National Violin Day 2024: വയലിനെ പ്രാണനുതുല്യം സ്‌നേഹിച്ചിരുന്നയാള്‍; ബാലുവിന്റെ ഓര്‍മയില്‍ നീറുന്ന മറ്റൊരു വയലിന്‍ ദിനം
Violinist Balabhaskar: ബാലുവിന്റെ ശരീരം മാത്രമേ വിടവാങ്ങിയിട്ടുള്ളു, അദ്ദേഹം തീര്‍ത്ത സംഗീതവും ഓര്‍മകളും എക്കാലവും മായാതെ മറയാതെ നില്‍ക്കും. തന്റെ മൂന്നാം വയസില്‍ കളിപ്പാട്ടമായി കിട്ടിയ വയലിനെ ബാലു മരണം വരെയും സ്‌നേഹിച്ചു. മരണത്തിനപ്പുറം ആ വയലിനും അതില്‍ ബാലു തീര്‍ത്ത സംഗീതവും ജനങ്ങളില്‍ ബാലുവിനോടുള്ള സ്‌നേഹം വര്‍ധിപ്പിക്കുന്നു.
ഡിസംബര്‍ 13ന് എല്ലാ വര്‍ഷവും ദേശീയ വയലില്‍ ദിനമായി ആചരിക്കുന്നു. സംഗീതത്തിലുള്ള വയലിന്റെ സ്വാധീനവും പ്രാധാന്യവും ഓര്‍മിക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. എന്നാല്‍ എങ്ങനെയാണ് ദേശീയ വയലിന്‍ ദിനം ഉത്ഭവിച്ചതെന്ന കാര്യത്തില്‍ ഇന്നും വ്യക്തതയില്ല.
പതിനാറാം നൂറ്റാണ്ടില്‍ ഇറ്റലിക്കാരിയായ ആന്‍ഡ്രിയ അമതിയാണ് ആദ്യമായി വയലിന്‍ നിര്‍മിക്കുന്നത്. പിന്നീട് അമതിയുടെ വിദ്യാര്‍ഥികളായ അന്റോണിയോ സ്ട്രാഡിവാരിയും ആന്‍ഡ്രിയ ഗ്വാര്‍നേരിയും വയലിന്‍ ശബ്ദത്തില്‍ മാറ്റങ്ങള്‍ വരുത്തി. ടര്‍ക്കിഷ്, മംഗോളിയന്‍ കുതിരപ്പടയാളികളാണ് ലോകത്തിലെ ആദ്യത്തെ വയലിനിസ്റ്റുകളെന്നാണ് വിശ്വാസം. കുതിരമുടി കൊണ്ടുള്ള വില്ലു വടികള്‍ ഉപയോഗിച്ചായിരുന്നു ഇവര്‍ ശബ്ദം പുറപ്പെടുവിച്ചിരുന്നത്. എന്നാല്‍ കുതിര രോമം ഉപയോഗിക്കുന്നതില്‍ ഇന്നും മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല. വയലിനിലും അതില്‍ ഘടിപ്പിച്ചിരിക്കുന്ന വില്ലിലും കുതിര രോമം ഇന്നും ഉപയോഗിക്കുന്നു.
എന്നാല്‍ വയലിനെന്ന് പറയുമ്പോള്‍ തന്നെ നമ്മള്‍ മലയാളികളുടെ മനസിലേക്ക് ഓടി എത്തുന്നത് അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മുഖമാണ്. സംഗീതമെന്ന മൂന്നക്ഷരത്തിലായിരുന്നു അദ്ദേഹം തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. വയലിന്‍ കമ്പികള്‍ കൊണ്ട് മാജിക് തീര്‍ത്തിരുന്ന ബാലഭാസ്‌കര്‍ സംഗീത ലോകത്തോട് യാത്ര പോലും പറയാതെയാണ് പടിയിറങ്ങിയത്.
2018 സെപ്റ്റംബര്‍ 25ന് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടതെന്ന വാര്‍ത്ത കേട്ടാണ് കേരളം ഉണരുന്നത്. ബാലഭാസ്‌കര്‍ തിരികെയെത്തുമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു സംഗീത ലോകവും കേരളവും. എന്നാല്‍ എല്ലാ പ്രാര്‍ത്ഥനകളെയും വിഫലമാക്കി കൊണ്ട് ബാലു ഓര്‍മയായി. ഒക്ടോബര്‍ രണ്ടിനാണ് ബാലു ഈ ലോകത്തോട് വിടപറയുന്നത്.
ബാലുവിന്റെ ശരീരം മാത്രമേ വിടവാങ്ങിയിട്ടുള്ളു, അദ്ദേഹം തീര്‍ത്ത സംഗീതവും ഓര്‍മകളും എക്കാലവും മായാതെ മറയാതെ നില്‍ക്കും. തന്റെ മൂന്നാം വയസില്‍ കളിപ്പാട്ടമായി കിട്ടിയ വയലിനെ ബാലു മരണം വരെയും സ്‌നേഹിച്ചു. മരണത്തിനപ്പുറം ആ വയലിനും അതില്‍ ബാലു തീര്‍ത്ത സംഗീതവും ജനങ്ങളില്‍ ബാലുവിനോടുള്ള സ്‌നേഹം വര്‍ധിപ്പിക്കുന്നു.
വയലിന്‍ എന്ന് വെറും വാക്കില്‍ പറയാന്‍ സാധിക്കില്ല, ബാലഭാസ്‌കറിന്റെ കൈവശമായിരിക്കും ഇത്രയേറെ വ്യത്യസ്തമായ വയലിനുകള്‍ നമ്മള്‍ കണ്ടിട്ടുണ്ടാവുക. കേരളത്തില്‍ ആദ്യമായി ഇലക്ട്രിക് വയലിന്‍ പരിചയപ്പെടുത്തിയത് അദ്ദേഹമായിരുന്നു. ആ വയലിനുകളില്‍ ബാലു തീര്‍ക്കുന്ന ഇന്ദ്രജാലം കാണികളുടെ കണ്ണും മനസും ഒരുപോലെ നിറയ്ക്കും.
ഫ്യൂഷന്‍ സംഗീതത്തിന്റെ വര്‍ണപകിട്ടുകളെയാണ് ബാലു സംഗീതാസ്വാദകരെ പരിചയപ്പെടുത്തിയത്. ഏത് ഗാനവും വളരെ നിസാരമെന്ന് തോന്നും മട്ടിലാണ് ഈ വയലിനില്‍ നിന്ന് ജനിക്കാറുള്ളത്. എങ്ങനെ ഇത്ര നിഷ്പ്രയാസം ഗാനങ്ങള്‍ അവതരിപ്പിക്കുന്നു എന്ന ചോദ്യത്തിന് ആത്മവിശ്വാസം നിറഞ്ഞൊരു മറുപടിയും ബാലുവിനുണ്ടായിരുന്നു. വയലിനെ തനിക്ക് പേടിയില്ലെന്നാണ് അദ്ദേഹം പറയാറുള്ളത്.
മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകന്‍ എന്ന ബഹുമതിയും ബാലുവിന് സ്വന്തമാണ്. വെറും പതിനേഴാമത്തെ വയിലാണ് മംഗല്യപ്പല്ലക്ക് എന്ന ചിത്രത്തിന് വേണ്ടി ബാലു ഈണം ഒരുക്കുന്നത്. എന്നാല്‍ സിനിമയില്‍ ഒതുങ്ങി നില്‍ക്കാന്‍ ബാലു ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. വയലിനിന്റെ അനന്ത സാധ്യതകള്‍ തേടി അദ്ദേഹം അലഞ്ഞു.
40 വയസിനുള്ളില്‍ ഒരു കലാകാരന് എത്തിപ്പെടാന്‍ സാധിക്കുന്ന ഉയരങ്ങളിലേക്ക് അദ്ദേഹം വളര്‍ന്നിരുന്നു. യേശുദാസ്, കെഎസ് ചിത്ര, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ശിവമണി, കലാമണ്ഡലം ഹൈദരലി തുടങ്ങി നിരവധി പ്രമുഖരോടൊപ്പം ബാലു വേദി പങ്കിട്ടിട്ടുണ്ട്. എല്ലാത്തിനെയും ചെറു പുഞ്ചിരിയോടെ മാത്രം നേരിട്ടിരുന്ന ബാലു തനിക്ക് പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞും ശ്രദ്ധ നേടിയിരുന്നു.
സംഗീതം കൊണ്ട് വിസ്മയം തീര്‍ത്ത ആ കലാകാരന്‍ സംഗീത പ്രേമികളുടെ മനസില്‍ ഇന്ന് തീരാവേദനയാണ്. മരിച്ച് ഇത്രയും വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ബാലുവും അദ്ദേഹത്തിന്റെ സംഗീതവും മരണവുമെല്ലാം നിഗൂഢമായി തന്നെ തുടരുന്നു.