിഡിയോ തുടങ്ങുന്നത്. കാറിനുള്ളിലിരുന്ന് ഇരുവരും സിനിമയെപ്പറ്റി സംസാരിക്കുന്നുണ്ട്. അരുണിൻ്റെ അടുത്ത സിനിമ സോംബി ആണെന്ന് ഗോകുൽ പറയുമ്പോൾ ഒരു ഫീൽ ഗുഡ് സോംബി സിനിമ എടുക്കാൻ താൻ അരുണിനോട് പറഞ്ഞിരുന്നു എന്ന് അജു മറുപടി പറയുന്നു. യാത്ര ചെയ്ത് ഈ സ്ഥലത്തെത്തുമ്പോൾ ഇവരെ സോംബികൾ ആക്രമിക്കുകയാണ്. ഇതിനിടെയാണ് ഗോകുൽ സുരേഷ് സിനിമയുടെ പേര് വെളിപ്പെടുത്തുന്നത്.
വിഡിയോ കാണാം :
View this post on Instagram
അണ്ടർഡോഗ്സ് എൻ്റർടെയിന്മെൻ്റ്സിൻ്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്. ലെറ്റേഴ്സ് എൻ്റർടെയിന്മെൻ്റ്സാണ് സഹനിർമ്മാണം. ശങ്കർ ശർമ്മയാണ് സംഗീതം ഒരുക്കുന്നത്. സിനിമയുടെ മറ്റ് വിവരങ്ങൾ പുറത്തറിഞ്ഞിട്ടില്ല.
ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസ്സൻ എന്നിവർ ചേർന്നാണ് ‘മട്ടാഞ്ചേരി മാഫിയ’ നിർമിക്കുന്നത്. ടോവിനോ തോമസ് – അനുരാജ് മനോഹർ സിനിമ ‘നരിവേട്ട’ ഇന്ത്യൻ സിനിമാ കമ്പനിയാണ് നിർമ്മിക്കുന്നത്.
ഡിസ്ടോപ്പിയൻ ഏലിയൻ ഗണത്തിൽപെടുന്ന മലയാളത്തിലെ ആദ്യ ചിത്രമായിരുന്നു ഗഗനചാരി. മോക്കുമെൻ്ററി ശൈലിയിൽ ചിത്രീകരിച്ച സിനിമ മലയാളത്തിൽ ആദ്യത്തെ പരീക്ഷണവുമായിരുന്നു. ഈ വർഷം ജൂണിൽ തീയറ്ററുകളിലെത്തിയ സിനിമ പിന്നീട് ആമസോൺ പ്രൈമിലൂടെ ഒടിടിയിലെത്തി. ഒടിടിയിൽ പ്രദർശിപ്പിച്ചുതുടങ്ങിയതോടെ സിനിമയ്ക്ക് ശ്രദ്ധ ലഭിച്ചിരുന്നു.
2043 ലെ സാങ്കൽപിക കേരമായിരുന്നു ഗഗനചാരിയുടെ പശ്ചാത്തലം. പഴയ ഏലിയൻ ഹണ്ടർ വിക്ടർ വാസുദേവനെക്കുറിച്ച് ഒരു ഡോക്യുമെൻററി എടുക്കാനായി ഒരു സംഘം ചെറുപ്പക്കാർ എത്തുന്നതിൽ നിന്നാണ് കഥ തുടങ്ങുന്നത്. ഇതിനിടെ ഒരു അന്യഗ്രഹ ജീവിയും എത്തുന്നു. ഇവിടെനിന്ന് കഥ വികസിക്കുകയാണ്. വിവിധ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച് വിവിധ പുരസ്കാരങ്ങൾ ലഭിച്ചതിന് ശേഷമാണ് ഗഗനചാരി തീയറ്റർ റിലീസായത്. അജു വർഗീസ്, അനാർക്കലി മരിക്കാർ, ഗോകുൽ സുരേഷ് എന്നിവർക്കൊപ്പം കെബി ഗണേഷ് കുമാറും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.