Hema Committe Report : ഓഡീഷനിലും അതിക്രമം; ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ചർച്ചയായ വീഡിയോ
Hema Committee Report Updates: അത്യാവശ്യം നല്ല പൊക്കവും തടിയുമുണ്ട്. എത്ര തട്ടി മാറ്റിയിട്ടും അയാൾ പോകുന്നുണ്ടായിരുന്നില്ല, വീഡിയോയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായാണ് കഴിഞ്ഞ ദിവസം ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തു വന്നത്. സിനിമ മേഖലകളിൽ സ്ത്രീകൾ നേരിടുന്ന ക്രൂരതകൾ വ്യക്തമാക്കുന്ന റിപ്പോർട്ടിനു പിന്നാലെ വലിയ രീതിയിലുള്ള ചർച്ചകളാണ് സൈബർ ഇടത്ത് നടക്കുന്നത്. ഇതിനിടെയിൽ ഇപ്പോഴിതാ ഒരു പുതുമുഖ താരത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ഒരു ചിത്രത്തിൻ്റെ ഓഡിഷനെത്തിയപ്പോഴുണ്ടായ കാസ്റ്റിംഗ് കൗച്ച് ദുരനുഭവം തുറന്നുപറയുന്നു യുവനടിയുടെ വീഡിയോ ആണ് പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്. 24 ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ: ”ഒരു ചില്ലിട്ട റൂമിലായിരുന്നു ഓഡിഷൻ നടക്കുന്നത്. അര മണിക്കൂറോളം ഇയാളെന്നെ ഓഡിഷൻ ചെയ്യിപ്പിക്കുന്നുണ്ട്. കുറെ ഷൂട്ടിനു ശേഷം ഇയാളെന്റെടുത്ത് പറഞ്ഞു, മുടി പാറിയിട്ടുണ്ട്, അത് ഡ്രസിംങ് റൂമിൽ പോയി ശരിയാക്കിയിട്ട് വരൂ എന്ന് പറഞ്ഞു, ഒക്കെ സാർ ഡ്രസിംങ് റൂമിൽ പോയ ഉടൻ ഇയാൾ പിന്നാലെ വന്ന് പുറകിൽ നിന്ന് കടന്നു പിടിക്കുകയായിരുന്നു. അത്യാവശ്യം നല്ല പൊക്കവും തടിയുമുണ്ട്. എത്ര തട്ടി മാറ്റിയിട്ടും അയാൾ പോകുന്നുണ്ടായിരുന്നില്ല.- 24 ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
അയാൾ എന്നോട് പറഞ്ഞു ഇപ്പോ ഒന്ന് മനസ് വെച്ചാൽ മഞ്ജു വാര്യരുടെ മോളായായിരിക്കും സ്ക്രീനിൽ ആളുകൾ കാണുക . നമ്മുടെ അവസ്ഥയെ മുതലാക്കുന്ന തരത്തിലായിരുന്നു. ഒന്നും അറിയേണ്ട, അമ്മയും അനിയത്തിയും പുറത്തിരുന്നോട്ടെ, പത്ത് മിനിട്ട് ഇവിടെ നിന്നാൽ മതിയെന്ന് പറഞ്ഞു. കരയാൻ തുടങ്ങിയ ഞാൻ അയാളുടെ ക്യാമറ തട്ടിത്താഴെയിടാൻ നോക്കി. അയാളുടെ ശ്രദ്ധ മാറിയ സമയത്ത് ഞാൻ അവിടെ നിന്ന് പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു”. അതേസമയം ലൂസിഫറിൻ്റെ ചിത്രീകരണം നടന്ന സ്ഥലങ്ങളിലും ഹേമ കമ്മിറ്റി സന്ദർശനം നടത്തിയിരുന്നു. ഇവിടെ ഡബ്ബിങ്ങ് ആർട്ടിസ്റ്റുകളും, സാങ്കേതിക വിദഗ്ധരും ചില പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
മലയാള സിനിമയില്‍ ‘കാസ്റ്റിംഗ് കൗച്ച്’ നടക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുന്ന റിപ്പോർട്ട് ആയിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. നിരവധി പേര്‍ കമ്മിറ്റിക്ക് മുന്നില്‍ മൊഴിനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഹോട്ടൽ മുറികളിൽ ഒറ്റയ്ക്ക് നിൽക്കുന്ന നടിമാരുടെ വാതില്‍ മുട്ടുന്നത് പതിവാണെന്നും, വാതില്‍ തുറന്നില്ലെങ്കില്‍ ശക്തമായി ഇടിക്കുമെന്നും നടിമാർ മൊഴി നൽകി.